
ആനിമേഷൻ സീരീസുകളുടെ ഒരു ആരാധകനാണ് നിങ്ങളെങ്കിൽ തീർച്ചയായും ഷിൻ-ചാനിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. കുട്ടികൾക്കായുള്ള ഒരു ആനിമേറ്റഡ് കോമഡി സീരീസിലെ കഥാപാത്രമാണ് ഷിൻ ചാൻ. ലോകമെമ്പാടും ആരാധകരുള്ള ഒരു കഥാപാത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ആ കഥാപാത്രത്തിന്റെ ഒരു ആരാധകൻ സീരീസിലെ ഷിൻ ചാന്റെ വീടിന് സമാനമായ ഒരു വീട് പുനർനിർമ്മിച്ചിരിക്കുകയാണ്. ചുവപ്പും വെളുപ്പും ഇഷ്ടികകളുള്ള ഷിന്നോസുകെ നൊഹരയുടെ ഐക്കണിക് വീട് ഏകദേശം 3.5 കോടി രൂപ ചെലവഴിച്ചാണ് 21 -കാരനായ ഷെൻ എന്ന ആരാധകൻ പുനർനിർമ്മിച്ചത്.
ഷിൻ-ചാൻ ആരാധകനായ ഷെൻ, ഒരു വർഷത്തിലേറെയായി തന്റെ ഈ സ്വപ്നസാക്ഷാത്കാരത്തിനായി പ്രയത്നിക്കുകയായിരുന്നു. 2024 ജൂലൈയിലാണ് വീടിൻറെ നിർമ്മാണം ആരംഭിച്ചത്. പിന്നീട് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ പലയിടങ്ങളിൽ നിന്നായി കണ്ടെത്തി. ഇത് വീട് നിർമാണത്തിന്റെ ചെലവ് കുത്തനെ വർധിപ്പിച്ചു. എന്നാൽ ഷെന്നിനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ അമ്മ തയ്യാറായതോടെ കാര്യങ്ങൾ എളുപ്പമായി. ഏകദേശം 100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വീട് ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കുന്ന ഒരു ജനപ്രിയ ഫോട്ടോഗ്രാഫി ഹോട്ട്‌സ്‌പോട്ടായി മാറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ഷെനിൻ്റെ മോഹങ്ങൾ ഈ ഒരു വീട് നിർമ്മാണത്തിൽ അവസാനിക്കുന്നില്ല. ഫൂട്ടബ കിൻ്റർഗാർട്ടനെ ആനിമേഷനിൽ നിന്ന് പുനർനിർമ്മിക്കുകയും ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയും ചെയ്യുക എന്നതും ഇദ്ദേഹത്തിൻ്റെ ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ആനിമേഷൻ സീരീസിൽ ഉള്ളതുപോലെ കസുകബെ ടൗൺ മുഴുവനായും നിർമ്മിക്കാനും ഷെൻ ആഗ്രഹിക്കുന്നുണ്ട്. അതിലൂടെ ആരാധകർക്ക് ഷിൻ-ചാൻ്റെ ലോകം പൂർണ്ണമായും അനുഭവിക്കാൻ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുകയാണ് ഇദ്ദേഹത്തിൻറെ ലക്ഷ്യം.