
ഫ്രാൻസിലെ ലോയർ വനമേഖലയിലാണ് രാജകീയപ്രഭാവത്തോടെ ആ ഓക്കുമരം നിന്നിരുന്നത്. വെറുമൊരു ഓക്കുമരം അല്ല. 230 വര്‍ഷം പഴക്കമുള്ള ഒരു മനോഹരമായ ഓക്കുമരം. ഇപ്പോഴിതാ വലിയ ശബ്‍ദത്തോടെ അത് നിലംപതിച്ചിരിക്കുന്നു. ഫ്രഞ്ച് വിപ്ലവകാലത്ത് വെറുമൊരു തൈ ആയിരുന്ന ആ ഓക്കുമരം നോത്ര ദാമിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഇപ്പോൾ വെട്ടിമാറ്റിയിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് 2019 ഏപ്രിലിൽ നടന്ന തീപിടുത്തത്തില്‍ പരിക്കുപറ്റിയ നോത്ര ദാമിന്‍റെ മേൽക്കൂര പുനർനിർമ്മിക്കുന്നതിനും, വീണുപോയ ഗോപുരത്തിന്‍റെ അടിത്തറ മാറ്റിസ്ഥാപിക്കുന്നതിനും ഉപയോഗിക്കുന്ന ആയിരം ഓക്കുമരങ്ങള്‍ക്കൊപ്പം ഈ ഓക്കുമരവും ചേരും. 'ഇത് ചിലതിന്‍റെ അവസാനമാണ് എന്ന് നമുക്കറിയാം, എങ്കിലും മറ്റ് ചിലതിന്‍റെ തുടക്കം കൂടിയാണിത്' എന്നാണ് ആ വനസംരക്ഷക സംഘത്തിലെ പൗലിന്‍ ഡെലോര്‍ഡ് പറഞ്ഞത്. പൗലിന്‍റെ സഹപ്രവര്‍ത്തകയായ ക്ലെയര്‍ ക്വിനോന്‍സ് ഇത് ശരിവച്ചു, 'ഈ മരത്തിന് നല്‍കാനാവുന്ന ഏറ്റവും മികച്ച രണ്ടാം ജന്മമാണ് ഇത്' എന്നാണ് ക്വിനോന്‍സ് പറഞ്ഞത്.
കഴിഞ്ഞ വേനൽക്കാലത്ത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, നോത്ര ദാമിന്റെ 315 അടി ഉയരമുള്ള സമകാലിക പുനർരൂപകൽപ്പന എന്ന ആശയം ഉപേക്ഷിച്ചിരുന്നു. 1859 -ൽ യൂജിൻ വയലറ്റ്-ലെ-ഡക്ക് ആയിരുന്നു ഈ രൂപകല്‍പന ചേർത്തത്. ഏതായാലും പുനർനിർമാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടായിരുന്നു. അതിന് മേൽനോട്ടം വഹിക്കുന്നതിനായി കൊണ്ടുവന്ന ആർക്കിടെക്റ്റുകളായ ഫിലിപ്പ് വില്ലെനിയൂവ്, റെമി ഫ്രോമോണ്ട് എന്നിവര്‍ ആവശ്യപ്പെട്ടത് പ്രകാരം എല്ലാംതികഞ്ഞ ഒത്ത ഓക്കുമരങ്ങൾക്കായുള്ള അന്വേഷണം കുറേനാളുകളായി നടക്കുകയായിരുന്നു.
ഈ ശൈത്യകാലത്ത്, ലെ മാൻസിനടുത്തുള്ള മഞ്ഞുമൂടിയ വനത്തില്‍ ഇത്തരം മരങ്ങൾക്കായി തെരച്ചില്‍ നടത്താന്‍ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. അത് ആദ്യത്തെ എട്ട് മരങ്ങളെയാണ് കാര്യമായി പരിശോധിച്ചത്. 3ഡി ഇമേജറിയുടെ സഹായത്തോടെ മൂന്ന് അടി വീതിയും 60 അടിയിലധികം ഉയരവും ഉള്ള മരങ്ങള്‍ കണ്ടെത്താനുള്ള പരിശോധനയും ഇതുവഴി നടന്നു. ബെർക്കിലെ വളവോട് കൂടിയ നേർത്ത വൃക്ഷങ്ങൾ ഗോപുരമുണ്ടാക്കാന്‍ അനുയോജ്യമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട മരങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ വെട്ടിമാറ്റി. അത് 12 മുതല്‍ 18 മാസം വരെ ഉണക്കേണ്ടതുണ്ടായിരുന്നു. ബീമുകള്‍ ചുരുങ്ങുകയോ തെന്നുകയോ ചെയ്യില്ല എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.
നോത്ര ദാമിന്‍റെ പുനര്‍നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിക്കുന്ന ആര്‍മി ജനറല്‍ പറയുന്നത്, ഫ്രഞ്ച് നേവിയുടെ കീഴിലുള്ള കപ്പലുകളുടെ പായ്മരം നിര്‍മ്മിക്കുന്നതിനായി ലൂയി പതിനാലാമന്‍റെ മേല്‍നോട്ടത്തിലാണ് ഈ ഓക്കുമരങ്ങള്‍ നട്ടിരിക്കുന്നത് എന്നാണ്. "നാം പാവം മനുഷ്യര്‍ കൂടിവന്നാല്‍ അറുപതോ എഴുപതോ എണ്‍പതോ നൂറോ വര്‍ഷം ജീവിച്ചേക്കും. എന്നാല്‍, ഈ മരങ്ങള്‍ അതിനുശേഷവും ഇവിടെ തന്നെയുണ്ടാകും. പ്രപഞ്ചത്തിന്റെ അപാരതയ്ക്ക് മുന്നിൽ മനുഷ്യന്‍റെ വിനയം ഞങ്ങൾ അതിലൂടെ തിരിച്ചറിയുന്നു." എന്ന് ജനറല്‍ ജീന്‍ ലൂയിസ് ജോര്‍ജെലിന്‍ പറഞ്ഞു.
ബെര്‍ക്കില്‍ നിന്നും മുറിച്ച് മാറ്റിയ എട്ട് ഓക്കുമരങ്ങള്‍ കൂടാതെ രാജ്യത്തെ 200 വനങ്ങളില്‍ നിന്നായി കൂടുതല്‍ മരങ്ങള്‍ നോത്ര ദാം പുനർനിർമാണത്തിന് വേണ്ടി സംഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഫ്രാൻസിന്റെ നാല് കോണുകളും കത്തീഡ്രലിനുള്ളിൽ പ്രതിനിധീകരിക്കും. അതേസമയം, ഇത്ര അധികം മരങ്ങള്‍ മുറിക്കുന്നതിനെതിരെ ഫ്രാന്‍സിലെ എക്കോളജി മന്ത്രിയെ അഭിസംബോധന ചെയ്‍തുകൊണ്ട് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, മുറിച്ചുമാറ്റപ്പെടുന്നതിന് ആനുപാതികമായി ഓരോ വര്‍ഷവും ഫ്രാന്‍സില്‍ മരങ്ങള്‍ വളരുന്നുണ്ട് എന്ന് ഫോറസ്ട്രി ഗ്രൂപ്പുകള്‍ അറിയിക്കുകയായിരുന്നു.
നോത്ര ദാം 2024 -ൽ വീണ്ടും തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം കൊവിഡ് -19 മഹാമാരി മൂലമുണ്ടായ കാലതാമസവും, സൈറ്റിൽ വലിയ അളവിലുണ്ടായ പൊടിയും മലിനീകരണ സാധ്യതയുണ്ടാക്കും എന്നതിനാലും ആ തീയതിയില്‍ അത് തുറക്കാനാവില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നിരുന്നാലും, ജനറൽ ജോർജ്‌ലിന്‍ പറയുന്നത്, “ഞങ്ങൾ 2024 -ൽ കത്തീഡ്രൽ വീണ്ടും തുറക്കും, അതിൽ സംശയമില്ല” എന്നാണ്. ഏതായാലും നോത്ര ദാമിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്ന് വേണം പറയാൻ.