
വിമാനയാത്രയിൽ മികച്ച സീറ്റിനായി അധികമായി പണം നൽകേണ്ടി വരുമെന്നതാണ് പൊതുവെയുള്ള ധാരണ. എന്നാൽ, അധിക ചെലവൊന്നുമില്ലാതെ ഒരേ യാത്രയിൽ രണ്ട് തവണ സീറ്റ് അപ്ഗ്രേഡ് ലഭിച്ചുവെന്ന ചെന്നൈ സ്വദേശിയുടെ അവകാശവാദം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചെന്നൈക്കാരനായ നാരായണൻ ഹരിഹരൻ എക്സിൽ പങ്കുവച്ച അനുഭവമാണ് വൈറലായത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാരായണൻ ഹരിഹരന് ആദ്യം ലഭിച്ചത് 27B സീറ്റായിരുന്നു. എന്നാൽ, ചെക്ക് - ഇൻ കൗണ്ടറിലെ ജീവനക്കാരിയോട് പുഞ്ചിരിച്ച് കൊണ്ട് സംസാരിക്കുകയും, പേര് ഉപയോഗിച്ച് അഭിവാദ്യം ചെയ്യുകയും, ദിവസം എങ്ങനെയുണ്ടെന്ന് ചോദിക്കുകയും ചെയ്ത ശേഷം സീറ്റ് മാറ്റാൻ വിനീതമായി അഭ്യർഥിച്ചെന്നാണ് നാരായണൻ അവകാശപ്പെടുന്നത്. പിന്നാലെ അദ്ദേഹത്തിന് 14F എന്ന എമർജൻസി റോ സീറ്റിലേക്ക് മാറ്റം കിട്ടി. എന്നാൽ അവിടെ കഴിഞ്ഞില്ല.
Free travel hack: Being nice.
Was assigned 27B on my flight today. Smiled, used her name, enquired about her day, and politely requested at the check-in counter - moved to emergency row (14F). Tried the same thing at the boarding gate - flew in 1F.
The staff deal with tired,… pic.twitter.com/4NBSiK0rtI— Narayanan Hariharan (@narayananh) September 28, 2026
ബോർഡിങ് ഗേറ്റിലെത്തിയ ശേഷവും സമാനമായ രീതിയിൽ ജീവനക്കാരോട് സംസാരിക്കുകയും വീണ്ടും ഒരിക്കൽ കൂടി സീറ്റ് മാറ്റിക്കിട്ടുമോയെന്ന് അഭ്യർത്ഥിച്ചു. ഇത്തവണ 1F സീറ്റ് ലഭിച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ജീവനക്കാർ ദിവസം മുഴുവൻ ക്ഷീണിതരും അസ്വസ്ഥരുമായ യാത്രക്കാരുമായി ഇടപെടുന്നതിനാൽ, മാന്യമായി സംസാരിക്കുന്ന ഒരാളുടെ അഭ്യർഥന പരിഗണിക്കാൻ അവർ കൂടുതൽ തയ്യാറാകാമെന്നാണ് തന്‍റെ അനുഭവം തെളിയിക്കുന്നതെന്ന് നാരായണൻ അഭിപ്രായപ്പെടുന്നു.
നാരായണൻ ഹരിഹരന്‍റെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് സമാന അനുഭവങ്ങൾ പങ്കുവച്ചത്. എന്നാൽ, വിമാനത്തിൽ മികച്ച സീറ്റുകൾ ലഭ്യമാണോ, വിമാനത്തിലെ തിരക്കെങ്ങനെയാണ്, എയർലൈൻ നയങ്ങൾ എന്താണ് തുടങ്ങിയ കാര്യങ്ങളും ഇത്തരം അപ്ഗ്രേഡുകളെ സ്വാധീനിക്കാമെന്ന് ചിലർ ചൂണ്ടിക്കാട്ടി. മാന്യമായി സീറ്റ് അപ്ഗ്രേഡ് ചോദിക്കുന്നത് സൗജന്യ അപ്ഗ്രേഡായി കണക്കാക്കാൻ കഴിയില്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. ഇത്തരം അനുഭവങ്ങൾ വ്യക്തികളുടെ മറ്റുള്ളവരോട് ഇടപെടാനുള്ള കഴിവിനെ മാത്രം ആശ്രയിച്ചിരിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടി.