
നിങ്ങളുടെ പങ്കാളി മൊബൈലിൽ എപ്പോഴും ചാറ്റ് ചെയ്യുന്നത് ഒരു 'ബോട്ടിനോടാണെങ്കിൽ' നിങ്ങൾക്കത് വഞ്ചനയായി തോന്നുമോ? സാങ്കേതിക വിദ്യ നമ്മളെ സഹായിക്കാൻ മാത്രമുള്ളതാണോ, അതോ നമ്മുടെ കിടപ്പറകളിലെ സജീവ സാന്നിധ്യമായി അത് മാറിക്കഴിഞ്ഞോ? ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വെറുമൊരു ഡിജിറ്റൽ സഹായിയല്ല, മറിച്ച് മനുഷ്യനേക്കാൾ പ്രിയപ്പെട്ട വൈകാരിക പങ്കാളിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ 46 ശതമാനം ആളുകളും എഐ വഴിയുള്ള വൈകാരിക ബന്ധങ്ങൾ പോണോഗ്രഫി പോലെ തന്നെ ലഹരിയായി മാറുന്നതായി സമ്മതിക്കുന്നു. ഇന്ത്യയിലെ ടയർ-1, ടയർ-2 നഗരങ്ങളിലെ ആളുകൾക്കിടയിൽ ഗ്ലീഡൻ-ഇപ്‌സോസ് (Gleeden–IPSOS) നടത്തിയ സർവ്വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സർവ്വേയിൽ പങ്കെടുത്ത 46 ശതമാനം ഇന്ത്യക്കാരും എഐ വഴിയുള്ള വൈകാരികവും ലൈംഗികവുമായ ഇടപെടലുകൾ അശ്ലീലചിത്രങ്ങൾ കാണുന്നതുപോലെ തന്നെ ലഹരിയായി മാറുന്നതായി സമ്മതിക്കുന്നു.
ഡിജിറ്റൽ അസിസ്റ്റന്റ് എന്നതിലുപരി ഒരു ആത്മബന്ധമുള്ള സാന്നിധ്യമായി എഐ മാറിക്കഴിഞ്ഞുവെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. പങ്കാളിയെ ആകർഷിക്കാനുള്ള വഴികൾ തേടാൻ 63 ശതമാനം പേർ എഐ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. ലൈംഗികപരമായ സംശയങ്ങൾക്കും കൗൺസിലിംഗിനുമായി 60 ശതമാനം പേരും, ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 64 ശതമാനം പേരും എഐ-യുടെ സഹായം തേടുന്നുണ്ടെന്നാണ് കാണക്കുകൾ. വെറുമൊരു ഉപദേശക എന്നതിനപ്പുറം, 54 ശതമാനം ആളുകൾ ലൈംഗിക ആവശ്യങ്ങൾക്കായി ഒരു 'വെർച്വൽ എഐ പങ്കാളിയെ' തന്നെ സൃഷ്ടിച്ചിട്ടുണ്ട്. സന്ദേശങ്ങൾ അയക്കാനും സ്നേഹം പ്രകടിപ്പിക്കാനും 58 ശതമാനം പേർ എഐ ഉപയോഗിക്കുന്നു. ചുരുക്കത്തിൽ, മനുഷ്യർ തമ്മിലുള്ള വൈകാരിക ഇടങ്ങളിലേക്ക് എഐ ഒരു സജീവ പങ്കാളിയായി കടന്നുകയറിക്കഴിഞ്ഞുവെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.
ഈ പുതിയ സാങ്കേതിക വിദ്യ വലിയ ധാർമ്മിക ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. പങ്കാളിയുമായുള്ള ലൈംഗികതയേക്കാൾ കൂടുതൽ എഐ-യുമായുള്ള ബന്ധത്തിന് മുൻഗണന നൽകിയവർ 49 ശതമാനമാണ്. എന്നാൽ, 65 ശതമാനം ആളുകളും കരുതുന്നത് ഇത്തരം എഐ ബന്ധങ്ങൾ പങ്കാളിയോടുള്ള വഞ്ചനയാണെന്നാണ്. തങ്ങളുടെ പങ്കാളി ഒരു എഐ ചാറ്റ് ബോട്ടുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് അറിഞ്ഞാൽ താൻ ഞെട്ടിപ്പോകുമെന്ന് 70 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ തങ്ങളുടെ എഐ ചാറ്റ് ഹിസ്റ്ററി പങ്കാളിയെ കാണിക്കാൻ ഭൂരിഭാഗം പേർക്കും താല്പര്യമില്ല. രഹസ്യമായി ഇത്തരം ബന്ധങ്ങൾ കൊണ്ടുപോകുന്നതിലാണ് പലരും താല്പര്യം കാണിക്കുന്നത്.
വലിയ നിയമപ്രശ്നങ്ങളിലേക്കും ഈ ട്രെൻഡ് വിരൽ ചൂണ്ടുന്നു. സർവ്വേയിൽ പങ്കെടുത്ത പകുതിയോളം പേരും അതായത് 49 ശതമാനം പേർ സെലിബ്രിറ്റികളുടെയോ തങ്ങൾക്ക് അറിയാവുന്ന വ്യക്തികളുടെയോ ചിത്രങ്ങൾ ഉപയോഗിച്ച് ഡീപ്‌ഫേക്ക് ചിത്രങ്ങൾ നിർമ്മിച്ചതായി പറയുന്നു. ഇത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമായി മാറുകയാണെന്നാണ് റിപ്പോർട്ട്.
മനുഷ്യർ വൈകാരികമായ അംഗീകാരത്തിനും സാങ്കൽപ്പിക സുഖങ്ങൾക്കുമായി എഐ-യെ ആശ്രയിക്കുന്ന ഒരു കാലത്താണ് നമ്മൾ നിൽക്കുന്നതെന്ന് ഗ്ലീഡൻ ഇന്ത്യയുടെ കൺട്രി മാനേജർ സിബിൽ ഷിഡൽ പറയുന്നു. 'പലരും കുറ്റബോധത്തോടും കൗതുകത്തോടും കൂടിയാണ് ഈ ലോകത്ത് തുടരുന്നത്. എഐ നമ്മുടെ ബന്ധങ്ങളെ മാറ്റുമോ എന്നതല്ല ചോദ്യം, അത് എത്രത്തോളം നമ്മുടെ വൈകാരിക ബന്ധങ്ങളെ ബാധിക്കുമെന്നതാണ്,' സിബിൽ കൂട്ടിച്ചേർത്തു. മനുഷ്യബന്ധങ്ങളിലെ സത്യസന്ധതയും സാങ്കേതിക വിദ്യ നൽകുന്ന താൽക്കാലിക ആശ്വാസവും തമ്മിലുള്ള ഈ പോരാട്ടം ഭാവിയിൽ കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.