
ടാക്സി യാത്രകളിലുണ്ടാകാറുള്ള ദുരനുഭവങ്ങൾ പലപ്പോഴും പല സ്ത്രീകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ, ഒരു അനുഭവമാണ് സഞ്ജന എന്ന യുവതിയും ഷെയർ ചെയ്യുന്നത്. ഗുഡ്ഗാവിൽ നിന്നുള്ള സെയിൽസ് മാനേജരാണ് സഞ്ജന. പുലർച്ച 4 മണിക്കായിരുന്നു സഞ്ജന തനിക്ക് യാത്ര ചെയ്യാനായി ഊബർ ബുക്ക് ചെയ്യുന്നത്. ഡ്രൈവർ എവിടെ എത്തി എന്ന് അറിയാൻ കഴിയാത്തതിനാലും ആപ്പിലൂടെ ഫോൺ കോൾ കണക്ടാവാത്തതിനാലും ഒടുവിൽ അവൾ തന്റെ ഫോൺ നമ്പർ ഡ്രൈവറിന് ഷെയർ ചെയ്യുകയായിരുന്നു. അങ്ങനെ വണ്ടി വന്നു. എന്നാൽ, വണ്ടിയിൽ കയറിയ ശേഷം ആപ്പിൽ കാണിച്ച തുകയേക്കാൾ കൂടുതൽ പണം ഡ്രൈവർ ആവശ്യപ്പെട്ടു. പണം നൽകാൻ സഞ്ജന വിസമ്മതിച്ചപ്പോൾ ഡ്രൈവർ അവളെ വണ്ടിയിൽ നിന്ന് ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയായിരുന്നു.
അതുകൊണ്ടും തീർന്നില്ല, യാത്ര അവസാനിച്ച ശേഷവും അവളെ ശല്ല്യപ്പെടുത്തുന്നത് ഡ്രൈവർ തുടരുകയായിരുന്നു. ഡ്രൈവർ തന്റെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പറുകളിൽ നിന്ന് സഞ്ജനയെ നിരന്തരം വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങി. ലിങ്ക്ഡ്ഇന്നിലാണ് സഞ്ജന തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനെ ഒരു പോസ്റ്റ് എഴുതേണ്ടി വരുമെന്ന് താൻ ഒരിക്കലും കരുതിയില്ല. എന്നാൽ, ഇന്ന് പുലർച്ചെ നാല് മണിക്ക് തനിക്കുണ്ടായിരിക്കുന്ന അനുഭവം വളരെ അസ്വസ്ഥാജനകവും യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയുമുണ്ടാക്കുന്നതാണ്' എന്നാണ് സഞ്ജന കുറിച്ചിരിക്കുന്നത്. അതോടെ, ഊബർ ഇന്ത്യ മറുപടിയുമായി രംഗത്തെത്തി. ഡ്രൈവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടി അവരുടെ ഫോൺ നമ്പറുകൾ ആപ്പിൽ രഹസ്യമാക്കിയാണ് വയ്ക്കുന്നത് എന്നും കമ്പനി വ്യക്തമാക്കി. ഡ്രൈവർമാർക്ക് ഒരിക്കലും സ്വന്തം നമ്പർ നൽകരുത് എന്ന ഉപദേശവും ഊബർ നൽകുന്നുണ്ട്. എന്നാൽ, ഇതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇവിടെ ദുരനുഭവമുണ്ടായ സഞ്ജനയെ കുറ്റപ്പെടുത്തുന്നതുപോലെയാണ് ഊബർ സംസാരിക്കുന്നത് എന്നാണ് പലരും പറഞ്ഞത്. അതേസമയം, തുടക്കത്തിൽ ഊബർ കസ്റ്റമർ സപ്പോർട്ട് ഇത്തരം ഒരു യാത്രയേ നടന്നിട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതും സഞ്ജന ചൂണ്ടിക്കാണിച്ചു. നിരവധിപ്പേരാണ് സഞ്ജനയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഊബറിന്റെ കസ്റ്റമർ സപ്പോർട്ട് കാര്യക്ഷമമേയല്ലെന്ന് പലരും ചൂണ്ടിക്കാണിച്ചു. യാത്രക്കാരുടെ സുരക്ഷയെ കുറിച്ചും പലരും ആശങ്ക പ്രകടിപ്പിച്ചു.