'ജീവിതത്തിൽ ഇനിയൊരിക്കലും പരാതിപ്പെടില്ല'; മുംബൈയിലെ ചോളിൽ ഒരു രാത്രി കഴിയേണ്ടിവന്ന യുവാവിന്‍റെ കുറിപ്പ് വൈറൽ

Published : Aug 14, 2026, 11:09 AM IST
Mumbai's Chawl

Synopsis

മുംബൈയിലെ ഒരു ചോളിൽ ഒരു രാത്രി ചെലവഴിച്ചതിലൂടെ തൻ്റെ ജീവിത കാഴ്ചപ്പാട് മാറിയെന്ന് ഒരു യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും സന്തോഷത്തോടെ ജീവിക്കുന്ന ചോളിലെ മനുഷ്യരെ കണ്ടതോടെ ഇനി ജീവിതത്തിൽ പരാതിപ്പെടില്ലെന്ന് അദ്ദേഹം പറയുന്നു. ഈ അനുഭവം മുംബൈയിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

മുംബൈയിലെ ഒരു ചോളിൽ (Chawl) ഒരു രാത്രി ചെലവഴിച്ച അനുഭവം ജീവിതത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചെന്ന് പറഞ്ഞ് ഒരു യുവാവ് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. മുംബൈയിലെ ഒരു ബന്ധു വീട്ടിൽ എത്തിയത് രാത്രി ഏറെ വൈകി. അത്തരമൊരു അവസ്ഥയിൽ അന്ന് രാത്രി ആ ഇടുങ്ങിയ ചോളിൽ കഴിയേണ്ടിവന്നു. ആ രാത്രി തന്‍റെ ജീവിതത്തിൽ ആദ്യമായി ചോളിലെ ജീവിത യാഥാർത്ഥ്യം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. 'ആ ഒറ്റ രാത്രിയിലെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഇനി ഞാൻ ജീവിതത്തിൽ ഒരിക്കലും പരാതിപ്പെടില്ലെ'ന്ന് യുവാവ് തന്‍റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

ചെറിയ മുറി, അഞ്ചോ ആറോ പേർ...

മൂന്നോ അഞ്ചോ നിലകളുള്ള പരസ്പരം അഭിമുഖീകരിച്ച് നിൽക്കുന്ന ചെറിയ മുറികളുള്ള പൊതു ശൗച്യാലയമുള്ള മുംബൈയിലെ കെട്ടിടങ്ങളെയാണ് ചോൾ എന്ന് വിളിക്കുന്നത്. രാത്രിയോ പകലോ വ്യത്യാസമില്ലാതെ എപ്പോഴും ശബ്ദാനമാനമായ സാഹചര്യമുള്ള ഇവിടെ സ്വകാര്യതയ്ക്ക് യാതൊരു വിലയുമില്ല. വളരെ ചെറിയ ഒറ്റമുറിയിൽ അഞ്ചോ ആറോ പേർ ഒരുമിച്ച് ഉറങ്ങുന്നതും സ്വകാര്യതയില്ലാത്ത സാഹചര്യവും ചുറ്റുമുള്ള ബഹളവുമാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ഏറ്റവും ബുദ്ധിമുട്ടേറിയ അനുഭവം പിറ്റേന്ന് രാവിലെയായിരുന്നു. വീട്ടിൽ സ്വന്തം ശുചിമുറിയില്ലാത്തതിനാൽ പൊതുശുചിമുറി ഉപയോഗിക്കാൻ നീണ്ട ക്യൂവിൽ നിൽക്കേണ്ടിവന്നു. ഈ സമയം മുന്നിൽ ഏകദേശം പത്തോളം പേർ ബക്കറ്റുകളുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആ ക്യൂവിന് പിന്നിൽ നിൽക്കാനുള്ള ധൈര്യം ലഭിക്കാത്തതിനാൽ ശുചിമുറി ഉപയോഗിക്കാതെ തനിക്ക് മടങ്ങേണ്ടി വന്നെന്നും അദ്ദേഹം കുറിപ്പിൽ എഴുതി. എന്നാൽ, ഇതിലും തന്നെ അത്ഭുതപ്പെടുത്തിയത് ചോളിൽ താമസിക്കുന്നവരുടെ സമീപനമായിരുന്നു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും അവിടെയുള്ളവർ സന്തോഷത്തോടെ കഴിയുന്നു. ഫ്ലാറ്റുകളിൽ താമസിക്കുന്നവരെക്കാൾ ചോളിലെ ആളുകൾ പരസ്പരം കുടുംബാംഗങ്ങളെപ്പോലെ കാണുകയും ആവശ്യസമയത്ത് പരസ്പരം സഹായിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീണ്ടുമൊരു തിരിച്ച് പോക്കില്ലെന്ന് ചിലർ

മുംബൈയിൽ ഭൂമിക്കും വീടുകൾക്കും ഉയർന്ന വിലയായതിനാൽ മുംബൈയിലെ വ്യാവസായിക വളർച്ചയുടെ കാലത്ത് രൂപംകൊണ്ട ചോളുകൾ ഇന്നും ആയിരക്കണക്കിന് സാധാരണക്കാർക്ക് താങ്ങാനാകുന്ന താമസസൗകര്യം ഒരുക്കുന്നു. യുവാവിന്‍റെ സമൂഹ മാധ്യമ കുറിപ്പ് മുംബൈയിലെ സാമ്പത്തിക അസമത്വത്തെയും ജീവിതസൗകര്യങ്ങളിലെ വലിയ വ്യത്യാസത്തെയും വീണ്ടും ചർച്ചയാക്കി മാറ്റി. കുറിപ്പ് വൈറലായതോടെ ചോളിലെ താമസക്കാരും പ്രതികരണവുമായി രംഗത്തെത്തി. ചിലർ പിന്നീട് ഫ്ലാറ്റുകളിലേക്ക് മാറിയശേഷം പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ഒരിക്കലും ആഗ്രഹിക്കില്ലെന്നായിരുന്നു എഴുതിയത്. അതേസമയം സൗകര്യങ്ങളില്ലാതാകുന്ന സാഹചര്യങ്ങളിൽ അതിജീവനത്തിനായി മനുഷ്യൻ ലഭ്യമായ സൗകര്യങ്ങളുമായി പൊരുത്തപ്പെടുന്നുവന്ന് മറ്റ് ചിലർ അഭിപ്രയപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

40 വർഷത്തെ ദാമ്പത്യം, ചെലവുകൾ ഇരുവരും പങ്കിട്ടു, പക്ഷേ വീട്ടിൽ ഭാര്യയെ നിരീക്ഷിക്കാൻ കാമറ അടക്കം വച്ച് ഭർത്താവ്!
'പാട്ട് പാടി പക്ഷേ, ആ പാട്ടെഴുതിയ 'അടിയന്‍റെ' പേര് മാത്രം സുരേഷ് ഗോപി പറഞ്ഞില്ല,'; കേന്ദ്ര മന്ത്രിയെ ചിലത് ഓർമ്മപ്പെടുത്തി ശ്രീകുമാരൻ തമ്പി