വരള്‍ച്ച മുതല്‍ ഇന്ധനവിലവര്‍ദ്ധന വരെ കാരണങ്ങള്‍; ലോകത്തെ 4.5 കോടി മനുഷ്യര്‍ പട്ടിണിയുടെ വക്കില്‍

By Web TeamFirst Published Nov 8, 2021, 3:53 PM IST
Highlights

ആഭ്യന്തര സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കൊവിഡ്-19 രോഗം എന്നിവയാണ് ലോകത്തെ മനുഷ്യരില്‍ നല്ലൊരു പങ്കിനെയും പട്ടിണിയുടെ വക്കിലേക്ക് വലിച്ചെറിഞ്ഞത്.  

43 രാജ്യങ്ങളിലായി ലോകത്തെ 4.5 കോടി മനുഷ്യര്‍ പട്ടിണിയുടെ വക്കത്താണെന്ന് ഐക്യരാഷ്ട്ര സഭാ ഭക്ഷ്യ ഏജന്‍സിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം 4.2 കോടി മനുഷ്യരായിരുന്നു ഭക്ഷ്യക്ഷാമം മൂലം പട്ടിണിയുടെ വക്കിലെത്തിയത്. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും നിരന്തര വരള്‍ച്ചയും കാരണം 30 ലക്ഷം പേര്‍ കൂടി ക്ഷാമത്തിലായതോടെയാണ് പട്ടിണിയെ അഭിമുഖീകരിക്കുന്നവരുടെ എണ്ണം കൂടിയതെന്ന് ലോക ഭക്ഷ്യ പദ്ധതി (WFP) എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാന്‍ സന്ദര്‍ശനത്തിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. 

ആഭ്യന്തര സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കൊവിഡ്-19 രോഗം എന്നിവയാണ് ലോകത്തെ മനുഷ്യരില്‍ നല്ലൊരു പങ്കിനെയും പട്ടിണിയുടെ വക്കിലേക്ക് വലിച്ചെറിഞ്ഞത്.  അതിലേക്കാണ് വരള്‍ച്ചയും ആഭ്യന്തര സംഘര്‍ഷങ്ങളും ലോകരാജ്യങ്ങളുടെ സഹായം ഇല്ലാതായതും അടക്കമുള്ള കാരണങ്ങളാല്‍ അഫ്ഗാന്‍ ജനതയും എത്തിച്ചേര്‍ന്നത്.  പട്ടിണിയുടെ വക്കത്തെത്തിയവരെ സഹായിക്കുന്നതിന് ഈ വര്‍ഷമാദ്യം ആറ് ബില്യണ്‍ ഡോളറായിരുന്നു ആവശ്യമെങ്കില്‍, ഇത്തവണ അത് ഏഴ് ബില്യണ്‍ ഡോളറാണെന്ന് യു എന്‍ ഭക്ഷ്യ ഏജന്‍സി വ്യക്തമാക്കുന്നു. 

''ലോകത്ത് പട്ടിണി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ധന വില കൂടിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ കയറുന്നു, വളങ്ങളുടെയും കീടനാശിനികളുടെയും വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രതിസന്ധികള്‍ക്കൊപ്പമാണ് അഫ്ഗാനിസ്താനിലും സിറിയയിലും യമനിലുമെല്ലാമുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൂടി മനുഷ്യരെ പട്ടിണിയിലേക്ക് ആഴ്ത്തുന്നത്'-ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്‌ലി പറഞ്ഞു. 

നിരന്തര വരള്‍ച്ച കാരണം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അഫ്ഗാനിസ്താന്‍, താലിബാന്‍ വന്ന ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി കൂടി ആയതോടെ ഭീകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.  ഒരു ദശകത്തിലേറെ നീണ്ട ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന്  അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്നറിയാത്ത അവസ്ഥയിലാണ് സിറിയയിലെ 1.24 കോടി മനുഷ്യര്‍. എത്യോപ്യ, ഹെയ്തി, സോമാലിയ, കെനിയ, ബുറുണ്ടി എന്നിവിടങ്ങളിലും ഭക്ഷ്യക്ഷാമം കൊടുമ്പിരി കൊള്ളുകയാണ്-ലോക ഭക്ഷ്യ ഏജന്‍സി വ്യക്തമാക്കി. 

click me!