Child Abuse : ഏഴ് വര്‍ഷം അയാള്‍ ഉപദ്രവിച്ചു, രണ്ടാനച്ഛന്റെ നിരന്തര ബലാല്‍സംഗം തുറന്നുപറഞ്ഞ് 18-കാരി

Web Desk   | Asianet News
Published : Feb 10, 2022, 03:12 PM IST
Child Abuse :  ഏഴ് വര്‍ഷം അയാള്‍ ഉപദ്രവിച്ചു, രണ്ടാനച്ഛന്റെ  നിരന്തര ബലാല്‍സംഗം തുറന്നുപറഞ്ഞ് 18-കാരി

Synopsis

 ''മിക്ക രാത്രികളിലും എന്റെ മമ്മി ഉറങ്ങുന്നത് വരെ അയാള്‍ കാത്തിരിക്കുമായിരുന്നു. ഉറങ്ങിയെന്ന് ഉറപ്പായാല്‍ അയാള്‍ എന്നെ തേടി വരും. എനിക്ക് ജീവിതം തന്നെ വെറുത്തു പോയി,' അവള്‍ പറഞ്ഞു. 

ആറാം വയസ്സു മുതല്‍ രണ്ടാനച്ഛനാല്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട കൗമാരക്കാരി ഇപ്പോള്‍ തന്റെ ദുരനുഭവങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്ന് പറയുകയാണ്. 18 വയസ്സുള്ള നിയ ഗ്രീന്‍ എന്ന പെണ്‍കുട്ടിയെയാണ് മൈക്കല്‍ എല്‍വ് എന്ന 46 കാരന്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി പീഡിപ്പിച്ചത്. അവളുടെ 15 വയസ്സ് വരെ ഇത് തുടര്‍ന്നു. നിയയുടെ അമ്മ 40 കാരിയായ എമ്മ അറിയാതെയായിരുന്നു ഇതെല്ലം ആ വീട്ടില്‍ നടന്നിരുന്നത്. ഒരുമിച്ചിരുന്ന് പോണ്‍ കാണാന്‍ പോലും രണ്ടാനച്ഛന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് അവള്‍ പറയുന്നു.  

മുന്‍ സൈനികന്‍ കൂടിയായിരുന്നു മൈക്കല്‍. വിവാഹമോചനം കഴിഞ്ഞ് നില്‍ക്കുന്ന എമ്മയുടെ ജീവിതത്തിലേയ്ക്ക് അയാള്‍ കടന്ന് വരുമ്പോള്‍ നിയയ്ക്ക് വെറും മൂന്ന് വയസ്സായിരുന്നു. മൂന്ന് വര്‍ഷം അവര്‍ സന്തോഷത്തോടെ കഴിഞ്ഞു. നിയ എല്‍വിനെ 'ഡാഡ്' എന്നാണ് വിളിച്ചിരുന്നത്. പക്ഷേ അയാള്‍ അവളുടെ വിശ്വാസം തകര്‍ത്തു. രാത്രിയില്‍ എമ്മ ഉറങ്ങുന്നതും കാത്ത് അയാള്‍ ഇരിക്കും. ഭാര്യ ഉറങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ അയാള്‍ മകളുടെ അടുത്തെത്തും. അവളുടെ 15 -മത്തെ വയസ്സ് വരെ ക്രൂരമായ ഈ ലൈംഗികാതിക്രമം തുടര്‍ന്നു.

അയാള്‍ ആദ്യമൊക്കെ തന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് നിയ പറഞ്ഞു. അമ്മ ജോലിയ്ക്ക് പോയതിന് പിന്നാലെ അവധി ദിവസങ്ങളില്‍ അവളെയും സഹോദരനെയും അയാള്‍ മീന്‍പിടിക്കാനും മറ്റും കൊണ്ടുപോകുമായിരുന്നു എന്നവള്‍ പറയുന്നു. എന്നാല്‍ അവള്‍ക്ക് ആറ് വയസ്സ് തികഞ്ഞതോടെ, കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു. ഒരു  ശനിയാഴ്ച ഉച്ചയ്ക്ക്, എല്‍വ് അവളെ മക്‌ഡൊണാള്‍ഡിലേക്ക് കൂട്ടി കൊണ്ടുപോയി.  അവിടെ വച്ച് അയാള്‍ അവള്‍ക്ക് ആഹാരം വാങ്ങിച്ച് കൊടുത്തു. അത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, തനിക്കൊരു ഉപകാരം ചെയ്താല്‍ ഒരു മില്‍ക്ക് ഷേക്ക് കൂടി വാങ്ങിത്തരാമെന്ന് അയാള്‍ അവളോട് പറഞ്ഞു. അതെന്താണ് എന്ന് പോലും തിരക്കാതെ അവള്‍ സമ്മതിച്ചു.

 


നിയയുടെ അമ്മയ്‌ക്കൊപ്പം മൈക്കല്‍

 

പിന്നീട് ഇരുവരും വീട്ടില്‍ തിരിച്ചെത്തി. അവളുടെ അമ്മയും സഹോദരനും പുറത്തുപോയ സമയമായിരുന്നു അത്. എല്‍വും നിയയും ഒരുമിച്ച് ടിവി കാണാന്‍ ഇരുന്നു. പെട്ടെന്ന്, എല്‍വ് അവളുടെ അടുത്തേക്ക് ഇരുന്നു. 'നീ എനിക്ക് ചെയ്തു തരാമെന്ന് പറഞ്ഞ ഉപകാരം മറന്ന് പോയോ,' അയാള്‍ നിയയോട് ചോദിച്ചു. അവള്‍ ഇല്ലെന്ന് തലയാട്ടി. നിമിഷങ്ങള്‍ക്കകം അയാള്‍ അവളുടെ തുടയുടെ മുകളിലേക്ക് കൈ ചലിപ്പിക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ല. ഇത് അച്ഛന്‍മാര്‍ ചെയ്യുന്ന സാധാരണമായ കാര്യമാണ് എന്നവള്‍ കരുതി. പിന്നീട് ഇതേ കുറിച്ച് ആരോടും പറയില്ലെന്ന് നിയ എല്‍വിന് വാക്ക് കൊടുത്തു. അവള്‍ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും, അവള്‍ വാക്ക് പാലിച്ചു. ഒന്നും ആരോടും പറഞ്ഞില്ല.  

അതിനുശേഷം, ഇരുവരും തനിച്ചായിരിക്കുമ്പോഴെല്ലാം, എല്‍വ് അവളോട് ഇത്തരം രീതിയില്‍ പെരുമാറാന്‍ തുടങ്ങി. ''മിക്ക രാത്രികളിലും എന്റെ മമ്മി ഉറങ്ങുന്നത് വരെ അയാള്‍ കാത്തിരിക്കുമായിരുന്നു. ഉറങ്ങിയെന്ന് ഉറപ്പായാല്‍ അയാള്‍ എന്നെ തേടി വരും. എനിക്ക് ജീവിതം തന്നെ വെറുത്തു പോയി,' അവള്‍ പറഞ്ഞു. ഇരുട്ടിനെ നിയ ഭയപ്പെട്ടു. വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു. പിന്നീട് നിയയ്ക്ക് 12 വയസ്സായപ്പോള്‍ എല്‍വ് അവളെ പോണ്‍ സിനിമകള്‍ കാണാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. അയാള്‍ അവളോട് അടുത്തിരിക്കാന്‍ കല്‍പ്പിക്കും. അവള്‍ പറ്റില്ലെന്ന് പറഞ്ഞാലും അയാള്‍ കേള്‍ക്കില്ല. എല്‍വ് അവളുടെ അപേക്ഷ അവഗണിക്കുകയും വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും അവളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. ''അത് വളരെ വേദനാജനകമായിരുന്നു. ഉള്ളില്‍ ഞാന്‍ കരയുകയായിരുന്നു. അയാള്‍ ദുഷ്ടനായിരുന്നു. ഞാന്‍ അയാളെ വെറുത്തു,' നിയ പറഞ്ഞു.  

പലപ്പോഴും, നിയയെ ദുരുപയോഗം ചെയ്തതിന് ശേഷം, ഇത് ആരോടും പറയാതിരിക്കാന്‍ അവള്‍ക്ക് പണമോ, വസ്ത്രങ്ങളോ അയാള്‍ സമ്മാനമായി നല്‍കുമായിരുന്നു.  അയാളുടെ കൂടെ താമസിക്കുമ്പോള്‍ പീഡനത്തെക്കുറിച്ച് പുറത്ത് പറയാന്‍ അവള്‍ക്കും ഭയമായിരുന്നു. ഒടുവില്‍ അവളുടെ പതിനഞ്ചാമത്തെ വയസ്സില്‍, അവളുടെ അമ്മയും എല്‍വും വേര്‍പിരിഞ്ഞു. തുടര്‍ന്ന്, അവര്‍ താമസം മാറി. ഇതോടെ അവള്‍ക്ക് ആശ്വാസമായി. വര്‍ഷങ്ങളായുള്ള അയാളുടെ പീഡനത്തില്‍ നിന്ന് അവള്‍ മോചിതനായി. എന്നിട്ടും പക്ഷേ അവള്‍ക്ക് ആ ഓര്‍മകളില്‍ നിന്ന് മോചനമുണ്ടായില്ല. ഈ രഹസ്യം ആരോടെങ്കിലും പറയാന്‍ അവള്‍ ആഗ്രഹിച്ചു.  

ഒടുവില്‍ തന്റെ പതിനാറാം ജന്മദിനത്തിന് മുമ്പുള്ള ആഴ്ച, നിയ അമ്മയോട് എല്ലാം തുറന്ന് പറഞ്ഞു. അമ്മയുടെ സഹായത്തോടെ അവള്‍ പൊലീസില്‍ പരാതി കൊടുത്തു. തുടര്‍ന്ന് അയാളെ അറസ്റ്റ് ചെയ്തെങ്കിലും, അയാള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ അയാള്‍ക്ക് എതിരായിരുന്നു. അങ്ങനെ 2021 ജൂലൈയില്‍, മൈക്കല്‍ എല്‍വ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ടീസൈഡ് ക്രൗണ്‍ കോടതി അയാള്‍ക്ക് 11 വര്‍ഷത്തെ തടവ് വിധിച്ചു.  ''അയാള്‍ എന്റെ ബാല്യകാലം നശിപ്പിച്ചു.  വര്‍ഷങ്ങളോളം എന്നെ നരകയാതനയിലൂടെ നടത്തിച്ചു. ഒരു ജയില്‍വാസവും ഞാന്‍ അനുഭവിച്ചതിന് പകരമാവില്ല. നിങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെങ്കില്‍, നിങ്ങള്‍ വിശ്വസിക്കുന്ന ആരെയെങ്കിലും അറിയിക്കുക,' അവള്‍ പറഞ്ഞു. 

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്