വീട്ടുജോലി ചെയ്യാൻ നിർബന്ധിക്കുന്നു, അച്ഛനെതിരെ പരാതിയുമായി 14 -കാരൻ പൊലീസ് സ്റ്റേഷനിൽ

By Web TeamFirst Published Jul 27, 2021, 2:21 PM IST
Highlights

14 വയസുള്ള ആൺകുട്ടിയുടെ ആരോപണം സത്യമാണോ എന്നറിയാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കുട്ടിക്കൊപ്പം വീട്ടിലേക്ക് ചെന്നു. മകനെ പൊലീസിനൊപ്പം കണ്ട അച്ഛൻ അന്തിച്ചു പോയി. 

വീട്ടുജോലികൾ ചെയ്യാൻ പറഞ്ഞതിന്റെ പേരിൽ അച്ഛനെതിരെ കേസ് കൊടുത്ത് ഒരു മകൻ. ചൈനയിലെ അൻ‌ഹുയി പ്രവിശ്യയിലെ മാൻ‌ഷാനിലാണ് സംഭവം. പതിനാലുവയസ്സുകാരനോട് വീട്ടിലെ ജോലികൾ ചെയ്യണമെന്ന് പറഞ്ഞതിന്റെ പേരിലാണ് അവൻ പൊലീസിൽ പരാതി നൽകിയത്. എപ്പോഴും ഫോണും കൈയിലെടുത്ത് ഒന്നും ചെയ്യാതെ ഇരിക്കുന്ന മകനെ ഒന്ന് നന്നാക്കാൻ ശ്രമിച്ച ആ അച്ഛന് കിട്ടിയത് എട്ടിന്റെ പണിയാണ്.  

ഇരുട്ടിവെളുക്കെ ഫോണിൽ ഗെയിമുകൾ കളിക്കുന്ന അവന് പഠിക്കാനോ, ഗൃഹപാഠം ചെയ്യാനോ ഒരു താല്പര്യവും ഉണ്ടായില്ല. മകന്റെ ഭാവിയെപ്പറ്റി ആശങ്കപ്പെട്ട അച്ഛൻ അവനെ ഗെയിമിന്റെ ലോകത്തിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ ആഗ്രഹിച്ചു. പലവട്ടം ഉപദേശിച്ചിട്ടും പക്ഷേ അവൻ മാറിയില്ല. ഒടുവിൽ ഫോൺ പിടിച്ച് വാങ്ങിയ അച്ഛൻ അവനോട് വീട്ടിലെ ജോലികൾ ചെയ്യാൻ ഉപദേശിച്ചു. ഇത് വഴി മകന് കുറച്ച് അടുക്കും ചിട്ടയും ഉണ്ടാകുമെന്ന് അച്ഛൻ പ്രതീക്ഷിച്ചു. ശരീരത്തിന് വ്യായാമം ലഭിച്ചാൽ മടി മാറുമെന്നും അദ്ദേഹം കരുതി. എന്നാൽ അദ്ദേഹം പ്രതീക്ഷിച്ച പോലെ ഒന്നുമല്ല ഉണ്ടായത്. സ്മാർട്ട്‌ഫോണിന്റെ അടിമയായി തീർന്ന കൗമാരക്കാരൻ അച്ഛൻ പറഞ്ഞത് അനുസരിച്ചില്ല എന്ന് മാത്രമല്ല, വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. അവൻ നേരെ ചെന്നത് പൊലീസ് സ്റ്റേഷനിലേയ്ക്കായിരുന്നു. അവനെ അച്ഛൻ നിർബന്ധിച്ച് ബാലവേല ചെയ്യിക്കുന്നുവെന്ന് അവൻ പൊലീസിൽ പരാതികൊടുത്തു.  

14 വയസുള്ള ആൺകുട്ടിയുടെ ആരോപണം സത്യമാണോ എന്നറിയാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കുട്ടിക്കൊപ്പം വീട്ടിലേക്ക് ചെന്നു. മകനെ പൊലീസിനൊപ്പം കണ്ട അച്ഛൻ അന്തിച്ചു പോയി. പൊലീസ് പരാതിയെപ്പറ്റി അച്ഛനോട് തിരക്കി. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ മാതാപിതാക്കൾ മുന്നോട്ട് വന്നു. ചൈനീസ് നിയമപ്രകാരം, വീട്ടുജോലി ബാലവേലയല്ല, അതിനാൽ രക്ഷാകർത്താവിന്റെ ഭാഗത്തായിരുന്നു ന്യായം. കാര്യങ്ങൾ വ്യക്തമായതോടെ പൊലീസ് പിൻവാങ്ങി. കൗമാരക്കാരനെ നന്നാക്കാൻ പൊലീസ് അച്ഛനെ ഉപദേശിച്ചു. കുറച്ച് കാലത്തേയ്ക്ക് മകന് സ്മാർട്ട്‌ഫോൺ കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇത് കേട്ട ആ കുട്ടിയുടെ മറുപടി ഇതായിരുന്നു: ”എനിക്ക് ആ ഒരു മൊബൈൽ ഫോൺ മാത്രമേ ഉള്ളൂവെന്നാണോ നിങ്ങൾ കരുതുന്നത്? അത്രയ്ക്ക് നിഷ്കളങ്കനാണോ നിങ്ങൾ! ”  

(ചിത്രം പ്രതീകാത്മകം)

click me!