ഒന്ന് വാക്സിനെടുത്തു, നിമിഷം കൊണ്ട് കോടീശ്വരിയായി യുവതി

By Web TeamFirst Published Nov 8, 2021, 2:17 PM IST
Highlights

ജോവാൻ ഷു എന്ന വ്യക്തിക്കാണ് അപ്രതീക്ഷിതമായ ഈ ഭാഗ്യമുണ്ടായത്. ദ മില്യൺ ഡോളർ വാക്സ് അലയൻസ് ലോട്ടറിയുടെ പ്രധാന സമ്മാന ജേതാവായി അവൾ കിരീടം ചൂടി.

വാക്സിനേഷൻ(vaccination) പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പല രാജ്യങ്ങളിലെയും ഗവൺമെന്റുകൾ (governments) നൂതനമായ നിരവധി നടപടികൾ കൈക്കൊള്ളുന്നു. അതിലൊന്ന് കൊവിഡ്-19 വാക്‌സിനുകൾ എടുത്തവർക്ക് സമ്മാനങ്ങൾ നൽകുക എന്നതാണ്. സൗജന്യ ഗെയിം ടിക്കറ്റുകൾ, ബിയർ, ഭക്ഷണ സാധനങ്ങൾ, ലോട്ടറി ടിക്കറ്റുകൾ തുടങ്ങിയ സമ്മാനങ്ങൾ അധികാരികൾ വാക്‌സിൻ എടുത്തവർക്കായി വാഗ്ദാനം ചെയ്യുന്നു. അക്കൂട്ടത്തിൽ അടുത്തിടെ, ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു സ്ത്രീ കൊവിഡ് -19 വാക്‌സിൻ എടുത്തതിനെ തുടർന്ന് ഒറ്റയടിയ്ക്ക് കോടീശ്വരിയായി മാറി.  

ജോവാൻ ഷു എന്ന വ്യക്തിക്കാണ് അപ്രതീക്ഷിതമായ ഈ ഭാഗ്യമുണ്ടായത്. ദ മില്യൺ ഡോളർ വാക്സ് അലയൻസ് ലോട്ടറിയുടെ പ്രധാന സമ്മാന ജേതാവായി അവൾ കിരീടം ചൂടി. സമ്മാനത്തുകയായി അവൾക്ക് ലഭിച്ചത് 7.4 കോടി രൂപയാണ്. ഓസ്‌ട്രേലിയക്കാരെ വാക്‌സിനെടുപ്പിക്കാനുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ശ്രമമായിരുന്നു ഈ ലോട്ടറി പദ്ധതി. മില്യൺ ഡോളർ വാക്സ് അലയൻസെന്ന ആ പദ്ധതിയ്ക്ക് രാജ്യത്ത് വൻ പ്രതികരണമാണ് ലഭിച്ചത്. മൂന്ന് ദശലക്ഷത്തോളം പേർ ഭാഗ്യ നറുക്കെടുപ്പിനായി തങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഒടുവിൽ, 25 കാരിയായ ജോവാനെ തേടിയാണ് സമ്മാനമെത്തിയത്.  

"ചൈനീസ് പുതുവർഷത്തിന് എന്റെ കുടുംബത്തെ ചൈനയിൽ നിന്ന് ഫസ്റ്റ് ക്ലാസ്സിൽ ഇരുത്തി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ ഞാൻ പദ്ധതിയിടുന്നു. കൂടാതെ, അതിർത്തികൾ തുറന്നാൽ ചൈനീസ് പുതുവർഷത്തിൽ അവരെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുടുംബത്തിന് സമ്മാനങ്ങൾ വാങ്ങി നൽകാനും, ബാക്കി പണം എന്തിലെങ്കിലും നിക്ഷേപിച്ച് ഇരട്ടിയാക്കാനും ഞാൻ ആലോചിക്കുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കാനും ഞാൻ താല്പര്യപ്പെടുന്നു" അവർ പറഞ്ഞു. അതേസമയം, ജോവാന് മാത്രമല്ല സമ്മാനം ലഭിച്ചത്. മില്യൺ ഡോളർ വാക്സ് സംരംഭം $1,000 രൂപയുടെ 100 ഗിഫ്റ്റ് കാർഡുകളും ആളുകൾക്ക് സമ്മാനമായി നൽകിയിരുന്നു.  

click me!