ആന്ധ്രാപ്രദേശിലെ ഗൂണ്ടൂരിൽ ഭാര്യ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി. ബിരിയാണിയിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
വിവാഹ ശേഷം ഭാര്യഭർത്താക്കന്മാർ തമ്മിൽ അസ്വസ്ഥതകളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇത്തരം അസ്വസ്ഥതകൾ അടുത്തകാലത്തായി ഒരാളുടെ മരണത്തിൽ കലാശിക്കുന്നുവെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും ഭാര്യമാർ കാമുകന്മാരുടെ സഹായത്തോടെ ഭർത്താക്കന്മാരെ കൊലപ്പെടുത്തുന്നത് പോലുള്ള സംഭവങ്ങൾ അടുത്ത കാലത്തായി കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഏറ്റവും ഒടുവിലായി ആന്ധ്രാപ്രദേശിലെ ഗൂണ്ടൂരിൽ ഭാര്യ. ഭർത്താവിനെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയ വാർത്തയാണ് പുറത്ത് വരുന്നത്. ഹദയാഘാതം മൂലമുള്ള മരണമെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ അതൊരു കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ബിരിയാണിയിൽ ഉറക്ക് ഗുളിക
ഗുണ്ടൂർ ജില്ലയിലെ ദുഗ്ഗിരാല മണ്ഡലത്തിലെ ചിലുവുരു ഗ്രാമത്തിലാണ് സംഭവം. ഈ മാസം 18 -നാണ് ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിനെ താമസസ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് പ്രശ്‌നവും ഹൃദയാഘാതവും മൂലം മരണം സ്വാഭാവികമാണെന്ന് ഭാര്യ ലക്ഷ്മി മാധുരി ബന്ധുക്കളെയും അയൽക്കാരെയും അറിയിക്കുകയായിരുന്നു. എന്നാൽ. സംഭവ സ്ഥലത്തെത്തിയ പോലീസിന് ലക്ഷ്മി മാധുരിയോട് സംസാരിക്കവെ ചില സംശയങ്ങൾ തോന്നി. പിന്നാലെ പോലീസിന്‍റെ നിർബന്ധത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റ്‌മോർട്ടത്തിൽ വാരിയെല്ലുകൾക്ക് പൊട്ടൽ കണ്ടെത്തി. ഇതോടെ പോലീസ് ലക്ഷ്മി മാധുരിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് അതൊരു കൊലപാതകമാണെന്ന് വ്യക്തമായത്.
തീയറ്ററിലെ പരിചയം, പ്രണയം പിന്നാലെ കൊലപാതകം
2007 -ലാണ് ലോകം ശിവ നാഗരാജുവും ലക്ഷ്മിയും വിവാഹിതരായത്. പിന്നീട് വിജയവാഡയിലെ ഒരു സിനിമാ തീയറ്ററിലെ ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെ, സട്ടേനപ്പള്ളി സ്വദേശിയായ ഗോപി എന്നയാളെ ലക്ഷ്മി മാധുരി പരിചയപ്പെട്ടു. ഈ സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. കുടുംബകലഹങ്ങളും ഭർത്താവിന്‍റെ പീഡനവും കാരണം ലക്ഷ്മി, കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തിന്‍റെ ഭാഗമായി ഗോപിയുടെ സുഹൃത്തും ആർഎംപി ഡോക്ടറുമായ സുരേഷിന്‍റെ സഹായത്തോടെ ലക്ഷ്മി ഉറക്ക ഗുളികകൾ വാങ്ങി. പിന്നാലെ ബിരിയാണിയിൽ ഗുളികകൾ കലർത്തി ഭർത്താവിന് നൽകി. തുടർന്ന് ഗോപിയെയും സുഹൃത്തിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ശിവ നാഗരാജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരക്കഷണം ഉപയോഗിച്ച് നെഞ്ചിൽ അടിച്ച് മരണം ഉറപ്പാക്കി. പോലീസിന്‍റെ ചോദ്യം ചെയ്യലിൽ ഭർത്താവ് തന്‍റെ അവിഹിതബന്ധം കണ്ടെത്തിയതിനെ തുടർന്നുണ്ടായ മാനസിക പീഡനം മൂലമാണ് കൊലപാതകം ചെയ്തതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. ഇതോടെ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


