
ആധുനിക ചികിത്സ ശാസ്ത്രീയമാണ്. എന്നാല്‍, ആ ശാസ്ത്രീയത പരിശോധിക്കുന്ന ഡോക്ടറെ അനുസരിച്ച് ഇരിക്കുമെന്ന് മാത്രം. ഡോക്ടറുടെ നിഗമനങ്ങൾക്ക് അനുസരിച്ചായിരിക്കും രോഗ നിര്‍ണ്ണയവും ചികിത്സയും. ആ നിഗമനങ്ങൾ പാളിയാല്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകും. നാല് കുട്ടികളുടെ പിതാവായ 40 വയസ്സുള്ള യുകെക്കാരന് സംഭവിച്ചതും അതാണ്. ഡോക്ടറുടെ രോഗനിര്‍ണ്ണയം പാളി. പിന്നാലെ രോഗി അർബുദം മൂർച്ചിച്ച് മരിച്ചു. കെന്‍റ് നിവാസിയായ കൈൽ ഇൻഗ്രാം-ബാൾഡ്‌വിൻ ആണ് മരിച്ചതെന്ന് മിറർ യുകെ റിപ്പോർട്ട് ചെയ്യുന്നു. എട്ട് മാസം മുമ്പ് അദ്ദേഹത്തിന് തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞത് മാനസിക സമ്മർദ്ദം മൂലമാണ് വയറുവേദന എന്നായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് കൈലിന് ശക്തമായ വയറുവേദന അനുഭവപ്പെട്ട് തുടങ്ങിയത്. പിത്താശയത്തിൽ കല്ലുകളാകാം കാരണമെന്നയിരുന്നു കുടുംബാംഗങ്ങളുടെ സംശയം. എന്നാൽ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത് അത്തരത്തിലുള്ള ഒരു പ്രശ്നവുമില്ല മാനസിക സമ്മർദ്ദമാണ് വയറുവേദനയ്ക്ക് കാരണം എന്നായിരുന്നു. അത് വിശ്വസിച്ച അദ്ദേഹം വീട്ടിലേക്ക് മടങ്ങി. എന്നാൽ, വയറുവേദന അധികഠിനമായതോടെ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
തുടർന്ന് നടത്തിയ അൾട്രാസൗണ്ട് സ്കാനിലും സിടി സ്കാനിലുമാണ് കൈല്ലിന് കുടൽ ക്യാൻസർ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ കൈലിന് നാലാം ഘട്ട കാൻസർ ആണെന്ന് ഡോക്ടർമാർ അറിയിച്ചു. രോഗത്തെ അതിജീവിക്കാനുള്ള സാധ്യതകൾ വളരെ കുറവായതിനാൽ കൈൽ തുടർന്ന് ചികിത്സകൾക്കും കീമോതെറാപ്പിക്കും മടിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പന്ത്രണ്ടും ഒമ്പതും മൂന്നും ഒന്നും വയസ്സുള്ള നാല് കുട്ടികളാണ് ഇദ്ദേഹത്തിനുള്ളത്. ക്യാൻസറിനെ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവായതിനാലും ഭാരിച്ച ചികിത്സാ ചെലവ് തന്‍റെ കുടുംബത്തെ തളർത്തിക്കളയും എന്നുള്ള ' ഭയത്താലുമാണ് ഇദ്ദേഹം തുടർ ചികിത്സകൾക്ക് തയ്യാറാകാതിരുന്നത് എന്നാണ് കൈലുമായി അടുത്ത ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. ഏതാനും മാസങ്ങൾ മുൻപ് ശരീരം മുഴുവൻ രോഗം വ്യാപിച്ച കൈൽ മരണപ്പെട്ടെന്നും മിറർ റിപ്പോർട്ട് ചെയ്യുന്നു.