
27-ാം വയസ്സിൽ ഭൂരിഭാഗം യുവാക്കളും കരിയറിന്‍റെ ഉയരങ്ങൾ ലക്ഷ്യമിട്ട് ഓടുമ്പോൾ, 35-ാം വയസ്സിൽ കോർപ്പറേറ്റ് ലോകത്തോട് വിടപറയാൻ ഉറച്ച് ഒരു ഐടി ജീവനക്കാരൻ. വർഷത്തിൽ 23 ലക്ഷം രൂപ വരുമാനമുള്ള 27 -കാരനാണ് എട്ട് വർഷത്തിനുള്ളിൽ 2.5 കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കിയശേഷം കോർപ്പറേറ്റ് ജോലി അവസാനിപ്പിച്ച് സിനിമാ മേഖലയിലേക്ക് കടക്കാൻ പദ്ധതിയിടുന്നെന്ന് സമൂഹ മാധ്യമത്തിൽ എഴുതിയത്. ഇതിനായി താൻ തയ്യാറാക്കിയ 'ഫയർ' (FIRE - Financial Independence, Retire Early) പ്ലാനും അതിനായി അനുയോജ്യയായ പങ്കാളിയെ തെരഞ്ഞപ്പോഴുണ്ടായ അനുഭവങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്.
നിലവിൽ പ്രതിമാസം 1.5 ലക്ഷം രൂപ കയ്യിൽ കിട്ടുന്നതിൽ 1.25 ലക്ഷം രൂപയും യുവാവ് സമ്പാദിക്കുന്നുണ്ട്. ഇതുവരെ 20 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇനി മുതൽ പ്രതിമാസ എസ്‌ഐപി തുകയിൽ ഓരോ വർഷവും 5 ശതമാനം വർദ്ധന വരുത്താനാണ് പ്ലാൻ. 12 ശതമാനം ശരാശരി റിട്ടേൺ പ്രതീക്ഷിച്ചാൽ എട്ട് വർഷത്തിനുള്ളിൽ നിക്ഷേപം 2.8 കോടി രൂപയായി ഉയരും. നികുതി കിഴിച്ചാൽ 2.5 കോടി രൂപയോളം കൈവശമുണ്ടാകും. കഴിഞ്ഞില്ല. തന്‍റെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാൻ കർശനമായ ജീവിതശൈലി നിയന്ത്രണങ്ങളും യുവാവ് ആസൂത്രണം ചെയ്തിട്ടുണ്ട്. 50 വയസ്സ് വരെ ആഡംബര വീടുകൾ വാങ്ങില്ല. 30 വയസ്സിന് ശേഷം മാത്രം 10 - 12 ലക്ഷം രൂപ വിലമതിക്കുന്ന കാർ. സ്വന്തമായി വരുമാനവും സമാനമായ സാമ്പത്തിക കാഴ്ചപ്പാടുകളുമുള്ള ഭാര്യ. വിവാഹ ശേഷവും ഉയർന്ന സമ്പാദ്യനിരക്ക് തുടരാനാണ് ജോലി ചെയ്യുന്ന പങ്കാളിയെ വേണമെന്ന് യുവാവ് നിർബന്ധം പിടിക്കുന്നത്. "ഇന്ന് ഞാൻ 1.5 ലക്ഷം സമ്പാദിച്ച് 1.25 ലക്ഷം ചേർത്തുവെക്കുന്നു. വിവാഹശേഷം ചെലവുകൾ കൂടും. അതിനാൽ ഭാര്യ പ്രതിമാസം 75,000 രൂപയെങ്കിലും കുടുംബത്തിലേക്ക് നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, ഞാൻ ഒരു പങ്കാളിയെയാണ് നോക്കുന്നത്," യുവാവ് കുറിച്ചു.
എന്നാൽ, തന്‍റെ മാനദണ്ഡങ്ങൾക്കൊത്ത പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് ഇയാളുടെ പ്രധാന പരാതി. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ മാട്രിമോണിയൽ സൈറ്റുകളിൽ തിരച്ചിൽ നടത്തിയെങ്കിലും തന്‍റെ ആവശ്യങ്ങൾക്കൊത്ത 30 പ്രൊഫൈലുകൾ മാത്രമാണ് ലഭിച്ചതെന്നും, അതിൽ അയച്ച 10 റിക്വസ്റ്റുകളും നിരസിക്കപ്പെട്ടുവെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു. നേരത്തെ വിരമിക്കുക എന്നത് കൊണ്ട് ജോലി പൂർണ്ണമായി അവസാനിപ്പിക്കുന്നില്ല. മറിച്ച് കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് തിരക്കഥാകൃത്തായി സിനിമാരംഗത്ത് സജീവമാകാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി. സിനിമാ നിർമ്മാണ കമ്പനികളിൽ പരിചയക്കാരുണ്ടെന്നും എഴുത്തിലൂടെ പ്രതിമാസം 35,000 രൂപയോളം വരുമാനം ലഭിക്കുമെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു. എന്നാൽ, യുവാവിന്‍റെ കുറിപ്പിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് നെറ്റിസൺസിൽ നിന്ന് ഉയർന്നത്. യുവാവ് അനാവശ്യമായി സമ്മർദ്ദത്തിലാകുകയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ, ഭാവിയിലെ യഥാർത്ഥ ചെലവുകൾ ഇനിയും കണക്കിലെടുത്തിട്ടില്ലെന്ന് മറ്റു ചിലർ ഓർമ്മിപ്പിക്കുന്നു.