
ടിപ്പ് നൽകുക എന്നത് ഇന്ത്യയിലെ പല നഗരങ്ങളിലും ദിവസേന പലരും ചെയ്യുന്ന ഒരു കാര്യമാണ്. അതിപ്പോൾ റെസ്റ്റോറന്റുകളിലാവട്ടെ, ഓൺലൈൻ ടാക്സി ഡ്രൈവർമാരാവട്ടെ ഇവർക്കെല്ലാം ആളുകൾ ടിപ്പുകൾ നൽകാറുണ്ട്. എന്നാൽ, കാൺപൂരിൽ ടിപ് നൽകിയിട്ടും വാങ്ങാൻ കൂട്ടാക്കാത്ത ഒരു റാപ്പിഡോ റൈഡറിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. @shydev69 എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ടെക്കിയായ ആയുഷ് സിംഗ് എന്ന യുവാവാണ് തന്റെ അനുഭവം വിവരിക്കുന്നത്.
കാൺപൂരിൽ നിന്നും അടുത്തിടെ ഒരു റാപ്പിഡോ റൈഡറിൽ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ചാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കാൺപൂരിൽ ടിപ്പ് നൽകുന്ന സംസ്കാരം ഇതുവരെ എത്തിയിട്ടില്ല എന്നാണ് തോന്നുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ട്രിപ്പിന് 55 രൂപയാണ് ചാർജ്ജ് വന്നത്. എന്നാൽ, ആയുഷ് ഡ്രൈവർക്ക് 55 -ന് പകരം 60 രൂപയാണ് നൽകിയത്. എന്നാൽ, അധികമായി നൽകിയ അഞ്ച് രൂപ വാങ്ങാൻ ഡ്രൈവർ കൂട്ടാക്കിയില്ലത്രെ. മാത്രമല്ല, അതിനെ കുറിച്ച് തന്നോട് പരാതി പറഞ്ഞു എന്നും ആയുഷ് കുറിക്കുന്നു.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വിവിധ നഗരങ്ങളിൽ ടിപ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് കമന്റ് ബോക്സിൽ ഉയർന്നത്. കാൺപൂരിൽ വച്ച് തനിക്കും സമാനമായ അനുഭവമുണ്ടായി എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. മറ്റൊരാൾ കുറിച്ചിരിക്കുന്നത്, ഡെൽഹിയിലാണെങ്കിൽ 60 -ന് പകരം 80 രൂപയെങ്കിലും വാങ്ങിയേനെ എന്നാണ്. അതേസമയം, അഞ്ച് രൂപ കൊടുത്താൽ ഇന്ന് യാചകർ പോലും അത് സ്വീകരിക്കില്ല. പകരം 10 രൂപ ഇങ്ങോട്ട് തരും എന്നാണ് മറ്റ് ചിലർ പറഞ്ഞത്.