ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഉദ്യോ​ഗസ്ഥ? ആരാണ് ഡിഐജി അപർണ കുമാർ?

Published : Feb 12, 2021, 02:55 PM IST
ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഉദ്യോ​ഗസ്ഥ? ആരാണ് ഡിഐജി അപർണ കുമാർ?

Synopsis

കർണാടകയിലെ ശിവമോഗയിലാണ് അപർണ ജനിച്ചത്. 2002 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവീസ് ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥയാണ് അവർ. 

ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ ദുരന്തത്തെത്തുടർന്ന് തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നു വരികയാണ്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിലാണ്. ഈ ടീമിനെ നയിക്കുന്നത് ഐപിഎസ് ഉദ്യോഗസ്ഥയായ അപർണ കുമാറാണ്. ഒരുപക്ഷേ ഈ പേര് പലരും ഓർക്കുന്നുണ്ടാകും. രണ്ടുവർഷം മുൻപ് വർത്തകളിലെല്ലാം നിറഞ്ഞ് നിന്നിരുന്ന ഒരു പേരാണ് അത്. എന്തിനെന്നല്ലേ? ഒരു ഐ‌പി‌എസ് ഉദ്യോഗസ്ഥ മാത്രമല്ല, പേരുകേട്ട ഒരു പർവതാരോഹക കൂടിയാണ് ഈ 45 -കാരി. 2019 -ൽ ലോകത്തെ ഏഴുകൊടുമുടികളും കീഴടക്കുന്ന ആദ്യ ഐപിഎസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിനെയും മൈനസ് 40 ഡിഗ്രി വരുന്ന കാലാവസ്ഥയെയും അതിജീവിച്ചാണ് അന്ന് അവർ കൊടുമുടി കീഴക്കിയത്.

അങ്ങനെ ലോകത്തിലെ ഏറ്റവും ഉയർന്ന ഏഴ് കൊടുമുടികളിൽ അപർണ കുമാർ രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തി. എവറസ്റ്റ്, കിളിമഞ്ചാരോ, എൽബ്രസ്, കാർസ്റ്റെൻസ് പിരമിഡ്, വിൻസൺ മാസിഫ്, അക്കോൺകാഗ്വ, ദീനാലി തുടങ്ങിയ കൊടുമുടികളാണ് അവർ കീഴടക്കിയത്. ഈ കൊടുമുടികളെല്ലാം ഏഴ് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ്. അവയെ സെവൻ സമ്മിറ്റ്സ് എന്നും വിളിക്കുന്നു. ഇത് കൂടാതെ, 2019 -ൽ നിരവധി കിലോമീറ്റർ നടന്ന് അവർ വിജയകരമായി ദക്ഷിണധ്രുവത്തിലെത്തി. അന്റാർട്ടിക്കയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും തെക്കേ അറ്റമാണ് അത്. നിരവധി കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും വഹിച്ചാണ് അവർ യാത്ര ചെയ്തത്. അങ്ങനെ ദക്ഷിണധ്രുവം കീഴടക്കിയ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും ഐടിബിപി ഉദ്യോഗസ്ഥയുമായി അവർ മാറി.  

2002 -ൽ ആദ്യമായി മഞ്ഞുമൂടിയ പർവതങ്ങൾ കണ്ടപ്പോഴാണ് അവർക്ക് പർവതാരോഹണത്തിനായുള്ള ആഗ്രഹം തോന്നിയത് എന്നവർ ഒരു അഭിമുഖത്തിൽ പറഞ്ഞു. അക്കാലത്ത് അവർ മുസ്സൂറിയിലെ അഡ്മിനിസ്ട്രേറ്റീവ് സർവീസസിൽ പരിശീലനം നേടുകയായിരുന്നു. മല കയറാൻ അവരുടെ മനസ്സ് ആഗ്രഹിച്ചു. ആദ്യനീക്കം നടത്താൻ 11 വർഷമെടുത്തു. 2013 -ലാണ് അവർ പർവതാരോഹണ ഫൗണ്ടേഷന്റെ കോഴ്‌സ് എടുക്കുന്നത്. അക്കാലത്ത് അവർക്ക് 39 വയസ്സായിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഉത്തർപ്രദേശിൽ ഒരു പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി) ബറ്റാലിയനിൽ കമാൻഡർ ആയിരിക്കുമ്പോഴാണ് പർവതാരോഹണത്തിനായുള്ള ആദ്യ ശ്രമം നടത്തുന്നത്. “ഞാൻ എന്റെ വിപുലമായ പർവതാരോഹണ കോഴ്‌സ് 2014 ജൂലൈയിലാണ് ചെയ്തത്. അതിനുശേഷം തിരിഞ്ഞുനോക്കിയിട്ടില്ല” അവർ പറഞ്ഞു.

ഐടിബിപിയുടെ ഡിഐജിയാണ് (ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ) അപർണ. കർണാടകയിലെ ശിവമോഗയിലാണ് അപർണ ജനിച്ചത്. 2002 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവീസ് ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥയാണ് അവർ. കർണാടകയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇതിനുശേഷം അവർ ബി‌എ-എൽ‌എൽ‌ബി പഠിച്ചു. ഭർത്താവ് സഞ്ജയ് കുമാറും യുപി കേഡറിലെ ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ്. 2019 -ൽ അപർണയുടെ നേട്ടങ്ങൾക്ക് പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ടെൻസിംഗ് നോർഗെ ദേശീയ സാഹസിക അവാർഡ് നൽകി ആദരിച്ചിരുന്നു. കായികമേഖലയിൽ അർജുന അവാർഡിന് തുല്യമാണ് ഈ അവാർഡ്. കൂടാതെ, തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അകോൺകാഗ്വ കീഴടക്കിയതിന് അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് അവർക്ക് റാണി ലക്ഷ്മിബായ് അവാർഡും നൽകിയിരുന്നു.

ഫെബ്രുവരി ഏഴിനാണ് ഹിമാനി തകർന്ന് അളകനന്ദ നദിയിൽ മിന്നൽ വെള്ളപ്പൊക്കമുണ്ടാകുന്നത്. അതിർത്തി ജില്ലയായ ചമോലിയിലെ നിരവധി ഗ്രാമങ്ങളും രണ്ട് ജലവൈദ്യുത നിലയങ്ങളെയും അതിൽ നശിച്ചു. നൂറ്റിയെഴുപതോളം പേരെ ഇപ്പോഴും കാണാനില്ല. ഇതുവരെ 35 മൃതദേഹങ്ങൾ കണ്ടെടുത്തു. ജോഷിമത്ത് ആസ്ഥാനമായുള്ള ഒന്നാം ഐടിബിപി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ ബെനുധർ നായക്കാണ് അപർണയെ ഈ ദൗത്യത്തിൽ സഹായിക്കുന്നത്. ദുരന്തം സംഭവിച്ച ദിവസം മുതൽ ഈ ഉദ്യോഗസ്ഥരെല്ലാം ഈ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താൻ അവർ അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കയാണ്.  

PREV
click me!

Recommended Stories

ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട, വിവാഹിതയായ സ്ത്രീ തന്നെയാണ് അത് തീരുമാനിക്കേണ്ടത്- കോടതി
ഒരുമാസം ചൈനീസ് ജാസ്മിൻ കോഫി മാത്രം കുടിച്ചാൽ എന്ത് സംഭവിക്കും; ഈ ഇന്ത്യൻ യുവാവിന്റെ അനുഭവം പറയും