
സമൂസ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എന്നാൽ, ഒരു സമൂസ കഴിയ്ക്കാൻ നിങ്ങൾ എത്ര രൂപവരെ മുടക്കാൻ തയ്യാറാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു സമൂസപ്രേമിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിയിൽ വൈറലാകുകയാണ്. അമേരിക്കയിലെ ഒരു റെസ്റ്റോറന്റിൽ നിന്നും രണ്ട് സമൂസ കഴിച്ച ഇദ്ദേഹത്തിന് വന്ന ബില്ലാണ് ഇത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഇദ്ദേഹത്തെ പ്രരിപ്പിച്ചത്. രണ്ട് സമൂസയ്ക്കായി ഒരു അമേരിക്കൻ റെസ്റ്റോറന്റ് ഈടാക്കിയത് 500 രൂപയാണ്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഡ്രൂ ഹിക്‌സ് ആണ് തനിക്ക് നേരിട്ട അനുഭവം വിവരിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇന്ത്യയിൽ രൂചികരമായ രണ്ട് സമൂസകൾ വെറും 20 രൂപയ്ക്ക് കിട്ടുമ്പോൾ ഇവിടെ അതിന്റെ വില നോക്കൂ 500 രൂപ എന്ന് പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം ഒരു റെസ്റ്റോറന്റിൽ നിന്നും വീഡിയോ ഷൂട്ട് ചെയ്യുന്നത്. വരൂ നമുക്ക് ഇന്ത്യയിലെ ബീഹാറിലേക്ക് മടങ്ങാം എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപേരാണ് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. സമൂസയിൽ ഉരുളക്കിഴങ്ങിന് പകരം സ്വർണ്ണമായിരിക്കും നിറയ്ക്കുന്നത് അതുകൊണ്ടായിരിക്കാം ഇത്രയേറെ വില എന്നായിരുന്നു ഒരാളുടെ രസകരമായ പ്രതികരണം. കൂടാതെ ഡ്രൂ ഹിക്‌സ് വീഡിയോയിൽ വളരെ മനോഹരമായി ഹിന്ദിയിൽ സംസാരിച്ചതും നെറ്റിസൺസിനെ അമ്പരിപ്പിച്ചു. ബ്രോ ഇത്ര മനോഹരമായി എങ്ങനെ ഹിന്ദി പഠിച്ചു എന്നും ചിലർ വീഡിയോയ്ക്ക് താഴെ ചോദിച്ചിട്ടുണ്ട്. ഏതായാലും ഇന്ത്യക്കാരായ നെറ്റിസൺസിനിടയിൽ ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.