
ഗിന്നസ് റെക്കോർഡിട്ട ചൈനയിലെ ഭീമാകാരമായ ഗ്ലാസ് പാലത്തിൽ വിള്ളൽ വീഴ്ത്താൻ ഒരു സാധാരണ കുട മതിയോ? കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ചൈനയിലെ ബാവോക്വാൻ സിനിക് ഏരിയയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഇതാണ്. ഒരു കൗമാരക്കാരൻ കുടകൊണ്ട് കുത്തിയതിനെ തുടർന്ന് പ്രശസ്തമായ ഗ്ലാസ് പ്ലാറ്റ്‌ഫോമിൽ വിള്ളൽ കണ്ടെത്തിയതോടെ സഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ ഈ ടൂറിസ്റ്റ് കേന്ദ്രത്തിനെതിരെ ഉയരുന്നത്.
ജൂൺ 20-ന് മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള 'ബാവോക്വാൻ ക്ലിഫ് വേൾഡ് സിനിക് ഏരിയ'യിലാണ് സംഭവം. ചൈനയുടെ ഔദ്യോഗിക ടൂറിസം റാങ്കിംഗിൽ ഏറ്റവും ഉയർന്ന പദവിയായ 'നാഷണൽ 5A' റേറ്റിംഗുള്ള വിനോദസഞ്ചാര കേന്ദ്രമാണിതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പാലത്തിലെ ഗ്ലാസ് പാനലിൽ വിള്ളൽ കണ്ടയുടൻ തന്നെ സുരക്ഷാ ജീവനക്കാർ സന്ദർശകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തുടർന്ന് പാലത്തിലുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികളെയും അടിയന്തരമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. വിള്ളലുണ്ടായ പാനലിന് ചുറ്റുമുള്ള ഭാഗം താൽക്കാലികമായി അടച്ചെങ്കിലും, പാലത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നു.
സംഭവം നടന്ന് തൊട്ടടുത്ത ദിവസം വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ വക്താവ് വിശദീകരണവുമായി രംഗത്തെത്തി. മൂന്ന് പാളികളുള്ള ലാമിനേറ്റഡ് സുരക്ഷാ ഗ്ലാസ് ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോം നിർമ്മിച്ചിരിക്കുന്നത്. കുട കൊണ്ടുള്ള ആഘാതത്തിൽ ഒരു പാനലിന്‍റെ ഏറ്റവും മുകളിലത്തെ പാളിക്ക് മാത്രമാണ് കേടുപാട് സംഭവിച്ചതെന്നും താഴെയുള്ള മറ്റ് രണ്ട് പാളികളും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലത്തിന്‍റെ മൊത്തത്തിലുള്ള കരുത്തിനെയോ, ഭാരം താങ്ങാനുള്ള ശേഷിയെയോ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും സുരക്ഷ പൂർണ്ണമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. കേടുപാടുകൾ സംഭവിച്ച പാനൽ മാറ്റുന്നതിനായി നടപടികൾ ആരംഭിച്ചതായും അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ടൂറിസ്റ്റ് കേന്ദ്രം അറിയിച്ചു.
China-Baoquan Cliff World Scenic Area. The scenery here is unique. pic.twitter.com/4UzjCdRqTm
— Bai Hualin(互FO互赞) (@HouRui86742553) May 18, 2024
കുട കൊണ്ട് കുത്തിയപ്പോൾ വിള്ളൽ വീണ ഈ നിർമ്മിതി ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് വ്യൂയിംഗ് പ്ലാറ്റ്‌ഫോമാണ്. 2023 -ൽ ഇതിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചിട്ടുണ്ട്. മേഘത്തിന്‍റെ ആകൃതിയിൽ രണ്ട് നിലകളിലായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്ലാറ്റ്‌ഫോമിന്‍റെ ആകെ വിസ്തൃതി 1,700 ചതുരശ്ര മീറ്ററിൽ അധികമാണ്. മലനിരകളുടെ ഏറ്റവും മുകളിൽ, ഭൂമിയിൽ നിന്ന് ഏകദേശം 180 മീറ്റർ ഉയരത്തിൽ (ഏകദേശം 60 നില കെട്ടിടത്തിന്‍റെ ഉയരം) അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കുന്ന രീതിയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ചെങ്കുത്തായ മലയിടുക്കുകൾക്ക് മുകളിലൂടെ നടക്കാനും, തായ്‌ഹാങ് പർവതനിരകളുടെയും അവിടുത്തെ അപൂർവ്വമായ ചുവന്ന മണൽക്കല്ല് മലഞ്ചെരുവുകളുടെയും മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കാനും ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെയെത്തുന്നത്.