
കാമുകനുമായുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ 18 -ാം നിലയിലെ ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയ ഇരുപതുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ജിയാക്സിംഗിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 'സിയാവോയി' എന്ന് വിളിക്കപ്പെടുന്ന പെൺകുട്ടി ജൂലൈ 12 -ന് പുലർച്ചെ 4 മണിയോടെയാണ് വാടക ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയത്. താഴേക്ക് വീഴുന്നതിനിടെ കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന മരത്തിന്‍റെ ശിഖിരങ്ങളിൽ തട്ടിയത് കാരണം വീഴ്ചയുടെ ആഘാതം കുറഞ്ഞത് വലിയൊരു ദുരന്തം ഒഴിവാക്കി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ജൂലൈ 11 രാത്രി മുതൽ പെൺകുട്ടിയും കാമുകനും തമ്മിൽ തുടർച്ചയായി രൂക്ഷമായ തർക്കം നടന്നിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് തന്‍റെ ജന്മനാടായ യുനാനിലേക്ക് മടങ്ങാൻ പെൺകുട്ടി മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, ഇത് തടയാനായി കാമുകൻ അവളുടെ തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും മുറി പൂട്ടിയിടുകയും ചെയ്തു. രാത്രി മുഴുവൻ നീണ്ട വഴക്കിനെ തുടർന്ന് തലകറക്കം അനുഭവപ്പെട്ട പെൺകുട്ടി, ഫ്ലാറ്റിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് ബാൽക്കണിയിലേക്ക് ഓടിയതും താഴേക്ക് ചാടിയതും.
അത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ തല, ശ്വാസകോശം, കരൾ, പ്ലീഹ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുപ്പിലും കാലുകളിലും ഒടിവുകളുമുണ്ട്. ഇതുവരെ രണ്ട് ശസ്ത്രക്രിയകൾ പൂർത്തിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ഉടൻ തന്നെ കാമുകൻ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും ആദ്യഘട്ട ചികിത്സയ്ക്കായി 20,000 യുവാൻ നൽകുകയും ചെയ്തു. എന്നാൽ നിലവിൽ ചികിത്സാച്ചെലവ് 1,00,000 യുവാൻ (ഏകദേശം 12 ലക്ഷത്തോളം രൂപ) കവിഞ്ഞതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പെൺകുട്ടിയുടെ കുടുംബം, മകളെ ആശുപത്രിയിൽ വച്ച് കാണുന്നതിൽ നിന്നും കാമുകനെ വിലക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി കാമുകനെ ആശുപത്രിയിൽ നിന്ന് മാറ്റി നിർത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.