
ഒരു തടവുകാരന് വേണ്ടി ജയിലില്‍ ഒരു ദിവസം എത്ര രൂപ വച്ചാണ് സര്‍ക്കാർ ചെലവെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനൊരു ചോദ്യം ഓസ്ട്രിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതിന് കാരണമായതോ മയക്കുമരുന്ന് വില്പനയക്ക് അറസ്റ്റിലായ 29 -കാരനായ ഒരു തടവുകാരന്‍റെ ചേലവിനായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയുടെ വിവരം പുറത്ത് വന്നതും. രാജ്യത്ത് വലിയ വിവാദമായി ഈ ചെലവ് ഇപ്പോൾ അന്താരാഷ്ട്രാതലത്തിലും ശ്രദ്ധേയമായി. ഏകദേശം 300 കിലോഗ്രാം ഭാരമുള്ള 29 വയസുകാരനായി തടവുകാരന് വേണ്ടി മാത്രം, ശരാശരി ഒരു തടവുകാരന് ചെലവഴിക്കുന്നതിന്‍റെ 10 മടങ്ങ് കൂടുതൽ ചെലവഴിക്കുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ട ഒരാൾക്ക് വേണ്ടി നികുതിദായകരുടെ ഇത്രയധികം പണം എന്തിനാണ് ചെലവഴിക്കുന്നതെന്ന് ചോദ്യമാണ് ഓസ്ട്രിയയില്‍ നിന്നും ഉയർന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പോലീസ് 45 കിലോ കഞ്ചാവ്, 2 കിലോ കൊക്കെയ്ൻ, ഏകദേശം 2 കിലോ ആംഫെറ്റാമൈൻ, 2,000 -ത്തിലധികം എക്സ്റ്റസി ഗുളികകൾ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ആദ്യം വിയന്നയിലെ ജോസഫ്സ്റ്റാഡ് ജയിലിലായിരുന്നു പേര് വെളിപ്പെടുത്താത്ത ഈ തടവുകാരനെ പാര്‍പ്പിച്ചിരുന്നത്. എന്നാൽ, ജയിലിലെ കിടക്കയ്ക്ക് അയാളുടെ ഭാരം താങ്ങാനാവാത്തതിനാല്‍ അത് വളഞ്ഞ് പോയി. പിന്നാലെ ഇയാളെ തലസ്ഥാനത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള കോർണ്യൂബർഗ് ജയിലിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇയാൾക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ച കസ്റ്റം-വെൽഡഡ് കട്ടിലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 24 മണിക്കൂറും നഴ്സുമാരുടെ പരിചരണവും ഇയാൾക്ക് ലഭ്യമാണ്. ഒരു സാധാരണ തടവുകാരന് 180 യൂറോ (6,000 രൂപ) എന്ന നിരക്കിൽ കണക്കാക്കിയാൽ ഒരു ദിവസം ഈ തടവുകാരന്‍റെ പരിചരണത്തിന് മാത്രം ഏകദേശം 1,800 യൂറോ (1.6 ലക്ഷം രൂപ) ചിലവാകുമെന്ന് ജുഡീഷ്യൽ വൃത്തങ്ങൾ വെളിപ്പെടുത്തി. മയക്കുമരുന്ന് കേസില്‍ ഉൾപ്പെട്ട ഒരു കുറ്റവാളിക്ക് വേണ്ടി സര്‍ക്കാര്‍ ഇത്രയേറെ പണം ചെലവഴിക്കുന്നുവെന്ന റിപ്പോര്‍ട്ട് രാജ്യത്ത് വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. സാധാരണ പൗരന്മാർക്ക് ഒരു ഡോക്ടറുടെ അപ്പോയിന്‍മെന്‍റ് ലഭിക്കാന്‍ മാസങ്ങൾ കാത്തിരിക്കേണ്ടിവരുമ്പോൾ ഒരു കുറ്റവാളിയെ പരിചരിക്കാന്‍ ദിവസം മുഴുവനും നേഴ്സുമാരെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. ജയിലിലെ കുറ്റവാളികള്‍ക്കുള്ള പൊതു ഫണ്ട് വിതരണം ഏകീകരിക്കണമെന്നും ഇതോടെ ആവശ്യമുയര്‍ന്നു.