'13 ദിവസത്തെ ന്യൂസിലാൻഡ് ഹണിമൂൺ ട്രിപ്പിന് ചെലവ് 6 ലക്ഷത്തോളം!' ഇന്ത്യൻ ദമ്പതികളുടെ ബജറ്റ് പ്ലാൻ വൈറൽ

Published : Aug 29, 2026, 02:34 PM IST
New Zealand

Synopsis

ന്യൂസിലാൻഡിലേക്കുള്ള 13 ദിവസത്തെ ഹണിമൂൺ യാത്ര 5.93 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ ഇന്ത്യൻ ദമ്പതികളുടെ യാത്രാനുഭവമാണിത്. കൃത്യമായ ആസൂത്രണത്തിലൂടെയും താമസ, ഭക്ഷണ കാര്യങ്ങളിലെ ചില ക്രമീകരണങ്ങളിലൂടെയും വിനോദങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഭീമമായ തുക ലാഭിക്കാൻ ഇവർക്ക് സാധിച്ചു.

വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്ര പ്ലാൻ ചെയ്യുമ്പോൾ ഭീമമായ തുക ചെലവാകുമെന്ന ധാരണ തിരുത്തിക്കുറിക്കുകയാണ് ഒരു ഇന്ത്യൻ ദമ്പതികളുടെ യാത്രാനുഭവം. ന്യൂസിലാൻഡിലേക്കുള്ള 13 ദിവസത്തെ ഹണിമൂൺ യാത്ര വെറും 5.93 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയതിന്‍റെ വിവരങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ന്യൂസിലാൻഡ് യാത്രയ്ക്ക് സാധാരണയായി എട്ട് മുതൽ ഒമ്പത് ലക്ഷത്തിലധികം രൂപ വരെ ചെലവ് വരുമെന്നായിരുന്നു ഇവരുടെ പ്രാഥമിക അന്വേഷണത്തിൽ അറിഞ്ഞിരുന്നത്. തങ്ങൾക്ക് ഏഴ് ലക്ഷം രൂപയുടെ ബജറ്റ് പരിധിയുണ്ടായിരുന്നെങ്കിലും കൃത്യമായ ആസൂത്രണവും ചില മുൻഗണനാ മാറ്റങ്ങളും വഴി ചെലവ് 5.93 ലക്ഷം രൂപയിൽ ഒതുക്കാൻ സാധിച്ചതായി ഇവർ വ്യക്തമാക്കുന്നു.

പ്രധാന ചെലവ് വിമാന ടിക്കറ്റിന്

യാത്രാച്ചെലവിൽ പ്രധാന പങ്കും വിമാന ടിക്കറ്റുകൾക്കാണ് ഉപയോഗിച്ചത്. ഡൽഹിയിൽ നിന്ന് ഓക്‌ലൻഡിലേക്കും ക്വീൻസ്‌റ്റൗണിൽ നിന്ന് തിരിച്ചുമുള്ള അന്താരാഷ്ട്ര യാത്രകൾക്ക് 2.11 ലക്ഷം രൂപയും ന്യൂസിലാൻഡിനുള്ളിലെ ആഭ്യന്തര വിമാന സർവീസിന് 13,000 രൂപയും ചെലവായി. വിസ നടപടികൾക്കായി രണ്ട് പേർക്കും കൂടി 30,000 രൂപയാണ് വേണ്ടിവന്നത്. റീഫണ്ട് ലഭിക്കാത്ത ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാതെ, കൃത്യമായ യാത്രാ പദ്ധതിയും കവറിംഗ് ലെറ്ററും സമർപ്പിച്ചതിനാൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ വിസ ലഭിച്ചുവെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.

യാത്രയിലുടനീളം സ്വകാര്യ എയർബിഎൻബികളിലാണ് ഇവർ താമസിച്ചത്. താമസത്തിന് ആകെ 87,000 രൂപയും വാഹനം വാടകയ്‌ക്കെടുത്ത വകയിലും ഇന്ധനത്തിനുമായി 94,000 രൂപയും ചെലവായി. വിനോദ പരിപാടികൾക്കായി 1.19 ലക്ഷം രൂപ മാറ്റിവെച്ചു. സ്കൈഡൈവിംഗ്, മിൽഫോർഡ് സൗണ്ട്, വൈറ്റോമോ കേവ്സ് തുടങ്ങി പ്രധാന ആകർഷണങ്ങളിലൊന്നും ഇവർ വിട്ടുവീഴ്ച ചെയ്തില്ല. ഭക്ഷണത്തിനായി 32,000 രൂപ മാത്രമാണ് ചെലവായതെന്നും ദമ്പതികൾ അവകാശപ്പെട്ടു.

വേണം കൃത്യമായ പ്ലാനിംഗ്

ഇന്ത്യയിൽ നിന്ന് മാഗി, മറ്റ് ലഘുഭക്ഷണങ്ങൾ, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ എന്നിവ ഇവർ കൊണ്ടുപോയിരുന്നു. ന്യൂസിലാൻഡ് ട്രാവലർ ഡിക്ലറേഷൻ വഴി ഇത് മുൻകൂട്ടി വെളിപ്പെടുത്തിയതിനാൽ പരിശോധനകൾ വളരെ എളുപ്പത്തിൽ പൂർത്തിയായതായും ഇവർ കൂട്ടിച്ചേർത്തു. മികച്ച അനുഭവങ്ങൾ വേണ്ടെന്നുവെക്കാതെ തന്നെ കൃത്യമായ പ്ലാനിംഗിലൂടെ ബജറ്റ് നിയന്ത്രിക്കാമെന്ന് തെളിയിച്ച ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ലക്ഷ്മി - മാക്‌സിങ്: ആഗോള വെൽനെസ് ട്രെൻഡിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ സാംസ്കാരിക തർക്കം രൂക്ഷം
'70 ലക്ഷം സമ്പാദ്യമുണ്ട്, ആദ്യത്തെ ആവേശവുമില്ല, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം'; യുകെ പ്രവാസിയുടെ കുറിപ്പ് വൈറൽ