34 ആഴ്ച ഗർഭിണി, നിറവയറുമായി 38 -കാരി ഓടിത്തീർത്തത് ഏഴ് ലോക മാരത്തൺ; അവിശ്വസനീയ നേട്ടം!

Published : Nov 22, 2026, 02:07 PM IST
Deirdre Keane

Synopsis

ഗർഭാവസ്ഥയുടെ 34-ാം ആഴ്ചയിൽ ന്യൂയോർക്ക് സിറ്റി മാരത്തൺ പൂർത്തിയാക്കി 38-കാരിയായ ഡെയ്ഡ്രെ കീൻ അപൂർവ നേട്ടം സ്വന്തമാക്കി. ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ച് ഈ വർഷത്തെ ഏഴ് ലോക മാരത്തൺ മേജർ മത്സരങ്ങളും ഇവർ ഫിനിഷ് ചെയ്തു. ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് ഗർഭകാലത്ത് അവർ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ഗർഭാവസ്ഥയുടെ 34 -ാം ആഴ്ചയിൽ ന്യൂയോർക്ക് സിറ്റി മാരത്തൺ പൂർത്തിയാക്കി അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 38 -കാരിയായ ഡെയ്ഡ്രെ കീൻ. ഈ വർഷം നടന്ന ഏഴ് ലോക മാരത്തൺ മേജർ മത്സരങ്ങളിലും പങ്കെടുത്ത് ഫിനിഷ് ചെയ്തതോടെയാണ് ന്യൂയോർക്ക് സ്വദേശിനിയായ ഈ യുവതി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായത്. നവംബർ ഒന്നിന് നടന്ന ന്യൂയോർക്ക് സിറ്റി മാരത്തൺ 4 മണിക്കൂർ 6 മിനിറ്റ് 55 സെക്കൻഡിൽ ഓടിയെത്തിയാണ് ഇവർ ഏഴ് മാരത്തണുകളും പൂർത്തിയാക്കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

അസാധാരണ അനുഭവമെന്ന്

നഴ്‌സ് പ്രാക്ടീഷണറും മാനേജ്‌മെന്‍റ് കൺസൾട്ടന്‍റുമാണ് ഡെയ്ഡ്രെ കീൻ. ന്യൂയോർക്ക് മാരത്തണിന് മുമ്പ് ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ, സിഡ്‌നി, ബെർലിൻ, ചിക്കാഗോ എന്നീ മാരത്തണുകളിലും അവർ പങ്കെടുത്തിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ദീർഘദൂര ഓട്ടമത്സരങ്ങളായ ഇവയെയാണ് ഒരുമിച്ച് 'വേൾഡ് മാരത്തൺ മേജേഴ്സ്' എന്ന് വിശേഷിപ്പിക്കുന്നത്. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിൽ മാരത്തണിൽ പങ്കെടുക്കുന്നത് അസാധാരണമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് കീൻ, അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഏഴ് പ്രധാന മാരത്തണുകൾക്ക് പുറമേ രണ്ട് അൾട്രാമാരത്തണുകൾ, ഒരു അയൺമാൻ മത്സരം, അയർലൻഡിലെ ഒരു ട്രെയിൽ മാരത്തൺ എന്നിവയുൾപ്പെടെ ആകെ 11 മത്സരങ്ങൾക്കാണ് അവർ രജിസ്റ്റർ ചെയ്തിരുന്നത്. മാർച്ചിൽ ടോക്കിയോ മാരത്തൺ പൂർത്തിയാക്കിയശേഷം ഏപ്രിലിൽ നടന്ന ബോസ്റ്റൺ, ലണ്ടൻ മത്സരങ്ങൾക്കിടെ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്.

എല്ലാം ഡോക്ടറുടെ നിർദ്ദേശത്തിന് അനുസരിച്ച്

ഗർഭിണിയാണെന്നറിഞ്ഞിട്ടും ഓട്ടം പൂർണമായും ഉപേക്ഷിക്കാൻ കീൻ തയ്യാറായില്ല. എങ്കിലും ശാരീരിക ആയാസം കുറയ്ക്കുന്നതിനായി അയൺമാൻ മത്സരവും അൾട്രാമാരത്തണുകളിൽ ഒന്നും ഒഴിവാക്കി. തുടക്കത്തിൽ ഭർത്താവ് ബ്രയാന് ആശങ്കകളുണ്ടായിരുന്നു. എങ്കിലും ഓരോ മത്സരത്തെയും പ്രത്യേകം വിലയിരുത്തി മുന്നോട്ടുപോകാനായിരുന്നു ഇരുവരുടെയും തീരുമാനം. വേഗത കൂട്ടാൻ ശ്രമിക്കാതെ, ആവശ്യമായിവന്നാൽ നടക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടായിരുന്നു പരിശീലനം. ഡോക്ടറുടെ അനുവാദത്തോടെ ആയിരുന്നു കീൻ മത്സരത്തിൽ പങ്കെടുത്തത്.

ആവശ്യത്തിന് വെള്ളം കുടിക്കുക, പോഷകാഹാരം ഉറപ്പാക്കുക, പേശിവലിവ് അനുഭവപ്പെട്ടാൽ ഓട്ടം നിർത്തുക തുടങ്ങിയ കർശന നിർദേശങ്ങളും ഡോക്ടർ നൽകിയിരുന്നു. ഇതനുസരിച്ച് ഗർഭാവസ്ഥയുടെ 25-ാം ആഴ്ചയിൽ സിഡ്‌നി മാരത്തണും, 29-ാം ആഴ്ചയിൽ ബെർലിൻ മാരത്തണും, 31-ാം ആഴ്ചയിൽ ചിക്കാഗോ മാരത്തണും കീൻ പൂർത്തിയാക്കി. ഒടുവിൽ 34-ാം ആഴ്ചയിൽ ന്യൂയോർക്ക് സിറ്റി മാരത്തണിലും ഫിനിഷിങ് ലൈൻ കടന്നു.

ഒപ്പം നിന്ന് ഭർത്താവ്, പ്രോത്സാഹിപ്പിച്ച് സുഹൃത്തുക്കൾ

ഗർഭാവസ്ഥയുടെ ഏറ്റവും നിർണായക സമയമായിരുന്നതിനാൽ അവസാന മത്സരം കീനിന് ഏറെ വൈകാരികവും പ്രത്യേകതയുള്ളതുമായിരുന്നു. വഴിനീളെ സുഹൃത്തുക്കളെത്തി പ്രോത്സാഹിപ്പിച്ചപ്പോൾ, ഭർത്താവ് ബ്രയാൻ പലതവണ ഓട്ടത്തിനിടെ കുടിവെള്ളം എത്തിച്ച് നൽകി. മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലുള്ള വെയിൽ കോർണൽ മെഡിക്കൽ സെന്‍ററിന് സമീപത്തുകൂടിയായിരുന്നു മാരത്തൺ പാത കടന്നുപോയത്. കീൻ പ്രസവിക്കാൻ തീരുമാനിച്ചിരിക്കുന്ന ആശുപത്രിയാണിത്.

കീനിന്‍റെ നേട്ടങ്ങൾ ഗർഭകാലത്തെ പ്രകടനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതുവരെ 74 മാരത്തണുകളും അൾട്രാമാരത്തണുകളും അവർ പൂർത്തിയാക്കിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് മാരത്തണുകൾ പൂർത്തിയാക്കുന്ന 'വേൾഡ് മാരത്തൺ ചലഞ്ചിൽ' 2023 -ൽ അവർ പങ്കെടുത്തിരുന്നു. ആ വർഷം ഈ വെല്ലുവിളി പൂർത്തിയാക്കിയ വനിതകളിൽ ഏറ്റവും വേഗമേറിയ താരവും ഡെയ്ഡ്രെ കീൻ ആയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'എനിക്കവരെ ഒരുപാട് ഇഷ്ടമാണ്! മകളെ യാത്രയാക്കാൻ ഓടിമറയുന്ന ട്രെയിനിനൊപ്പം നടന്ന് മാതാപിതാക്കൾ; ഹൃദയം തൊടുന്ന ദൃശ്യങ്ങൾ
മേയർ 'ശല്യക്കാരനെ'ന്ന് പരാതി എട്ട് മാസം തടവും പിഴയും വിധിച്ച് കോടതി; ദമ്പതികളുടെ പരാതിയിലാണ് മുൻ ഫ്രഞ്ച് മേയർക്കെതിരെ നടപടി