
ഐ.ടി തലസ്ഥാനമായ ബെംഗളൂരുവിലെ വീട്ടുവാടക വിപണി എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പരാതി. 2 ബിഎച്ച്കെ അപ്പാർട്ട്മെന്‍റിനായി പ്രതിമാസം 70,000 രൂപ വാടകയും 3 മുതൽ 4 ലക്ഷം രൂപ വരെ അഡ്വാൻസും ആവശ്യപ്പെട്ട ഭൂവുടമയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അമർഷമാണ് ഉയരുന്നത്. ഫ്ലാറ്റ് അന്വേഷിച്ച് മടുത്ത ഒരു വാടകക്കാരൻ 'റെഡ്ഡിറ്റിൽ' പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഓഫീസിന് സമീപമുള്ള അപ്പാർട്ട്മെന്‍റായതിനാലും, മനോഹരമായ കാഴ്ചകളുള്ള ബാൽക്കണിയും ലിവിങ് റൂമും ഉള്ളതിനാലും ഉയർന്ന തുക നൽകാൻ താൻ തയ്യാറായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കുന്നു. എന്നാൽ 'ഫുള്ളി ഫർണിഷ്ഡ്' എന്ന് അവകാശപ്പെട്ട ഫ്ലാറ്റിൽ ഒരു ബെഡും രണ്ട് സോഫകളും ചെറിയൊരു ടിവിയും മാത്രമാണുണ്ടായിരുന്നത്. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഡൈനിംഗ് ടേബിൾ എന്നിവയൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, രണ്ടാമത്തെ മുറിയിൽ കിടക്ക പോലുമുണ്ടായിരുന്നില്ല. "ഇതിനേക്കാൾ മികച്ച സൗകര്യങ്ങളുള്ള പി.ജികൾ (PG) നഗരത്തിലുണ്ട്" എന്ന് ഇദ്ദേഹം പറയുന്നു.
മെയിന്‍റനൻസ് അടക്കം മാസം 70,000 രൂപ വാടകയും 3 - 4 ലക്ഷം രൂപ അഡ്വാൻസും ആവശ്യപ്പെട്ട ഭൂവുടമ, എല്ലാ വർഷവും 7 - 8 ശതമാനം വാടക വർദ്ധിപ്പിക്കുമെന്നും വ്യവസ്ഥ വെച്ചു. തുടർന്ന് പ്രതിമാസം 65,000 രൂപ വാടകയും 3 മാസത്തെ അഡ്വാൻസും യുവാവ് വാഗ്ദാനം ചെയ്തെങ്കിലും ഉടമ നിരസിച്ചെന്നും കുറിപ്പിൽ പറയുന്നു.
"2ബിഎച്ച് കെ ഫ്ലാറ്റിന് 70,000 രൂപ നൽകുമ്പോൾ കൊട്ടാരമൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും നൽകുന്ന പണത്തിനൊത്ത മൂല്യവും സൗകര്യങ്ങളും ലഭിക്കണം. ഐ.ടി ശമ്പളം വറ്റാത്ത ഉറവയാണെന്ന് കരുതരുത്. നിസ്സാരമായി അധികം നൽകുന്ന തുക നിങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കായി മാറ്റിവെക്കാവുന്നതാണ്." ഇതായിരുന്നു റെഡ്ഡിറ്റിൽ വാടകക്കാരൻ കുറിച്ച വാക്കുകൾ.
റെഡ്ഡിറ്റിൽ ഈ പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് ബെംഗളൂരുവിലെ അമിത വാടകയ്ക്കെതിരെ രംഗത്തെത്തിയത്. ബെംഗളൂരുവിൽ ആളുകൾ വിലപേശാൻ തയ്യാറാകാത്തതാണ് ഭൂവുടമകൾ തുക ഉയർത്താൻ കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഗതാഗതക്കുരുക്ക് കാരണം ഓഫീസിന് അടുത്ത പ്രദേശങ്ങളിൽ താമസിക്കാൻ ആളുകൾ നിർബന്ധിതരാവുകയാണെന്നും, ഇത് ഒരു ജയിൽ ജീവിതത്തിന് തുല്യമാണെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ബെംഗളൂരു സ്വദേശികൾ ഇത്തരം ഭീമമായ തുകകൾ നൽകില്ലെന്നും, ജോലി ആവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയാണ് ഉടമകൾ ചൂഷണം ചെയ്യുന്നതെന്നും ആരോപണങ്ങൾ ഉയർന്നു. വാടകക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധവും വിലപേശലും ഉണ്ടായാൽ മാത്രമേ ബെംഗളൂരുവിലെ ഈ അനിയന്ത്രിതമായ വാടകക്കയറ്റത്തിന് തടയിടാനാകൂവെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.