
പിറന്നാൾ, വിവാഹവാർഷികം തുടങ്ങിയ പ്രധാനപ്പെട്ട ദിവസങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് നാം സമ്മാനങ്ങൾ നൽകാറുണ്ട്. അവരെ വിസ്മയിപ്പിക്കണം എന്നും അവർ ഒരിക്കലും ഈ ദിവസം മറക്കാൻ പാടില്ല എന്നുമൊക്കെ ഉള്ളുകൊണ്ട് ആഗ്രഹിച്ചാവും നാം അത്തരത്തിലുള്ള സമ്മാനങ്ങൾ അവർക്കായി നൽകുന്നത്. എന്നാൽ, ഈ ഭർത്താവ് ഭാര്യയ്ക്ക് നൽകിയ വിവാഹവാർഷിക സമ്മാനത്തിന്റെ അത്രയൊന്നും അത് വരില്ല. അമ്പതാം വിവാഹവാർഷികത്തിലാണ് തികച്ചും വ്യത്യസ്തമായ ഒരു സമ്മാനം ഭാര്യയ്‍ക്ക് ഭർത്താവ് സമ്മാനിച്ചത്.
യുഎസ്സിലെ കൻസാസിലുള്ള ലീ വിൽസൺ എന്ന കർഷകൻ തങ്ങളുടെ വിവാഹവാർഷികത്തിന് ഭാര്യയെ സർപ്രൈസ് ചെയ്യിക്കുന്നതിന് വേണ്ടി നട്ടു പിടിപ്പിച്ചത് 1.2 മില്ല്യൺ സൂര്യകാന്തിച്ചെടികളാണ്. ലീയുടെ ഭാര്യയ്ക്ക് സൂര്യകാന്തിച്ചെടികൾ എത്രത്തോളം ഇഷ്ടമാണ് എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അതിനാലാണ് മറ്റൊന്നും നട്ടുവളർത്താതെ ലീ സൂര്യകാന്തിച്ചെടികൾ തന്നെ നട്ട് വളർത്തിയത്. 80 ഏക്കർ സ്ഥലത്താണ് ചെടികൾ നട്ടുപിടിപ്പിച്ചത്.
ഭാര്യ റെനീയ്‍ക്കുള്ള അദ്ദേഹത്തിന്റെ അമ്പതാം വിവാഹവാർഷിക സമ്മാനമായിരുന്നു ഈ സൂര്യകാന്തിച്ചെടികൾ എന്നാണ് ലീ പറയുന്നത്. മകന്റെ കൂടി സഹായത്തോടെയാണ് ലീ ഇത്രയധികം സൂര്യകാന്തികൾ നട്ടുപിടിപ്പിച്ചതും വളർത്തിയെടുത്തതും. ഇരുവരും അത് റെനീയിൽ നിന്നും മറച്ച് പിടിച്ച് രഹസ്യമായി സൂക്ഷിച്ചു. പിന്നീട്, നിറയെ പൂക്കളായപ്പോഴാണ് റെനീയെ ഇത് കാണിച്ച് കൊടുക്കുന്നത്. ആഗസ്ത് പത്തിനാണ് ഇരുവരുടെയും വിവാഹവാർഷികം. ഇതിലും മികച്ച ഒരു സമ്മാനം തനിക്ക് ലഭിക്കാനില്ല എന്നാണ് റെനീ ഭർത്താവ് തനിക്ക് സമ്മാനിച്ച സർപ്രൈസ് ഗിഫ്റ്റിനോട് പ്രതികരിച്ചത്.
ലീയും റെനീയും തമ്മിലുള്ള അടുപ്പം 16 -ാമത്തെ വയസിൽ ഹൈസ്കൂളിൽ നിന്നും ആരംഭിച്ചതാണ്. പിന്നീട്, ഇരുവരും വിവാഹിതരായി. പതിനാറാം വയസ് മുതൽ അവർ പിരിയാതെ ഒരുമിച്ചുണ്ട്.