
ഇന്ത്യ സ്ട്രീറ്റ് ഫുഡിന് പേരു കേട്ടതാണ്. വൃത്തിയുടെയും ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കുന്ന രീതിയുടെയും ഒക്കെ പേരിൽ പലപ്പോഴും വലിയ വിമർശനങ്ങളും സ്ട്രീറ്റ് ഫുഡ് വില്പനക്കാർ നേരിടാറുണ്ട്. ഇന്ത്യൻ തെരുവുകളിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന വ്യത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങളുടെ വീഡിയോകൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞദിവസം ഒരു ഫുഡ് ട്രാവലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയും സമാനമായ രീതിയിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.
കൊൽക്കത്തയിലെ ഒരു തെരുവിൽ നിന്നും ചിത്രീകരിച്ച ഈ വീഡിയോയിൽ അദ്ദേഹം കാണിക്കുന്നത് ഒരു വഴിയോര കച്ചവടക്കാരൻ കുക്കുമ്പറിന്റെ തൊലി വിൽപ്പനയ്ക്കായി കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ്. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് അദ്ദേഹം ഇത് വിൽപ്പന നടത്തുന്നത്.
ഏറെ അമ്പരപ്പോടെയാണ് സോഷ്യൽ മീഡിയ യൂസർമാർ ഈ വീഡിയോ ഏറ്റെടുത്തത്. വീഡിയോയിൽ യൂട്യൂബർ ആ കച്ചവടക്കാരനിൽ നിന്നും കുക്കുമ്പറിന്റെ തൊലി വാങ്ങുന്ന ദൃശ്യങ്ങളുമുണ്ട്. ഒരു ചെറിയ പേപ്പർ കഷണത്തിൽ ഒരു പിടി കുക്കുമ്പർ തൊലി വാരിയിട്ട് അതിന്റെ മുകളിലേക്ക് പ്രത്യേകം തയ്യാറാക്കി വച്ചിരിക്കുന്ന ഒരു മസാലപ്പൊടിയും വിതറിയാണ് ഇത് വിൽപ്പന നടത്തുന്നത്. യൂട്യൂബർ അത് കഴിച്ചോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. കച്ചവടക്കാരൻ നിന്നും സാധനം വാങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വൈറലായ വീഡിയോ കണ്ട് ഞെട്ടിയ നെറ്റിസൻമാർ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഇട്ടിരിക്കുന്നത്. പശുക്കളുടെയും ആടുകളുടെയും ഭക്ഷണം പോലും മനുഷ്യനു കഴിക്കാൻ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്.
ദയവുചെയ്ത് അതെങ്കിലും മിണ്ടാപ്രാണികൾക്ക് വിട്ടു നൽകണമെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഇങ്ങനെ പോയാൽ മൃഗങ്ങൾ എന്തു കഴിക്കുമെന്നും ചിലർ തമാശരൂപേണ ചോദിച്ചു. ഏതോ കല്യാണവീട്ടിൽ നിന്നും വാരിക്കൊണ്ടുവന്ന കുക്കുമ്പറിന്റെ തൊലിയാണ് അതെന്നായിരുന്നു മറ്റൊരു കമന്റ്. ഇനിയാരും ഇതൊരു ബിസിനസ് ആക്കി മാറ്റാതിരിക്കട്ടെ എന്നും ചിലർ കുറിച്ചു.