
ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്ന ഒരുപാട് വിദേശികളുണ്ട്. അതുപോലെ തന്നെ സൗത്ത് ഇന്ത്യൻ ഭക്ഷണമായ ദോശയും, ഇഡലിയും, അപ്പവുമെല്ലാം ഇഷ്ടപ്പെടുന്നവരും ഉണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണറായ സൈമൺ വോങ് ആണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. അപ്പം കഴിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. നമസ്തേ ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടാണ് വോങ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത് തന്നെ. അപ്പം കഴിക്കുകയാണ് എന്നും അതിന് വീട്ടിലെ ഭക്ഷണത്തിന്റെ അതേ രുചിയാണ് എന്നുമാണ് വോങ് കുറിച്ചിരിക്കുന്നത്.
ഒപ്പം ഭക്ഷണത്തിന്റെ മുന്നിലിരിക്കുന്ന ചിത്രവും വിഭവങ്ങളുടെ ചിത്രവും അദ്ദേഹം ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്നാണ് വോങ്ങിന്റെ ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ദക്ഷിണേന്ത്യൻ വിഭവങ്ങളോടുള്ള അദ്ദേഹത്തിന്റെ ഈ ഇഷ്ടം ആളുകളെ ആകർഷിച്ചു. 24,000 പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്. അതുപോലെ, നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
അപ്പവും ദോശയും പോലെയുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങൾ പലപ്പോഴും രുചികരം എന്നതുപോലെ തന്നെ ആളുകളിൽ വീട്ടിലെ ഭക്ഷണം എന്ന ഗൃഹാതുരത ഉണർത്താറുണ്ട്. ഇന്ത്യ സന്ദർശിക്കുന്ന പലരും ഈ വിഭവങ്ങൾ കഴിച്ചുനോക്കാനും ഇഷ്ടപ്പെടാറുണ്ട്. വോങ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ ഇന്ത്യയിലെയും സിംഗപ്പൂരിലെയും ഭക്ഷണത്തിലെ സാമ്യതകളെ കുറിച്ചും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. അതുപോലെ തന്നെ സിംഗപ്പൂരിലും പല കടകളിലും ഇപ്പോൾ നല്ല അപ്പം ലഭ്യമാണ് എന്നും ആളുകൾ സൂചിപ്പിച്ചിട്ടുണ്ട്. താൻ ആദ്യമായി അപ്പം കഴിച്ചത് സിംഗപ്പൂരിൽ വച്ചാണ് എന്ന് ഒരാൾ കമന്റ് ചെയ്തിരിക്കുന്നതും കാണാം.