
ഇന്ത്യയില്‍ മൃഗങ്ങളും മനുഷ്യരും വലിച്ച വണ്ടികളില്‍ നിന്നും ഗതാഗത സംവിധാനം ആധുനീക കാലത്തേക്ക് ആദ്യമായി ചുവട് വച്ചത് 1920 -കളോടെയാണ്. കുതിരവണ്ടികളും മനുഷ്യന്‍ വലിക്കുന്ന റിക്ഷകളും മാത്രമായിരുന്നു അക്കാലത്തെ ഇന്ത്യന്‍ റോഡുകളിലെ പ്രധാന ഗതാഗത മാര്‍ഗം. ഇതിനിടെയാണ് 1928 -ൽ ബോംബെയിൽ (ഇന്നത്തെ മുംബൈ) ബർമ്മ ഷെൽ കമ്പനി ഇന്ത്യയിലെ ആദ്യത്തെ പെട്രോൾ പമ്പ് തുറന്നത്. ബോംബെഹ്യൂസ് റോഡിലെ ആ ചെറിയ പെട്രോൾ പമ്പ് സ്റ്റേഷൻ അങ്ങനെ ഇന്ത്യന്‍ ഗതാഗത ചരിത്രത്തിന്‍റെ ഭാഗമായി മാറി.
അന്നത്തെ ഹ്യൂസ് റോഡാണ് ഇന്നത്തെ വോർലിയിലെ ആനി ബസന്‍റ് റോഡ്, കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന രണ്ട് ഹാന്‍റ് പമ്പുകളായിരുന്നു അന്ന് പമ്പില്‍ ഉപയോഗിച്ചിരുന്നത്. രണ്ട് പമ്പിലുമായി ഏകദേശം 200-300 ഗാലൺ (900-1,200 ലിറ്റർ) സംഭരണ ശേഷി മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഇന്നത്തെ അവസ്ഥയില്‍ കുറച്ച് വാഹനങ്ങൾക്ക് മാത്രം അടിക്കാന്‍ ആവശ്യമായ പെട്രോൾ! എന്നാല്‍ അന്നത്തെ കാലത്ത് അത് ധാരാളമായിരുന്നു. കാരണം മുംബൈ നഗരത്തില്‍ അന്ന് വളരെ കുറച്ച് വാഹനങ്ങൾ മാത്രമാണ് ഓടിയിരുന്നത്.
ഇന്ത്യയ്ക്ക് അന്ന് സ്വന്തമായി ഒരു എണ്ണ ശുദ്ധീകരണശാല പോലുമുണ്ടായിരുന്നില്ല. ബർമ്മ (മ്യാൻമർ), ഇറാൻ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്ന് കപ്പലുകൾ വഴിയാണ് അന്ന് ഇന്തയ പെട്രോൾ ഇറക്കുമതി ചെയ്തിരുന്നത്. തുറമുഖങ്ങളില്‍ നിന്ന് ട്രക്കുകളോ കാളവണ്ടികളോ വഴി 40 ഗാലൺ ഡ്രമ്മുകളിലായി പമ്പിലേക്ക് പെട്രോൾ എത്തിക്കും. തുടർന്ന് അവിടെ സൂക്ഷിക്കുന്ന പെട്രോൾ ഹാന്‍റ് പമ്പുകൾ ഉപയോഗിച്ച് വാഹനങ്ങളലേക്ക് അടിക്കുന്നതായിരുന്നു അന്നത്തെ രീതി.
രസകരമായ മറ്റൊരു കാര്യം അന്ന് ഒരു ലിറ്ററിന് 1 അണ (6 പൈസ) മുതൽ 2 അണ (12 പൈസ) വരെയായിരുന്നു പെട്രോളിന്‍റെ വില! ഇന്ന് അതൊരു നിസാര തുക പോലും ആകുന്നില്ലെങ്കിലും അന്നത്തെ കാലത്ത് സാധാരണക്കാരന് ചിന്തിക്കാന്‍ കഴിയാത്ത തുകയായിരുന്നു അത്. കാരണം. അന്നത്തെ ഒരു സാധാരക്കാരന്‍റെ ശരാശരി വരുമാനം ഒരു രൂപയില്‍ താഴെ മാത്രമാണെന്നത് തന്നെ.
1920 കളുടെ അവസാനത്തോടെ, ഇന്ത്യയിൽ ഏകദേശം 15,000 -ത്തിനും 20,000 -ത്തിനും ഇടയില്‍ കാറുകൾ മാത്രമേ ഉപയോഗിച്ചിരുന്നൊള്ളൂ. അതില്‍ തന്നെ 6,000-7,000 എണ്ണം കാറുകൾ മുംബൈ നഗരത്തിൽ മാത്രം ഓടി. മുംബൈ നഗരത്തിൽ 1911 ൽ ആരംഭിച്ച ആദ്യത്തെ മോട്ടോർ ടാക്സി സർവീസും കൂട്ടിയാണ് ഈ എണ്ണം. ബർമ്മ ഷെൽ കമ്പനിയുടെ പെട്രോൾ പമ്പിലെ പ്രധാന ഉപഭോക്താക്കളും ഈ ടാക്സികളായിരുന്നു.
യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പെട്രോൾ ബാരലുകൾ മഴയും വെയിലും കൊണ്ടു. റിഫൈനികളുടെ അഭാവവും ഇന്ധന വിതരണത്തിലെ കൃത്യത ഇല്ലായ്മയും പെട്രോൾ ബാരലുകളുടെ വരവിലെ താമസവും പമ്പിന്‍റെ നടത്തിപ്പിനെ പലപ്പോഴും ബാധിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. അതിനാല്‍ ആദ്യത്തെ പമ്പ് തുറക്കാന്‍ ഒരു നിയന്ത്രണവും ഈസ്റ്റ് ഇന്ത്യാ കമ്പനയില്‍ നിന്നും നേരിട്ടിരുന്നില്ലെന്നത് മറ്റൊരു സത്യം.
ടാക്സി സര്‍വ്വീസ് കഴിഞ്ഞാല്‍ മുംബൈയിലെ അക്കാലത്തെ പണക്കാരും ബിസിനസുകാരുമായ പാർസി, ഗുജറാത്തി കുടുംബങ്ങൾ, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരായിരുന്നു മറ്റ് ഉപഭോക്താക്കൾ. പിന്നെ മുംബൈ സന്ദർശിക്കുന്ന മഹാരാജാക്കന്മാരുടെ റോൾസ് റോയ്‌സ് പോലുള്ള ആഡംബര കാറുകളും ഈ ഹാന്‍റ് പമ്പ് സ്റ്റേഷനിലേക്ക് എത്തി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ചാർണി റോഡ് ഈസ്റ്റിനടുത്തുള്ള ഓപ്പറ ഹൗസിന് സമീപത്തേക്ക് ഈ പെട്രോൾ സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നെ പതുക്കെ ചരിത്രമായി.