കാനഡയിലെ ഐടി മേഖലയിലെ കടുത്ത ജോലി സമ്മർദ്ദം മൂലം 13 കോടി രൂപ ആസ്തിയുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഇന്ത്യയിലേക്ക് മടങ്ങാൻ ആലോചിക്കുന്നു. അധിക വരുമാനത്തിനായി ഇത്രയധികം മാനസിക സമ്മർദ്ദം സഹിക്കേണ്ടതുണ്ടോ എന്ന അദ്ദേഹത്തിന്‍റെ റെഡ്ഡിറ്റ് കുറിപ്പ് വൈറലായതോടെ, പ്രവാസ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
കാനഡയിലെ ഐടി മേഖലയിലെ കടുത്ത ജോലി സമ്മർദ്ദം കാരണം കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നതായി മുതിർന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ വെളിപ്പെടുത്തൽ. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ ഇദ്ദേഹം പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വിദേശ രാജ്യങ്ങളിലെ ജോലി സമ്മർദ്ദത്തെ കുറിച്ച് വലിയൊരു ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ നടന്നു.
13 കോടിയുടെ സമ്പാദ്യം
സ്വന്തമായി 13 കോടി രൂപയുടെ വ്യക്തിഗത ആസ്തിയുള്ള 37 -കാരനാണ് തന്‍റെ പ്രവാസ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കാനഡയിൽ ഭാര്യയ്ക്കും ആറുമാസം പ്രായമുള്ള മകൾക്കുമൊപ്പമാണ് താമസിക്കുന്നതെന്ന് അദ്ദേഹം തന്‍റെ കുറിപ്പിൽ വ്യക്തമാക്കുന്നു. അഹമ്മദാബാദിലുള്ള കുടുംബവീട് ഒഴിവാക്കിയാൽ തന്നെ ഏകദേശം 13 കോടി രൂപയുടെ സ്വന്തം സമ്പാദ്യമുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതിൽ 7 കോടി രൂപ യുഎസ് ഓഹരികളിലും, 2.5 കോടി രൂപ പെൻഷൻ ഫണ്ടിലും, 1.5 കോടി രൂപ സ്വർണ്ണത്തിലും, 2 കോടി രൂപ ഭൂമിയിലുമായാണ് നിക്ഷേപിച്ചിരിക്കുന്നത്.
5 ലക്ഷം രൂപയ്ക്ക് വേണ്ടി അമിത സമ്മർദ്ദം താങ്ങേണ്ടതുണ്ടോ?
അഹമ്മദാബാദിലെ വീടിന് 2.5 കോടി രൂപ മൂല്യമുണ്ടെങ്കിലും അതിൽ 1 കോടി രൂപയുടെ ബാങ്ക് വായ്പ നിലനിൽക്കുന്നതിനാലാണ് ഇത് 13 കോടിയുടെ കണക്കിൽ ഉൾപ്പെടുത്താതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനുപുറമേ ഭാര്യക്ക് വേറെയും സമ്പാദ്യങ്ങളുണ്ട്. നിലവിൽ കനഡയിൽ നിന്ന് വർഷത്തിൽ 40 ലക്ഷം രൂപയോളം സമ്പാദിക്കാൻ കഴിയുന്നുണ്ടെങ്കിലും, ഇന്ത്യയിലേക്ക് മടങ്ങി ഒരു സാധാരണ ജോലി ചെയ്താലും പ്രതിവർഷം 25 ലക്ഷം രൂപയോളം സമ്പാദിക്കാൻ സാധിക്കുമെന്നാണ് തന്‍റെ കണക്കുകൂട്ടലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാൽ തന്നെ കേവലം 15 ലക്ഷം രൂപയുടെ ഈ അധിക വരുമാനത്തിന് വേണ്ടി കാനഡയിൽ തുടരുകയും ഒപ്പം അതിനായി ഇത്രയും വലിയ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവും അനുഭവിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം തന്‍റെ കുറിപ്പിലൂടെ ചോദിക്കുന്നു.
വൈറലായി കുറിപ്പ്
സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുറിപ്പ് പുറത്ത് വന്നതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. "മതിയായ ആസ്തിയുള്ള സ്ഥിതിക്ക് ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ," എന്നാണ് ഭൂരിഭാഗം പേരുടെയും നിർദ്ദേശം. കാനഡയിലെ തൊഴിൽ അന്തരീക്ഷം മോശമായി വരികയാണെന്നും നാട്ടിലേക്ക് തിരികെ വരുന്നതിൽ സന്തോഷമേയുള്ളൂവെന്നും മറ്റ് ചില അനുഭവസ്ഥരും കുറിച്ചു. ഇന്ത്യയിലേക്ക് തിരിച്ച് വരാനുള്ള പ്രവാസികളുടെ ആലോചനകളും അതിനുള്ള സാധ്യതകളെ കുറിച്ചുമുള്ള ഒരു ചർച്ചയായി ആ കുറിപ്പ് മാറി.


