
നമ്മുടെ നാട്ടിലെ മിക്ക ആളുകളും ചായപ്രേമികളാണ്. ആകെ ചടച്ചിരിക്കുമ്പോൾ ഒരു ചായ കിട്ടിയാൽ മതി ഉഷാറാവും. എന്നാൽ, ഒരാൾക്ക് ഒരു മണിക്കൂറിനുള്ളിൽ എത്ര ചായ ഉണ്ടാക്കാനാവും. മാക്സിമം പോയാൽ അമ്പതോ നൂറോ ആവുമായിരിക്കും എന്നാണോ കരുതുന്നത്? അതോ അതിൽ താഴെയോ? എന്നാൽ, ഒരു മണിക്കൂറിനുള്ളിൽ 249 കപ്പ് ചായ ഉണ്ടാക്കി ഒരു യുവതി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ്.
ഒരു മണിക്കൂറിനുള്ളിൽ 249 കപ്പ് ചായ തയ്യാറാക്കി ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത് ഒരു ദക്ഷിണാഫ്രിക്കൻ വനിതയാണ്. വുപ്പർത്താലിൽ നിന്നുള്ള ഇംഗാർ വാലന്റൈൻ ആണ് 150 കപ്പ് എന്ന ലക്ഷ്യം മറികടന്നു കൊണ്ട് 249 കപ്പ് ചായ തയ്യാറാക്കി പുതിയ റെക്കോർഡ് ഇട്ടിരിക്കുന്നത്. റൂയിബോസ് ചായയാണ് അവൾ ഉണ്ടാക്കിയത്. അസ്പാലാത്തസ് ലീനിയറിസ് ചെടിയുടെ ഇലകളിൽ നിന്ന് നിർമ്മിക്കുന്ന ചുവന്ന ഹെർബൽ ടീയാണ് ഇത്.
താൻ ഏകദേശം 170 കപ്പ് ചായ ഉണ്ടാക്കി എന്നാണ് വാലന്റൈൻ കണക്കാക്കിയിരുന്നത്. എന്നാൽ, സംഭവം വിലയിരുത്താനെത്തിയ ജഡ്‍ജുമാർ പറഞ്ഞത് അവൾ 249 കപ്പ് ചായ ഉണ്ടാക്കി എന്നാണ്. റെക്കോർഡിന് വേണ്ടിയിരുന്നത് 250 കപ്പ് ആയിരുന്നു. എന്നാൽ, അത് കുഴപ്പമില്ല എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
നാല് വർഷം മുമ്പ് വുപ്പർത്താലിൽ ഒരു വലിയ കാട്ടുതീ ഉണ്ടായിരുന്നു. അതോടെ വിനോദസഞ്ചാരത്തെ ഇത് വലിയ രീതിയിൽ ബാധിച്ചു. വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ.ടി.വി സീരീസായ സ്റ്റംബോ റെക്കോർഡ് ബ്രേക്കേഴ്‌സിനായി ചായ ഉണ്ടാക്കിയത്. ഇത് പ്രദേശവാസികൾക്കും കൂടുതൽ അവസരങ്ങൾ നൽകും എന്നും അവർ പ്രതീക്ഷിക്കുന്നു.
'ഇവിടെ ഒരുപാട് റൂയിബോസ് ചായ ഉണ്ട്. ഈ റെക്കോർഡ് ആളുകളെ ഈ പ്രദേശത്തേക്ക് ആകർഷിക്കാൻ കാരണമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന് വാലന്റൈൻ പറഞ്ഞു.