
വൈകാരികമായ ഒരു പുനസ്സമാഗമത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മധ്യ ചൈന. പതിറ്റാണ്ടുകൾക്ക് മുൻപ് യുദ്ധത്തിൽ നഷ്ടപ്പെട്ടുപോയ തന്‍റെ പ്രിയപ്പെട്ടവന്‍റെ മുഖം, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച ചിത്രത്തിലൂടെ തിരികെ കിട്ടിയപ്പോൾ 93 -കാരിയായ വൃദ്ധയ്ക്ക് അത് കണ്ണീരണിയുന്ന അനുഭവമായി മാറി. ഹുനാൻ പ്രവിശ്യയിലെ ലിയുയാങ് സ്വദേശിയായ ഷാവോ സുയിഫെൻ എന്ന വൃദ്ധയ്ക്കാണ് 73 വർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവ് ഷാങ് ഷിക്സിന്‍റെ മുഖം വീണ്ടും കാണാൻ കഴിഞ്ഞത്.
1950 -കളുടെ തുടക്കത്തിലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഷാങ് സൈന്യത്തിൽ ചേർന്നു. 1953 ജൂലൈയിൽ, കൊറിയൻ യുദ്ധത്തിന്‍റെ വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സമയത്തുണ്ടായ കടുത്ത പോരാട്ടത്തിൽ തന്‍റെ 20-ാം വയസ്സിൽ ഷാങ് കൊല്ലപ്പെട്ടു. ഒരു ചിത്രം പോലും അവശേഷിപ്പിക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പിന്നീട് മാതാപിതാക്കളുടെ നിർബന്ധപ്രകാരം ഷാങ്ങിന്‍റെ കസിനെ വിവാഹം കഴിച്ച ഷാവോയ്ക്ക് അഞ്ച് കുട്ടികളുണ്ടായെങ്കിലും, ചെറുപ്പത്തിൽ തനിക്ക് നഷ്ടപ്പെട്ട ആ മനുഷ്യന്‍റെ ഓർമ്മകൾ അവർ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്നു. അവരുടെ മക്കൾ ഇന്നും ആ മൺമറഞ്ഞ സൈനികനെ "ഫാദർ ഷിക്സിൻ" എന്നാണ് വിളിക്കുന്നത്.
പതിറ്റാണ്ടുകളായി കല്ലിൽ കൊത്തിയ പേരുകളിൽ മാത്രം ഒതുങ്ങിയിരുന്ന രക്തസാക്ഷികളുടെ ഓർമ്മകൾക്ക് ജീവൻ നൽകാൻ നാൻജിങ് യൂണിവേഴ്സിറ്റി ഓഫ് ഇൻഡസ്ട്രി ടെക്നോളജിയിലെ ഒരു സന്നദ്ധ ചിത്രകാരന്മാരുടെ സംഘം മുന്നോട്ട് വരികയായിരുന്നു. ബന്ധുക്കളുടെ മുഖസാദൃശ്യം, കുടുംബാംഗങ്ങളുടെ ഓർമ്മകൾ, ചരിത്രരേഖകൾ എന്നിവയെ അടിസ്ഥാനമാക്കി, സ്കെച്ചുകളിലൂടെയും ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെയും ലിയുയാങ്ങിലെ നാല് രക്തസാക്ഷികളുടെ ചിത്രങ്ങൾ അവർ വിജയകരമായി പുനഃസൃഷ്ടിച്ചു.
കഴിഞ്ഞ ദിവസം ചിത്രങ്ങൾ കുടുംബങ്ങൾക്ക് കൈമാറുന്ന ചടങ്ങിൽ, ഭർത്താവിന്‍റെ ചെറുപ്പകാലത്തെ മുഖത്തേക്ക് നോക്കിയതും ഷാവോയുടെ കാലുകൾ തളരുകയും അവർ പൊട്ടിക്കരയുകയും ചെയ്തു. അവന്‍റെ പേര് വിളിച്ച് വിതുമ്പിക്കൊണ്ട് തല ആ ചിത്രത്തിന്‍റെ ഫ്രെയിമിലേക്ക് അവർ ചേർത്തുപിടിച്ചു. "ഇനി മുതൽ ഫാദർ ഷിക്സിൻ എന്നത് വീരന്മാരുടെ മതിലിലെ വെറുമൊരു പേരല്ല, മറിച്ച് ഞങ്ങൾക്ക് കാണാനും ആദരിക്കാനും കഴിയുന്ന ഞങ്ങളുടെ സ്വന്തം ചോരയും ബന്ധുവുമാണ്," ഷാവോയുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു രക്തസാക്ഷിയായ ലിയു സിൻഫുവിന്‍റെ ഇളയ സഹോദരിയും 73 വർഷങ്ങൾക്ക് ശേഷം സഹോദരന്‍റെ മുഖം കണ്ട് ചടങ്ങിൽ വിതുമ്പിപ്പോയി. കൊറിയൻ യുദ്ധത്തിൽ 1,97,000 -ലധികം ചൈനീസ് സൈനികർ മരിച്ചുവെന്നാണ് കണക്ക്. യുദ്ധം അവരെ ഈ ലോകത്ത് നിന്ന് ഇല്ലാതാക്കിയിരിക്കാം, പക്ഷേ, അവരെ സ്നേഹിച്ചവരുടെ ഹൃദയങ്ങളിൽ നിന്ന് ഒന്നിനും അവരെ മായ്ക്കാനാവില്ലെന്ന് ഈ സംഭവം അടിവരയിടുന്നു.