കത്തിയുമായി അക്രമകാരി, കത്തി പിടിച്ചെടുത്ത് ഓടി രക്ഷപ്പെട്ട് 15 -കാരി, ധീരതയ്‍ക്ക് അവാർഡും

Published : Nov 27, 2022, 04:05 PM IST
കത്തിയുമായി അക്രമകാരി, കത്തി പിടിച്ചെടുത്ത് ഓടി രക്ഷപ്പെട്ട് 15 -കാരി, ധീരതയ്‍ക്ക് അവാർഡും

Synopsis

ഏതായാലും അന്ന് രക്ഷപ്പെട്ടു എങ്കിലും ഏറെക്കാലം അവളെ ആ ഭയം പിന്തുടർന്നു. കുറേ കാലത്തേക്ക് അവൾക്ക് പുറത്ത് പോകാൻ പോലും ഭയമായിരുന്നു.

കത്തിയുമായി എത്തിയ ഒരു അതിക്രമിയെ ചെറുത്ത് നിന്നതിനും തന്റെ ഫോൺ ഉപയോ​ഗിച്ച് അയാളുടെ ചിത്രം പകർത്തിയതിനും ഒരു പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ചിരിക്കുകയാണ് വെസ്റ്റ് യോക്ക്ഷെയറിൽ. നാല് വർഷം മുമ്പാണ് അന്ന് 15 വയസ് മാത്രമുണ്ടായിരുന്ന അലക്സാണ്ട്ര മുറേസനെ നാതൻ റാസൺ എന്നയാൾ അക്രമിക്കാൻ ശ്രമിച്ചത്. 

അലക്സാണ്ട്ര എടുത്ത ചിത്രങ്ങളുടെ സഹായത്തോടെയാണ് പിന്നീട് റാസൺ അറസ്റ്റ് ചെയ്യപ്പെട്ടത്. തണുത്ത ഒരു വെളുപ്പാൻ കാലത്ത് അയാളൊരു പാടത്ത് നിൽക്കുന്നതിന്റെ ചിത്രങ്ങൾ വെസ്റ്റ് യോർക്ക്ഷയർ പൊലീസ് പ്രചരിപ്പിക്കുകയും അത് പിന്നീട് റാസണിന്റെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു. റാസണെ അറസ്റ്റ് ചെയ്ത് 13 വർഷത്തേക്ക് ജയിലിൽ അടച്ചു. അതിലേക്ക് നയിച്ച അലക്സാണ്ട്രയെ അഭിനന്ദിക്കുന്നതിനും ആദരിക്കുന്നതിനുമായി അവൾക്ക് ധീരതയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചിരിക്കുകയാണ് ഇപ്പോൾ. 

2019 ഫെബ്രുവരി 15 -ന് പാടത്ത് കൂടി നടന്നു വരികയായിരുന്ന അലക്സാണ്ട്രയെ റാസൺ പിന്തുടരുകയായിരുന്നു. തന്റെ ഹെഡ്‌ഫോണിൽ പാട്ടും കേട്ടുകൊണ്ടായിരുന്നു അവൾ നടന്നിരുന്നത്. ആ സമയത്ത് റാസൺ അവളുടെ അടുത്തേക്ക് നടന്ന് അവളുടെ അരയിൽ പിടിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തന്നോടൊപ്പം നടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

റാസൺ പിന്നീട് അവളോട് തനിക്കൊപ്പം കുറ്റിക്കാട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും തോളിൽ പിടിച്ച് തള്ളുകയും ചെയ്തു. താൻ കൊല്ലപ്പെടും എന്ന് ഭയന്ന അലക്സാണ്ട്ര തന്റെ ​ദേഹത്തേക്ക് ചൂണ്ടിയ കത്തിയിൽ മുറുകെ പിടിച്ചു. അവളുടെ കൈ മുറിഞ്ഞു എങ്കിലും അവൾ അയാളുടെ കയ്യിൽ നിന്നും കത്തി പിടിച്ചെടുക്കുകയും ഓടുകയും ചെയ്തു. 

ഏതായാലും അന്ന് രക്ഷപ്പെട്ടു എങ്കിലും ഏറെക്കാലം അവളെ ആ ഭയം പിന്തുടർന്നു. കുറേ കാലത്തേക്ക് അവൾക്ക് പുറത്ത് പോകാൻ പോലും ഭയമായിരുന്നു. പിന്നീട്, അവൾ നൽകിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ റാസണിനെ അറസ്റ്റ് ചെയ്യുകയും തട്ടിക്കൊണ്ടുപോകൽ, മുറിപ്പെടുത്തൽ, മാരകായുധങ്ങൾ കയ്യിൽ വെക്കൽ എന്നീ കുറ്റത്തിന് ശിക്ഷിക്കുകയും ചെയ്തു. 

കയ്യിൽ കത്തിയുമായി എത്തിയ അക്രമകാരിയെ ധീരതയോടെ നേരിട്ട ആ പതിനഞ്ചുകാരിയെ എല്ലാവരും അഭിനന്ദിച്ചു. ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം അവൾക്ക് പൊലീസ് ധീരതയ്ക്കുള്ള പുരസ്കാരവും നൽകി ആദരിച്ചിരിക്കുകയാണ്. 

PREV
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം