ഇറാൻ യുദ്ധം; ഇസ്രയേലികൾക്ക് സുരക്ഷിതമായി കുളിക്കാനുള്ള സമയം അറിയിക്കാൻ ആപ്പ്

Published : Mar 07, 2026, 02:03 PM IST
Safe To Bathe app

Synopsis

ഇറാൻ-ഇസ്രായേൽ യുദ്ധത്തിനിടെ, മിസൈൽ ആക്രമണങ്ങളെ ഭയന്ന് ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സാങ്കേതികവിദ്യ തുണയാകുന്നു. കുളിക്കാൻ സുരക്ഷിതമായ സമയം കണ്ടെത്താൻ സഹായിക്കുന്ന 'Can I Shower?' പോലുള്ള ആപ്പുകൾ ഉൾപ്പെടെ, അതിജീവനത്തിനായി നിരവധി ഡിജിറ്റൽ സംവിധാനങ്ങൾ ഇസ്രായേലിൽ പ്രചാരം നേടുകയാണ്. 

 

തിജീവനത്തിനായുള്ള മനുഷ്യന്‍റെ വ്യഗ്രതയാണ് പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുന്നത് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇസ്രായേലിൽ ഇന്ന് കണ്ടുവരുന്നത്. മൂന്നാം ലോകമഹായുദ്ധത്തിന്‍റെ വക്കിലാണ് ലോകമെന്ന് പലരും വിശേഷിപ്പിക്കുന്ന ഇറാൻ യുദ്ധത്തിനിടെ, ഒരു സാധാരണക്കാരന്‍റെ ദൈനംദിന ജീവിതം പോലും ഇപ്പോൾ ഇവിടെ വലിയ വെല്ലുവിളിയാണന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എപ്പോൾ വേണമെങ്കിലും മുഴങ്ങാവുന്ന എയർ - റെയ്ഡ് സൈറണുകൾ (Air-raid sirens) പശ്ചിമേഷ്യൻ ജനങ്ങളുടെ കുളിക്കുന്നത് പോലുള്ള ലളിതമായ കാര്യങ്ങളെപ്പോലും അപകട സാധ്യതയുള്ള ഒന്നാക്കി മാറ്റിയിരിക്കുന്നു. ഈ സാഹചര്യത്തെ നേരിടാൻ ഇസ്രായേലിലെ സാങ്കേതിക വിദഗ്ധർ വികസിപ്പിച്ചെടുത്ത ഡിജിറ്റൽ സംവിധാനം ഇപ്പോൾ ലോകമെങ്കും ശ്രദ്ധ നേടുകയാണ്.

എന്ത് സഹായത്തിനും ആപ്പ്

ഇറാനിൽ നിന്നുള്ള മിസൈൽ - ഡ്രോൺ ആക്രമണങ്ങൾക്കിടയിൽ, എപ്പോൾ കുളിക്കണം എന്ന് തീരുമാനിക്കാൻ സഹായിക്കുന്ന ആപ്പുകൾ ഇസ്രായേലിൽ വ്യാപക പ്രചാരം നേടുകയാണ്. ആക്രമണങ്ങളുടെ മുൻകാല ഡാറ്റയും രീതികളും വിശകലനം ചെയ്ത്, അടുത്ത കുറച്ച് സമയത്തിനുള്ളിൽ സൈറൺ മുഴങ്ങാൻ എത്രത്തോളം സാധ്യതയുണ്ടെന്ന് ഈ ആപ്പുകൾ കണക്കുകൂട്ടി പറയും. ആക്രമണ സമയത്ത് ബങ്കറുകളിലും ബോംബ് ഷെൽട്ടറുകളിലും കഴിയേണ്ടി വരുമ്പോൾ ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്താനും മറ്റും സഹായിക്കുന്ന പ്ലാറ്റ്‌ഫോമുകളും രൂപപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന്‍റെ 'സ്റ്റാർട്ട്-അപ്പ് നേഷൻ' എന്ന ഖ്യാതി യുദ്ധസമയത്തും ശ്രദ്ധനേടുകയാണ്. വെല്ലുവിളികളെ നേരിടാൻ പ്രോഗ്രാമർമാർ അതിവേഗം ഇത്തരം ടൂളുകൾ നിർമ്മിക്കുന്നു.

 

 

എന്താണ് "Can I Shower?"

യുദ്ധസമയത്ത് മിസൈൽ ആക്രമണങ്ങൾ പതിവാകുമ്പോൾ, ഒരു സാധാരണക്കാരന് ഏറ്റവും പേടിയുള്ള കാര്യങ്ങളിലൊന്നാണ് കുളിച്ചുകൊണ്ടിരിക്കുമ്പോൾ സൈറൺ മുഴങ്ങുക എന്നത്. സോപ്പും വെള്ളവുമായി നിൽക്കുമ്പോൾ പെട്ടെന്ന് ബോംബ് ഷെൽട്ടറിലേക്ക് ഓടുക എന്നത് പ്രായോഗികമല്ല. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഈ വെബ്സൈറ്റും ആപ്പും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ റോക്കറ്റ് ആക്രമണങ്ങളുടെ സമയവും രീതിയും വിശകലനം ചെയ്ത്, അടുത്ത കുറച്ച് മിനിറ്റുകൾക്കുള്ളിൽ ആക്രമണം ഉണ്ടാകാൻ എത്രത്തോളം സാധ്യതയുണ്ടെന്ന് ഇത് കണക്കുകൂട്ടുന്നു. ഉപയോക്താവ് തന്‍റെ പ്രദേശം (Location) നൽകുമ്പോൾ, "അടുത്ത 10 മിനിറ്റിനുള്ളിൽ ആക്രമണം ഉണ്ടാകാൻ എത്ര ശതമാനം സാധ്യതയുണ്ട്" എന്ന രീതിയിൽ ഇത് മറുപടി നൽകും. സാങ്കേതികമായി ഇത് 100% കൃത്യമാകണമെന്നില്ലെങ്കിലും, പരിഭ്രാന്തരായിരിക്കുന്ന ജനങ്ങൾക്ക് ഒരു ചെറിയ ആശ്വാസവും തീരുമാനമെടുക്കാനുള്ള ധൈര്യവും ഇത് നൽകുന്നു.

 

 

അതിജീവന മാർഗം

ഒറ്റനോട്ടത്തിൽ ഇതൊരു തമാശയായി തോന്നാമെങ്കിലും, ഇസ്രായേലിലെ ജനങ്ങളെ സംബന്ധിച്ച് ഇതൊരു അതിജീവന മാർഗമാണ്. എപ്പോഴും ഭയപ്പെട്ടിരിക്കുന്നവർക്ക് ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ഇത്തരം ടൂളുകൾ ചെറിയൊരു സഹായമാകുന്നു. വെറുതെ ഊഹിക്കുന്നതിന് പകരം ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് സമയം ക്രമീകരിക്കാൻ ഇത് സഹായിക്കുന്നു.

തുണയാകുന്ന സാങ്കേതികവിദ്യ

യുദ്ധം ജീവിതത്തിന്‍റെ താളം തെറ്റിക്കുമ്പോൾ, സാങ്കേതികവിദ്യ എങ്ങനെ സാധാരണക്കാരന് തുണയാകുന്നു എന്നതിന്‍റെ വലിയൊരു ഉദാഹരണമാണിത്. ദ ടൈസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് പ്രകാരം, ഇതിന് പിന്നിലെ യുക്തി ലളിതമെങ്കിലും അതീവ പ്രാധാന്യമർഹിക്കുന്നതാണ്. റോക്കറ്റ് മുന്നറിയിപ്പ് ലഭിച്ചാൽ സുരക്ഷിത സ്ഥാനത്തെത്താൻ ഇസ്രായേലികൾക്ക് ലഭിക്കുന്നത് വെറും 30 മുതൽ 90 സെക്കൻഡ് വരെ മാത്രമാണ്. കുളിച്ച് കൊണ്ടിരിക്കുമ്പോൾ സൈറൺ മുഴങ്ങിയാൽ നനഞ്ഞ ശരീരത്തോടെയും വസ്ത്രമില്ലാതെയും ഓടുക എന്നത് പ്രായോഗികമല്ല. കൂടാതെ വെള്ളത്തിന്‍റെ ശബ്ദം കാരണം സൈറൺ കേൾക്കാൻ വൈകിയേക്കാം എന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഒരാൾക്ക് കുളിക്കാൻ എത്ര സമയം വേണം, കുളി കഴിഞ്ഞ് ബോംബ് ഷെൽട്ടറിലേക്ക് ഓടിയെത്താൻ എത്ര സമയം എടുക്കും തുടങ്ങിയ വിവരങ്ങൾ നൽകിയാൽ, ഏറ്റവും കുറഞ്ഞ റിസ്കുള്ള സമയം (Low-risk windows) ആപ്പ് കണക്ക് കൂട്ടി പറഞ്ഞുതരും.

യുദ്ധ സഹായ ആപ്പുകൾ പലവിധം

കുളിക്കാൻ സഹായിക്കുന്ന ആപ്പ് മാത്രമല്ല, യുദ്ധകാലത്ത് ഇസ്രായേലികളെ സഹായിക്കുന്ന മറ്റ് ചില സംവിധാനങ്ങൾ കൂടി നിലവിലുണ്ട്. റോക്കറ്റ് വരുന്നത് സംബന്ധിച്ച് തത്സമയ (Real-time) വിവരങ്ങൾ നൽകുന്ന ആപ്പുകളാണിവ. ലൊക്കേഷൻ അടിസ്ഥാനമാക്കി കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിലൂടെ വിലപ്പെട്ട നിമിഷങ്ങൾ ലാഭിക്കാൻ ഇത് സഹായിക്കുന്നു. ആക്രമണസമയത്ത് ബോംബ് ഷെൽട്ടറുകളിൽ ഒളിച്ചിരിക്കുമ്പോൾ ആളുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ചില ആപ്പുകൾ സഹായിക്കുന്നു. ഷെൽട്ടറിന് പുറത്തുള്ള QR കോഡ് സ്കാൻ ചെയ്താൽ അകത്ത് ആരൊക്കെയുണ്ടെന്ന് അറിയാൻ സാധിക്കും. ഇത് വെറും സംസാരത്തിന് മാത്രമല്ല, ഡേറ്റിംഗിന് വരെ ചിലർ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ വരുന്നു. യുദ്ധകാലത്തെ ഇത്തരം പരീക്ഷണാത്മകമായ സാങ്കേതിക വിദ്യകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും പ്രശംസകൾക്കും വഴിതെളിച്ചിട്ടുണ്ട്

PREV
Read more Articles on
click me!

Recommended Stories

15 വർഷത്തെ കാത്തിരിപ്പ്; പ്രവാസി മലയാളി ഡ്രൈവർക്ക് 10 കോടിയുടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സമ്മാനം!
'എല്ലാവരും ഫോണിലാണ്'; ഓട്ടോ ഡ്രൈവർമാരുടെ ഫോണ്‍ ഉപയോഗത്തെ കുറിച്ച് പരാതിപ്പെട്ട് യുവതി