സ്കൂൾബസില്ല, ഒടുവിൽ കുതിരപ്പുറത്ത് സ്കൂളിൽ പോയി 12 വയസുകാരൻ

By Web TeamFirst Published Feb 13, 2021, 8:45 AM IST
Highlights

നേരത്തെ അവൻ സൈക്കിളിലാണ് സ്കൂളിൽ പോയിരുന്നത്. എന്നാൽ, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വണ്ടി ഓടിച്ച് പോകുമ്പോൾ പലപ്പോഴും വീഴുകയും പരിക്കേൽക്കുകയും ചെയ്യുമായിരുന്നു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ തുറന്നതോടെ കാര്യങ്ങൾ വീണ്ടും സാധാരണ നിലയിലേക്ക് മാറുകയാണ്. എന്നിരുന്നാലും, പലയിടത്തും ഇപ്പോഴും സ്കൂൾ ബസുകൾ ഓടാൻ തുടങ്ങിയിട്ടില്ല. ഇത് ദൂരെ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. മധ്യപ്രദേശിലെ ഖണ്ട്വയിൽ നിന്നുള്ള ഒരു 12 വയസ്സുകാരനും ഇതേ പ്രശ്‌നം നേരിടുകയുണ്ടായി. എന്നാൽ, അതിന് അവൻ കണ്ടെത്തിയ പരിഹാരം പക്ഷേ തീർത്തും അവിശ്വസനീയമാണ്. സ്കൂളിൽ പോകാൻ ഒരുപാട് ഇഷ്ടമുള്ള ശിവരാജ് ഇപ്പോൾ എല്ലാ ദിവസവും സ്കൂളിൽ പോകുന്നത് കുതിരപ്പുറത്താണ് എന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. "ബസിലെങ്കിലെന്താ, ഞാൻ കുതിരപ്പുറത്ത് പോകും" അവൻ പറഞ്ഞു.  

ഖണ്ട്വ ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് ബോറാഡി മാൾ. അവിടെ താമസിക്കുന്ന ദേവ്രാം യാദവ് എന്ന കർഷകന്റെ മകനാണ് ശിവരാജ്. തന്റെ ഗ്രാമത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ഒരു സ്കൂളിൽ അഞ്ചാം ക്ലാസിലാണ് അവൻ പഠിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം സ്കൂൾ വീണ്ടും തുറന്നപ്പോൾ ശിവരാജിന് സ്കൂളിൽ പോകാൻ ഒരു മാർഗവുമില്ലാതായി. കുറച്ച് കാലം മുൻപ് ശിവരാജിന്റെ പിതാവ് ഒരു കുതിരയെ വാങ്ങിയിരുന്നു. ശിവരാജ് കുതിരയുമായി നല്ല കൂട്ടാണ്. യാത്ര ചെയ്യാൻ മറ്റ് മാർഗങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ, കുതിരപ്പുറത്ത് ഇരുന്ന് ദിവസവും സ്കൂളിൽ പോകട്ടെയെന്ന് ശിവരാജ് പിതാവിനോട് ചോദിച്ചു. അദ്ദേഹം അതിന് സമ്മതം മൂളുകയും ചെയ്തു.

നേരത്തെ അവൻ സൈക്കിളിലാണ് സ്കൂളിൽ പോയിരുന്നത്. എന്നാൽ, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വണ്ടി ഓടിച്ച് പോകുമ്പോൾ പലപ്പോഴും വീഴുകയും പരിക്കേൽക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് തന്റെ കുതിരയായ രാജയെ സ്കൂളിൽ കൊണ്ടുപോകാമെന്ന്  അവൻ തീരുമാനിച്ചത്. ശിവരാജ് ക്ലാസിൽ ഇരിക്കുമ്പോൾ കുതിര വയലിൽ അവനെ കാത്തുനിൽക്കും. ഇപ്പോൾ സ്‌കൂളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയപ്പെട്ടവനാണ് രാജ. എല്ലാ ദിവസവും മുടങ്ങാതെ സ്കൂളിൽ പോകുന്ന ശിവരാജ് വളരെ കഴിവുള്ളവനും പഠനത്തിൽ മിടുക്കനുമാണെന്ന് അവന്റെ സ്കൂളിലെ അധ്യാപകർ പ്രശംസിച്ചു. മകന്റെ പഠനത്തോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ പിതാവ് തങ്ങളെ കൊണ്ടാവും വിധത്തിലെല്ലാം അവനെ പഠിപ്പിക്കുമെന്ന് പറയുന്നു.  

click me!