പാക് അധീന കശ്മീരിനോടുള്ള പാകിസ്ഥാന്‍റെ അവഗണനയിൽ പ്രതിഷേധിച്ച് ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഭക്ഷ്യവിതരണം ഉൾപ്പെടെ തടഞ്ഞതോടെ, സഹായത്തിനായി ഇന്ത്യയെ സമീപിക്കുമെന്ന് പ്രതിഷേധക്കാർ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ മാസം മുതൽ ആരംഭിച്ച പ്രതിഷേധം ഇന്ന് പാക് അധീന കശ്മീരിൽ രൂക്ഷമാകുകയാണ്. പാക് അധീന കശ്മീരിനോടുള്ള പാകിസ്ഥാന്‍ സർക്കാറിന്‍റെ നിസഹകരണവും അവഗണനയും പ്രാതിനിധ്യത്തിലുള്ള തർക്കങ്ങളുമാണ് പ്രതിഷേധങ്ങൾക്ക് ശക്തി പകർന്നത്. ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഇന്ന് പാക് സർക്കാറിന് ഒരു സ്ഥിരം തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതിനിടെയാണ് പാക് അധീന കശ്മീർ പാകിസ്ഥാന്‍റെ ഭാഗമല്ലെന്നും വേണ്ടി വന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയെ സമീപിക്കുമെന്നും പ്രതിഷേധക്കാർ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.

പിഒകെ പാകിസ്ഥാന്‍റെ ഭാഗമല്ല

ഏതാനും ദിവസം മുമ്പാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പിഒകെയിലെ പ്രതിഷേധക്കാരും വേണ്ടിവന്നാൽ ഇന്ത്യയുമായി സഹകരിക്കുമെന്ന് പ്രതിഷേധക്കാരുടെ നേതാവായ സർദാർ അമൻ ഖാൻ പറഞ്ഞത്. ഇതോടെ പിഒകെയുടെ കാര്യത്തിൽ പാകിസ്ഥാൻ പ്രതിസന്ധിയിലായി. ബലൂച് മേഖലയിലെ വിമത ശല്യം ശക്തമാകുന്നതിനിടെ പിഒകെയും ഇസ്ലാമാബാദിന് വലിയ തലവേദനയാകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീരിലെ റാവലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെയാണ് തങ്ങളുടെ പ്രദേശം പാകിസ്ഥാന്‍റെ നിയന്ത്രണത്തിലല്ലെന്ന് സർദാർ അമൻ ഖാൻ അവകാശപ്പെട്ടത്. ഒപ്പം ഇന്ത്യയുമായി കൂടുതൽ ശക്തമായ ഇടപെടലിനുള്ള സാധ്യത തേടുമെന്നും അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഭരണം, സാമ്പത്തിക ബുദ്ധിമുട്ട്, പണപ്പെരുപ്പം, ഭരണകൂട അടിച്ചമർത്തൽ, ഭരണപരമായ അവഗണന, സർക്കാറിലെ പ്രാതിനിധ്യം എന്നിങ്ങനെയുള്ള പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആശങ്കകൾ പരിഹരിക്കപ്പെട്ടുന്നില്ലെന്ന നിരന്തരമുള്ള പരാതികളിൽ നിന്നാണ് പ്രതിഷേധം രൂപപ്പെട്ടത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമത്തിനിടെ ഇതിനകം 20 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂൺ അഞ്ച് മുതൽ പാക് സർക്കാർ ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു.

ഭക്ഷ്യവിതരണം തട‌‌‍ഞ്ഞ് പാകിസ്ഥാൻ

പ്രതിഷേധം ശക്തമായതിന് പിന്നാലെ പാകിസ്ഥാൻ അധികൃതർ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വിതരണത്തിൽ രണ്ടാഴ്ചത്തെ ഉപരോധം ഏർപ്പെടുത്തിയത് പ്രതിഷേധം കൂടുതൽ ശക്തി പ്രാപിക്കാൻ കാരണമായി. അതേസമയം ജൂൺ 9 മുതൽ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം നടത്തുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടർന്നാൽ, മേഖലയിലെ ജനങ്ങൾ സഹായത്തിനായി ഇന്ത്യയിലേക്ക് നോക്കുമെന്നും സർദാർ അമൻ ഖാൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ അത് മേഖലയിലെ രാഷ്ട്രീയാവസ്ഥയെ മാറ്റുമെന്നും ഇസ്ലാമാബാദിന് മേൽ സമ്മർദ്ദം കൂടുമെന്നും സർദാർ അമൻ ഖാൻ കൂട്ടിച്ചേർത്തു. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ജനങ്ങൾ നിരസിക്കുകയാണെന്നും ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.