മരുമകന് വേണ്ടി കുടുംബം ഒരുക്കിയത് 379 വിഭവങ്ങൾ!

By Web TeamFirst Published Jan 18, 2023, 12:22 PM IST
Highlights

മരുമകൻ വരുന്നതറിഞ്ഞ് ഒരാഴ്ച മുമ്പ് തന്നെ സദ്യക്കുള്ള ഒരുക്കം കുടുംബം തുടങ്ങി. അങ്ങനെയാണ് 379 വിഭവങ്ങൾ തയ്യാറായത്.

മക്കളുടെ ഭർത്താക്കന്മാർക്ക് നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക എന്നത് പലപ്പോഴും പല കുടുംബങ്ങൾക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ, ആരെങ്കിലും മരുമകന് നൽകാൻ 379 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യ തയ്യാറാക്കുമോ? അങ്ങനെ തയ്യാറാക്കുന്നവരും ഉണ്ട്. 

നേരത്തെ തന്നെ വളരെ പ്രസിദ്ധമാണ് ആന്ധ്രയിലെ ​ഗോദാവരി തീരപ്രദേശത്തെ ഭക്ഷണങ്ങളിലെ വൈവിധ്യം. ഇവിടെ ഒരു കുടുംബമാണ് മകര സംക്രാന്തിക്ക് എത്തുന്ന മരുമകന് വേണ്ടി 379 വിഭവങ്ങളടങ്ങുന്ന സദ്യ ഒരുക്കിയത്. ഏലൂരിലെ ഭീമ റാവു - ചന്ദ്രലീല ദമ്പതികളുടെ മകൾ ഭർത്താവിനൊപ്പം അനകപ്പള്ളിയിലാണ് താമസം. ഞായറാഴ്ചയാണ് ഇവർ ഏലൂരിലെ വീട്ടിൽ എത്തിയത്. 

എന്നാൽ, ഭാര്യയുടെ വീട്ടിൽ എത്തിയ ബുദ്ധ മുരളീധർ ഞെട്ടിപ്പോയി. അത്രയധികം വിഭവങ്ങളായിരുന്നു ഭാര്യവീട്ടുകാർ ഒരുക്കി വച്ചിരുന്നത്. ​ഗോദാവരി ജില്ലയിൽ നിന്നും ഉള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നത് എപ്പോഴും മുരളീധറിന്റെ ആ​ഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ നിന്നുള്ള കോരുബള്ളി കുസുമയുടെ മാതാപിതാക്കളിൽ നിന്നും ആലോചന വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ യെസ്സും പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ 16 -നായിരുന്നു ഇരുവരുടേയും വിവാഹം. 

സ്വതവേ ഇവിടെയുള്ള ആളുകൾ അതിഥികളെ നന്നായി സൽക്കരിക്കുന്നതിൽ പേരുകേട്ടവരാണ്, പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ. അതുകൊണ്ട് തന്നെ മരുമകൻ വരുന്നതറിഞ്ഞ് ഒരാഴ്ച മുമ്പ് തന്നെ സദ്യക്കുള്ള ഒരുക്കം കുടുംബം തുടങ്ങി. അങ്ങനെയാണ് 379 വിഭവങ്ങൾ തയ്യാറായത്. പായസം, ഡ്രൈ ഫ്രൂട്ട്‌സ് ലഡ്‌ഡു, ജാംഗ്രി, പനീർ ജിലേബി, ബട്ടർ ബർഫി തുടങ്ങി അനേകം വിഭാവങ്ങളാണ് കുടുംബം ഒരുക്കിയത്. 

'ഒരാഴ്ചയായി തന്റെ കുടുംബം ഈ ഭക്ഷണത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഇത്രയധികം വിഭവങ്ങൾ കണ്ട് തന്റെ ഭർത്താവ് ഞെട്ടിപ്പോയി' എന്ന് കുസുമ പറഞ്ഞു. 'തന്റേത് ഒരു വലിയ കൂട്ടുകുടുംബം ആണ് ആരും ഇതുവരെ ​ഗോദാവരി ജില്ലയിൽ നിന്നും വിവാഹം ചെയ്തിട്ടില്ല. എന്നാൽ, ഈ സൽക്കാരം കണ്ട ശേഷം പല കസിൻസും ഈ നാട്ടിൽ നിന്നും വിവാഹം നോക്കുകയാണ്' എന്ന് മുരളീധർ പറഞ്ഞു. ഒപ്പം ഓരോ വിഭവവും മനോഹരമായിരുന്നു എന്നും വ്യത്യസ്തമായ രുചി ആയിരുന്നു എന്നും മുരളീധർ പറഞ്ഞു. 

click me!