
ഭക്ഷണം കഴിക്കുന്നതിനിടെ, പ്രത്യേകിച്ചും കുട്ടികൾ അബദ്ധവശാൽ പലതും വിഴുങ്ങാറുണ്ട്. അടുത്തിടെ പെരുമ്പാവൂർ ഒടക്കാലിയിൽ താമസിക്കുന്ന രാജേന്ദ്ര - പുഷ്പലത പാണ്ഡ ദമ്പതികളുടെ രണ്ട് വയസുകാരിയായ മകൾ പ്രിയാൻഷി കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്ററി വിഴുങ്ങുകയത് വലിയ വർത്തയായിരുന്നു. ബാറ്ററി ആശുപത്രിയിൽ നിന്നും പുറത്തെടുത്തെങ്കിലും കുട്ടിയുടെ അന്നനാളത്തിലും ശ്വാസനാളത്തിലും ഗുരുതരമായ പൊള്ളലേറ്റെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തൊട്ട് പിന്നാലെ തൃശ്ശൂർ പറപ്പൂക്കര തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില്‍ റൂബി - അനു ദമ്പതികളുടെ ഒന്നരവയസുള്ള മകന്‍ ഏയ്ബൽ അമരക്കായയുടെ കുരുവിഴുങ്ങി മരിച്ചെന്ന വാർത്തയുമെത്തി. ഇതിലെല്ലാം കുട്ടികളാണ് അബദ്ധത്തിൽ ഓരോന്ന് വിഴുങ്ങിയത്. എന്നാൽ, ഒരു 27 -കാരി ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ ഒരു ഫോർക്ക് വിഴുങ്ങിയെന്ന് കേട്ടാൽ? അതെ, ന്യൂസിലൻഡിൽ അങ്ങനെയൊരു സംഭവം നടന്നു.
ഛർദിക്കാൻ ശ്രമിക്കുന്നതിനിടെ 27-കാരി അബദ്ധത്തിൽ തീൻമേശയിൽ ഉപയോഗിക്കുന്ന ഫോർക്ക് വിഴുങ്ങുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ യുവതിയെ സമീപത്തെ വൈകാട്ടോ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ വയറ്റിൽ ഒരു മുഴുവൻ ഫോർക്ക് കണ്ടെത്തിയതോടെ ഡോക്ടർമാരും അമ്പരന്നു. തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ ഫോർക്ക് കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഛർദിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ ഫോർക്ക് വിഴുങ്ങിയതെന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞതെങ്കിലും, എന്തിനാണ് ഛർദിക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഓക്ലൻഡ് സർവകലാശാലയിലെ സർജറി വിഭാഗം സീനിയർ ലക്ചററായ ഡോ. ജെസ്സി ഫിഷറാണ് ഈ വിവരങ്ങൾ ന്യൂസിലൻഡ് ഹെറാൾഡിനോട് വെളിപ്പെടുത്തിയത്.
വസ്തുക്കൾ അബദ്ധത്തിൽ വിഴുങ്ങി ആശുപത്രിയിലെത്തുന്ന സംഭവങ്ങൾ അപൂർവമല്ലെന്നും അത്തരം പല കേസുകളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുണ്ടാകാറുണ്ടെന്നും ഡോ. ഫിഷർ വ്യക്തമാക്കി. എന്നാൽ, ഈ യുവതിയുടെ കാര്യത്തിൽ അത്തരമൊരു പശ്ചാത്തലമില്ലായിരുന്നു. "വളരെ ആരോഗ്യവതിയായ ഒരു യുവതിയുടെ വയറ്റിലാണ് ഫോർക്ക് ഉണ്ടായിരുന്നത്. അത്തരമൊരു വസ്തു എങ്ങനെയാണ് വയറ്റിനുള്ളിൽ എത്തിയതെന്നത് തന്നെ അതിശയകരമാണ്," അദ്ദേഹം പറയുന്നു.
ചെറിയ വസ്തുക്കൾ വിഴുങ്ങിയാൽ അവ ദഹനവ്യവസ്ഥയിലൂടെ സ്വാഭാവികമായി പുറത്തുപോകാൻ ഡോക്ടർമാർ കാത്തിരിക്കാറുണ്ട്. എന്നാൽ, ഫോർക്ക് പോലുള്ള വലിയ വസ്തുക്കൾ, പ്രത്യേകിച്ചും അപകടരമായ രൂപമുള്ള ഫോർക്ക് പോലൊരു മെറ്റൽ വയറ്റിലിരുന്നാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ശസ്ത്രക്രിയ ആവശ്യമാണ്.
ആദ്യം വായിലൂടെ തന്നെ ഫോർക്ക് പുറത്തെടുക്കാൻ ഡോക്ടർമാർ രണ്ടുതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ട് ദിവസം കഴിഞ്ഞ് യുവതിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങാനും അവർക്ക് കഴിഞ്ഞു. ഇത്തരം വസ്തുക്കൾ മനഃപൂർവം വിഴുങ്ങാൻ ശ്രമിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ഇത്തരം പ്രവൃത്തികളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.