'ഇവിടെയൊരു മുനിസിപ്പാലിറ്റി പോലുമില്ലേ?'; സ്വന്തം കൈകൊണ്ട് മലിനമായൊരു നദി വൃത്തിയാക്കി 20 -കാരൻ, ചോദ്യങ്ങളുമായി നെറ്റിസെൺസ്, വീഡിയോ

Published : Sep 04, 2026, 12:53 PM IST
20 year old cleans a polluted river

Synopsis

മധ്യപ്രദേശിലെ അജ്നാർ നദി മാലിന്യക്കൂമ്പാരമായപ്പോൾ, സുരേന്ദ്ര സിങ് ചൗധരി എന്ന 20-കാരൻ ഒറ്റയ്ക്ക് അത് വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി. സ്വന്തം പണം മുടക്കി നദിയിലെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത ഇദ്ദേഹത്തിന്റെ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും, തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ വിമർശനം ഉയരുകയും ചെയ്തു.

മാലിന്യക്കൂമ്പാരമായി മാറിയ ഒരു നദി സ്വന്തം കൈകൊണ്ട് വൃത്തിയാക്കി ശ്രദ്ധനേടിയിരിക്കുകയാണ് ഒരു 20 -കാരൻ. മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദിയാണ് സുരേന്ദ്ര സിങ് ചൗധരി എന്ന യുവാവ് ഒറ്റയ്ക്ക് വൃത്തിയാക്കിയത്. സമൂഹ മാധ്യമങ്ങളിൽ ‘ബിട്ടു തബാഹി’ എന്ന പേരിൽ അറിയപ്പെടുന്ന സുരേന്ദ്രയുടെ പ്രവർത്തിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്.

'സ്വന്തം പണം ഉപയോഗിച്ച് സ്വയം വൃത്തിയാക്കി'

നദിയിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും കുമിഞ്ഞുകൂടിയ നിലയിലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരേന്ദ്ര ശുചീകരണ പ്രവർത്തനത്തിന് സ്വയം മുന്നിട്ടിറങ്ങിയത്. യാതൊരു ഔദ്യോഗിക സംവിധാനത്തിന്‍റെയും ഭാഗമല്ലാതെയാണ് യുവാവ് ഈ പ്രവർത്തനം നടത്തിയത്. ആവശ്യമായ ശുചീകരണ സാമഗ്രികൾ വാങ്ങാൻ പോലും സുരേന്ദ്ര, സ്വന്തം പണമാണ് ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നദിയിൽ കെട്ടിക്കിടന്ന പ്ലാസ്റ്റിക്, കുപ്പികൾ, മറ്റ് മാലിന്യങ്ങൾ എന്നിവ കൈകൊണ്ട് നീക്കം ചെയ്യുന്നതിനൊപ്പം നദിക്കരയിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളും സുരേന്ദ്ര വൃത്തിയാക്കി. ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. ചിത്രങ്ങളിൽ നദിയുടെ അവസ്ഥയിലുണ്ടായ മാറ്റം വ്യക്തമായി കാണാം.

എവിടെ മുനിസിപ്പാലിറ്റി?

യുവാവിന്‍റെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനവും ഉയരുകയാണ്. ഒരു പൊതുജലാശയം വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നും ഈയൊരു അവസ്ഥയിൽ ഒരു 20 -കാരന് സ്വന്തം നിലയിൽ നദിയിലിറങ്ങി മാലിന്യം നീക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നു. “മുനിസിപ്പാലിറ്റി എവിടെ?” എന്ന ചോദ്യമാണ് ഏറ്റവും കൂടുതൽ ഉയർന്നത്. അതേസമയം മറ്റ് ചിലർ സുരേന്ദ്രയ്ക്ക് തക്കതായ പ്രതിഫലം മുനിസിപ്പാലിറ്റി നൽകണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും പൊതുസ്ഥലങ്ങളുടെ പരിപാലനവും സംബന്ധിച്ച ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചു.

PREV
Read more Articles on
click me!

Recommended Stories

"കാനഡയിൽ ഇനിയുമെനിക്ക് വയ്യ, 13 കോടിയുടെ സമ്പാദ്യമുണ്ട്, ഇന്ത്യയിലേക്ക് മടങ്ങാം"; പ്രവാസി ടെക്കിയുടെ കുറിപ്പ് വൈറൽ
യാത്രകൾക്കായി ഡ്രസ് ചുമക്കണ്ട, 'ഡിസ്പോസിബിൾ വസ്ത്രങ്ങൾ' ഹിറ്റാവുന്നു; വിടാതെ വിമർശനവും