
ബിരുദാനന്തരബിരുദം നേടിയതിന് പിന്നാലെ സർവകലാശാലയുടെ കാന്റീനിൽ ജോലിക്ക് ചേർന്ന് യുവതി. പീക്കിംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ചൈനയിൽ നിന്നുള്ള 26 വയസ്സുകാരിയാണ് മറ്റ് ജോലികൾ വേണ്ട എന്നുവെച്ച് കാന്റീനിൽ ജോലിക്ക് ചേർന്നത്. ഹുവാങ് എന്ന യുവതി തന്റെ സന്തോഷത്തിന് പ്രാധാന്യം നൽകിയാണത്രെ ഈ ജോലി തിരഞ്ഞെടുത്തത്.
2022 -ലാണ് ഹുവാങ് ബിരുദം പൂർത്തിയാക്കിയത്. ശേഷം, പ്രമുഖ ഇന്റർനെറ്റ് കമ്പനികളിലും സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും ഇന്റേൺഷിപ്പ് ചെയ്തു. എന്നാൽ, ആ ജോലികളിൽ നിന്നും അവൾക്ക് അത്ര സന്തോഷം കണ്ടെത്താനായില്ല. അതിനേക്കാൾ സന്തോഷവും സംതൃപ്തിയും കാന്റീനിലെ ഈ ജോലി തരുന്നുണ്ട് എന്നാണ് ഹുവാങ് പറയുന്നത്.
വിദ്യാർത്ഥികൾ സ്നേഹത്തോടെ അവളെ വിളിക്കുന്നത് 'മം ഹുവാങ്' എന്നാ
ണ്. അതിരാവിലെ തന്നെ അവൾ തന്റെ ഷിഫ്റ്റ് ആരംഭിക്കും. എത്രനേരം ജോലി ചെയ്താലും അവൾക്ക് മടുപ്പും തോന്നാറില്ലത്രെ. ഭക്ഷണം വിളമ്പുക, വലിയ പാത്രങ്ങളിൽ നിന്ന് സൂപ്പ് നിറയ്ക്കുക, പച്ചക്കറികൾ അരിയുക എന്നിവയാണ് ഹുവാങ്ങിന് കാന്റീനിൽ ചെയ്യേണ്ടത്.
ആദ്യമെല്ലാം ജോലി ചെയ്യുമ്പോൾ ക്ഷീണിക്കുമായിരുന്നു എന്ന് അവൾ പറയുന്നു. ബസ് ഡ്രൈവർമാരുടെ കുടുംബത്തിൽ നിന്നാണ് ഹുവാങ് വരുന്നത്. അവർക്ക് അവളുടെ ഈ ജോലിയോട് ഒട്ടും താല്പര്യമില്ല. ആരെങ്കിലും ചോദിച്ചാൽ ഹുവാങ് യൂണിവേഴ്സിറ്റിയിലാണ് ജോലി ചെയ്യുന്നത് എന്നാണ് അവർ പറയുന്നത്. മിക്കവരും അവൾ പ്രൊഫസറോ മറ്റോ ആണെന്ന് തെറ്റിദ്ധരിക്കുമെന്നും ഹുവാങ് പറയുന്നു.
മാധ്യമസ്ഥാപനത്തിലെ ജോലികൾ വലിയ സമ്മർദ്ദമായിരുന്നു എന്നാണ് ഹുവാങ് പറയുന്നത്. എന്നാൽ, അവളുടെ കൂടെ പഠിച്ചവർ മിക്കവരും വിവിധ മാധ്യമസ്ഥാപനങ്ങളിലും മറ്റുമാണ് ജോലി ചെയ്യുന്നത്. അവർ മാസത്തിൽ രണ്ടും മൂന്നും ലക്ഷം ശമ്പളം വാങ്ങുമ്പോൾ ഹുവാങ്ങിന് 69,000 രൂപ മാത്രമാണ് ശമ്പളം.
എന്നാൽ, തന്നെ അത് അലട്ടുന്നില്ല എന്നും ഈ ജോലി തനിക്ക് ഇഷ്ടമാണ് എന്നും താനതിൽ ഹാപ്പിയാണ് എന്നുമാണ് ഹുവാങ്ങ് പറയുന്നത്.