
കുളത്തില്‍ നിന്നും മദ്യം കിട്ടുമോ? നെറ്റിചുളിക്കണ്ട, സംഗതി കിട്ടുമെന്നാണ് ഛത്തീസ്ഗഡില്‍ നിന്നുള്ള ചില വാര്‍ത്തകൾ പറയുന്നത്. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ ഗനിയാരി പ്രദേശത്തെ ഒരു കുളത്തില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് ഒന്നും രണ്ടമല്ല വില്പനയ്ക്ക് തയ്യാറായ 370 ലിറ്റര്‍ മദ്യവും 8,700 കിലോ വാഷുമാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും അളവില്‍ അനധികൃത മദ്യം പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പേ തുടങ്ങിയ അനധികൃത മദ്യ സംഘത്തിന്‍റെ തയ്യാറെടുപ്പുകളാണ് എക്സൈസ് സംഘത്തിന്‍റെ നീക്കത്തിലൂടെ പൊളിഞ്ഞത്. ഏപ്രില്‍ 19 -നാണ് ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനായി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഈ അനധികൃത വ്യാജ മദ്യ ഉത്പാദനമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പ്രദേശത്തെ കുളത്തില്‍ വലിയ അളവില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യം പിടികൂടിയത്.
മുങ്ങല്‍ വിഗദ്ഗരുടെ സഹായത്തോടെയാണ് എക്സൈസ് വകുപ്പ് ഇത്രയേറെ മദ്യം കുളത്തില്‍ നിന്നും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കണ്ടെത്തിയതില്‍ 8,700 കിലോ 'മഹുവാ ലഹാന്‍' എന്നറിയപ്പെടുന്ന പ്രാദേശിക മദ്യത്തിനാവശ്യമായ വാഷാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രദേശത്ത് വ്യാപകമായ വ്യാജ മദ്യ ഉത്പാദനം നടക്കുന്നതായി വ്യാപകമായ പരാതികൾ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അനധികൃത മദ്യ നിര്‍മ്മാണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കർശനമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.