
പാർട്ടികൾ, സ്പാ ഒക്കെയായി തുക ചെലവഴിച്ച് കടക്കെണിയിലായ ഒരു 27 -കാരന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 3 ലക്ഷത്തിലധികം രൂപയാണ് കടം. മൂന്ന് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും നാല് പേഴ്സണൽ ലോണുകളും ഉൾപ്പടെയുള്ള തന്റെ ബാധ്യതകളുടെ സ്ക്രീൻഷോട്ട് യുവാവ് പങ്കുവെച്ചിട്ടുണ്ട്. സ്വന്തം വിഡ്ഢിത്തം കൊണ്ടാണ് ഈ കെണിയിൽ വീണതെന്നും യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
മാസം 23,000 രൂപ മാത്രമാണ് ഇയാൾക്ക് കിട്ടുന്ന ശമ്പളം. വാടകയും മറ്റ് വീട്ടുചെലവുകളും കഴിഞ്ഞ് മാസം 4,000 രൂപ മാത്രമേ വായ്പ തിരിച്ചടവിനായി മാറ്റിവെക്കാൻ സാധിക്കൂ. കുടുംബത്തിലെ ഏക വരുമാനമുള്ള ആളും യുവാവാണ്. നിലവിലുള്ള കടങ്ങൾ വീട്ടാനായി കൂടുതൽ കാലാവധിയുള്ള 3 ലക്ഷം രൂപയുടെ പുതിയൊരു പേഴ്സണൽ ലോണിന് ശ്രമിച്ചെങ്കിലും അപേക്ഷകളെല്ലാം നിരസിക്കപ്പെട്ടു. അമിതമായ ക്രെഡിറ്റ് ഉപയോഗം കാരണം സിബിൽ സ്കോർ 770 -ൽ നിന്ന് 765 ആയി കുറഞ്ഞു. സാധ്യമായ തുകയുടെ 80 ശതമാനവും ഇഎംഐ ആക്കി മാറ്റിയിട്ടും മാസത്തവണകൾ അടച്ചുതീർക്കാൻ കഴിയുന്നില്ലെന്ന് യുവാവ് പറയുന്നു.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വ്യത്യസ്തമായ പ്രതികരണങ്ങളുമായി നിരവധിപ്പേരാണ് എത്തിയത്. ഇഎംഐകൾ അടയ്ക്കുന്നത് നിർത്തിവച്ച് വായ്പകൾ സെറ്റിൽ ചെയ്യാൻ ചിലർ ഉപദേശിച്ചു. എന്നാൽ, അത് ക്രെഡിറ്റ് സ്കോറിനെ പൂർണ്ണമായി ഇല്ലാതാക്കുമെന്നും 27 -ാം വയസ്സിൽ അങ്ങനെ ചെയ്യരുതെന്നും മറ്റുള്ളവർ ഓർമ്മിപ്പിച്ചു. ഇത് വെറും 10 മാസത്തെ ശമ്പളത്തിന് തുല്യമായ തുക മാത്രമാണെന്നും കൃത്യമായ പ്ലാനിംഗിലൂടെയും പുതിയ ജോലികൾ മാറിക്കയറുന്നതിലൂടെയും 12 മുതൽ 36 മാസങ്ങൾക്കുള്ളിൽ ഇത് വീട്ടാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സുഹൃത്തുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ചെറിയ പലിശയ്ക്ക് പണം കടം വാങ്ങാനോ സ്വന്തം സാധനങ്ങൾ വിൽക്കാനോ ആയിരുന്നു മറ്റ് ചിലരുടെ നിർദ്ദേശം. അതേസമയം, ചെലവുകൾ പരമാവധി ചുരുക്കി കടം കുറയ്ക്കാൻ മറ്റു ചിലർ ആവശ്യപ്പെട്ടു.