പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരൻ ലാൽജി ദേവരിയയുടെ വിശേഷങ്ങൾ

By Web TeamFirst Published Mar 27, 2021, 12:35 PM IST
Highlights

സ്വന്തമായി ഒരു ക്ഷീരവ്യവസായ സംരംഭം നടത്തുന്ന ഈ ഡ്യൂപ്ലിക്കേറ്റ് മോദി 45 വർഷക്കാലം ഒരു കറയറ്റ കോൺഗ്രസ് പ്രവർത്തകനായിരുന്നു എന്നതാണ് കഥയിലെ ട്വിസ്റ്റ്.
 

ഇദ്ദേഹത്തിന്റെ പേര് ലാൽജി ദേവരിയ എന്നാണ്. 

എട്ടുപത്തു വർഷം മുമ്പൊരിക്കൽ, ഗുജറാത്തിലെ ഏതോ ഒരു തെരുവിലൂടെ നടന്നു പോവുമ്പോൾ ഒരു വൃദ്ധ ലാൽജിയുടെ കാലുതൊട്ട് വന്ദിച്ചു. അദ്ദേഹത്തിന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഒരു ക്രിസ്തുമത വിശ്വാസിയായിരുന്നു അവർ. "ഞാൻ എല്ലാ ഞായറാഴ്ചയും പള്ളിയിൽ ചെല്ലുമ്പോൾ പ്രാർത്ഥിക്കാറുള്ളത് നിങ്ങൾ പ്രധാനമന്ത്രിയാവണം എന്നാണ്" എന്ന് അവർ ലാൽജിയോട് പറഞ്ഞു. സംസാരത്തിനിടെ അവർ പലകുറി ലാൽജിയെ മോദിജി എന്നുവിളിച്ചാണ് സംസാരിച്ചത്. താൻ മോദിയല്ല, ഉള്ളത് സാദൃശ്യം മാത്രമാണ് എന്ന് പറഞ്ഞ് അവരെ വിഷമിപ്പിക്കാൻ തനിക്ക് തോന്നിയില്ല എന്നാണ് ലാൽജി ഇതേപ്പറ്റി 'ദ പ്രിന്റി'നോട് പറഞ്ഞത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അസാമാന്യമായ രൂപസാദൃശ്യം 'നാം സൗമേ ഗാമോ' എന്നൊരു ഗുജറാത്തി ചിത്രത്തിൽ മോദിയുടെ റോളിൽ അഭിനയിക്കാനുള്ള അവസരം പോലും ലാൽജിക്ക് നേടിക്കൊടുത്തു. എന്നാൽ, സ്വന്തമായി ഒരു ക്ഷീരവ്യവസായ സംരംഭം നടത്തുന്ന ഈ ഡ്യൂപ്ലിക്കേറ്റ് മോദി 45 വർഷക്കാലം ഒരു കറയറ്റ കോൺഗ്രസ് പ്രവർത്തകനായിരുന്നു എന്നതാണ് കഥയിലെ ട്വിസ്റ്റ്.

എന്നാൽ, പിന്നീട് 2014 -ൽ പ്രധാനമന്ത്രിയായ ശേഷം  നരേന്ദ്ര മോദിയുടെ ജനപ്രീതി വർധിച്ചു വന്ന കാലത്ത് ലാൽജിയെ തന്റെ രൂപ സാദൃശ്യം പ്രതീക്ഷിച്ചിരിക്കാത്ത ചില കുഴപ്പങ്ങളിലും കൊണ്ട് ചാടിച്ചു. 2017 -ൽ, അഹമ്മദാബാദിൽ നടന്ന രാഹുൽ ഗാന്ധിയുടെ ഒരു റാലിയിൽ പങ്കെടുക്കാൻ പോയിരുന്നു ലാൽജി. അവിടെ വെച്ച് ചില മാധ്യമ പ്രവർത്തകർ ലാൽജിയുടെ ചില ചിത്രങ്ങൾ എടുത്തു. അടുത്ത ദിവസം പ്രാദേശിക പത്രങ്ങളിൽ 'രാഹുലിന്റെ റാലിയിൽ മോദി പങ്കെടുത്തു' എന്നമട്ടിൽ അച്ചുനിരന്നു. ഈ വിവാദങ്ങൾ പാർട്ടിയുമായി ലാൽജി തെറ്റുന്നതിലേക്കാണ് നയിച്ചത്. ഒന്നുകിൽ ഈ മോദി സ്വരൂപം മാറ്റുക, അല്ലെങ്കിൽ പാർട്ടി വിടുക എന്ന തീട്ടൂരം പാർട്ടിയിൽ നിന്നുണ്ടായപ്പോൾ അതിൽ ക്ഷുഭിതനായ ലാൽജി നാലുപതിറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ച കോൺഗ്രസ് വിടാനുള്ള തീരുമാനത്തിലേക്കാണ് എത്തുന്നത്. 

 

താൻ മോദിയെ ഒരു തരത്തിലും അനുകരിച്ചിട്ടില്ല എന്നും, ചെറുപ്പം തൊട്ടുതന്നെ തന്റെ രൂപവും പെരുമാറ്റ ശൈലിയും എല്ലാം ഇതുപോലെത്തന്നെ ആണെന്നും ലാൽജി അവകാശപ്പെടുന്നു. ലാൽജിയുടെ പത്നി ഭാരതിയെ നാട്ടുകാർ കളിയാക്കി വിളിക്കുന്നത് യശോദാ ബെൻ എന്നാണ്. 2018 -ൽ, കോൺഗ്രസ് വിട്ടതിനു പിന്നാലെ ലാൽജി ദേവരിയ ബിജെപിയിൽ ചെന്ന് ചേരുന്നു. അതിനു ശേഷം, മോദിയുമായുള്ള തന്റെ രൂപ സാദൃശ്യം ബലപ്പെടുത്താനുള്ള എല്ലാ വിദ്യകളും ലാൽജി മനഃപൂർവം തന്നെ പയറ്റിയിട്ടുണ്ട്. ഇന്ന് ലാൽജിയുടെ ജോലി റാലികളിൽ നരേന്ദ്രമോദിയെ അനുകരിച്ച് ജനങ്ങളെ രസിപ്പിക്കുക എന്നതാണ്. ഇതുവരെ 700 -ലധികം റാലികളിൽ മോദി വേഷത്തിൽ ചെന്നിറങ്ങിയിട്ടുണ്ട് ലാൽജി.
 

click me!