
കഴിഞ്ഞ ദിവസം ഹൈദ്രാബാദിലെ ഒരു മാളിൽ വച്ച് ഒരു ഇൻഫ്ലുവൻസർ പകർത്തിയ ദൃശ്യങ്ങൾ വലിയ ചർച്ചയായി മാറിയിരുന്നു. ഇവിടെ ഒരു സ്റ്റോറിലുണ്ടായിരുന്ന വനിതാ ജീവനക്കാരിക്ക് നേരെ കോഫി വലിച്ചെറിയുകയായിരുന്നു ഈ ഇൻഫ്ലുവൻസർ. ഇവർ തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും. എന്നാൽ, ഇപ്പോൾ വലിയ വിമർശനമാണ് ഈ ഇൻഫ്ലുവൻസർക്ക് നേരെ ഉയരുന്നത്. ഇവർക്കെതിരെ നടപടി എടുക്കണമെന്നാണ് ഇപ്പോൾ നെറ്റിസൺസ് ആവശ്യപ്പെടുന്നത്.
ഹൈദ്രാബാദിലെ ഒരു മാളിലെ ഒരു സ്റ്റോറിൽ കയറിയപ്പോൾ ഒരു വനിതാ ജീവനക്കാരി തന്നെ പരിഹസിച്ചുവെന്നാണ് ഷെയ്ഖ് മറിയം അലി അവകാശപ്പെടുന്നത്. എന്തിനാണ് ചിരിക്കുന്നതെന്ന് ജീവനക്കാരിയോട് ചോദിച്ചെങ്കിലും അവർ അത് നിഷേധിച്ചുവെന്നും ഷെയ്ഖ് മറിയം അലി പറയുന്നു. മാത്രമല്ല, ജീവനക്കാരി തന്റെ കുട്ടികളോടും മോശമായി പെരുമാറി. ആ സമയത്താണ് ദേഷ്യം വന്ന് താൻ കാപ്പി കൗണ്ടറിലേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതി പറയുന്നത്.
ഇതിന്റെ വീഡിയോയും ഇവർ തന്നെ സ്വന്തം അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. സ്റ്റോറിലെ ജീവനക്കാരിയെ അതിൽ 'വിഡ്ഢി' എന്ന് വിളിക്കുന്നതും കേൾക്കാം. ഒപ്പം ഫോളോവേഴ്സിനോട്, എല്ലാവരും തനിക്കൊപ്പം നിൽക്കണമെന്നും ജീവനക്കാരിയെ താനൊരു പാഠം പഠിപ്പിക്കും എന്നും പറയുന്നത് കേൾക്കാം.
എന്നാൽ, വീഡിയോ വൈറലായതോടെ ആളുകൾ ഷെയ്ഖ് മറിയം അലിക്ക് നേരെ തിരിയുകയായിരുന്നു. അവർ ചെയ്തത് ഒട്ടും ശരിയായില്ല എന്നാണ് മിക്കവരും പ്രതികരിച്ചത്. 'നിങ്ങൾ പറയുന്നു പെരുമാറ്റം മെച്ചപ്പെടുത്തണം എന്ന് നിങ്ങളുടെ പെരുമാറ്റം നോക്കൂ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയതിനും അവർക്ക് നേരെ കോഫി വലിച്ചെറിഞ്ഞതിനും ഇവർക്കെതിരെ കേസ് കൊടുക്കണം' എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്.