
സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, അതേ സമയം നാം ഓടുന്നത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും. എന്നാൽ, സിഗരറ്റ് വലിച്ചുകൊണ്ട് കിലോമീറ്ററ് കണക്കിന് ഓടുന്ന ആളെ കുറിച്ച് സങ്കൽപ്പിക്കാൻ സാധിക്കുമോ? അങ്ങനെ ഒരാൾ ഓടി. ഇവിടെയൊന്നും അല്ല, അങ്ങ് ചൈനയിൽ.
ചൈനയിൽ ഒരു 50 വയസുകാരനാണ് സിഗരറ്റ് വലിച്ചുകൊണ്ട് 42 കിലോമീറ്റർ മാരത്തൺ ഓടിയത്. 'അങ്കിൾ ചെൻ' എന്നാണ് ഈ ചൈനീസ് ഓട്ടക്കാരൻ അറിയപ്പെടുന്നത്. ചൈനയിലെ ജിയാൻഡെയിൽ സിനാൻജിയാങ് മാരത്തണിലുടനീളമാണ് അങ്കിൾ ചെൻ സിഗരറ്റ് വലിച്ചത്. ആ ദൃശ്യങ്ങൾ പിന്നീട് വൈറലായി.
അമ്പതുകാരനായ ചെന്നിന്റെ ചിത്രങ്ങൾ അനേകം പേരാണ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവസാനം ഫിനിഷിംഗ് സർട്ടിഫിക്കറ്റും അങ്കിൾ ചെന്നിന് കിട്ടി. ഗ്വാങ്‌ഷൂവിൽ നിന്നുമുള്ള ചെൻ 3:28 എന്ന സ്‌കോറിലാണ് ഫിനിഷിംഗ് ലൈൻ കടന്നത്. ഈ ഓട്ടത്തിലുടനീളം ചെൻ സിഗരറ്റ് കത്തിക്കുകയും വലിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, എന്നിട്ടും മാരത്തണിൽ പങ്കെടുത്ത 1500 ഓളം ഓട്ടക്കാരിൽ മൊത്തത്തിൽ 574 -ാം സ്ഥാനത്ത് ചെൻ എത്തി.
ഇതാദ്യമായിട്ടല്ല അങ്കിൾ ചെൻ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്. 2018 -ൽ, ഗ്വാങ്‌ഷു മാരത്തൺ, 2019 -ലെ സിയാമെൻ മാരത്തൺ എന്നിവയിൽ ഓടുമ്പോൾ അദ്ദേഹം നിരവധി സിഗരറ്റുകൾ കത്തിക്കുകയും വലിക്കുകയും ചെയ്തിരുന്നു. ആ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇങ്ങനെ മാരത്തണുകൾക്കിടയിൽ സിഗരറ്റ് വലിക്കുന്നത് കൊണ്ട് തന്നെ സ്മോക്കിംഗ് ബ്രദർ എന്നൊരു നിക്ക്നെയിം കൂടി ചെന്നിനുണ്ട്.
ഏതായാലും ചൈനയിൽ മാരത്തണിനിടയിൽ സിഗരറ്റ് വലിക്കുന്നതിന് വിലക്കൊന്നും ഇല്ല. സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ചെന്നിന്റെ വീഡിയോയ്ക്കും ചിത്രങ്ങൾക്കും ലഭിക്കുന്നത്. ചിലർ അദ്ദേഹം ഹീറോ ആണ് എന്നാണ് പറയുന്നത്. എന്നാൽ, മറ്റ് ചിലർ ഇതത്ര ആരോഗ്യകരമായ കാര്യമല്ല എന്ന് വിലയിരുത്തി.
(ആദ്യചിത്രം പ്രതീകാത്മകം)