
അമ്മയും മകളും ഒരുപോലെ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ഇൻഫ്ലുവൻസർ ആവുകയും ചെയ്യുന്ന കാലമാണിത്. ഫ്ലോറിഡയിൽ നിന്നുമുള്ള അറുപതുകാരിയായ ഡോൺ ഹബ്‍ഷറും സാമൂഹിക മാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാൽ, തന്റെ മകൾക്കൊപ്പം പ്രത്യക്ഷപ്പെടുമ്പോൾ അവളുടെ ഇരട്ട സഹോദരിയാണ് താൻ എന്ന് പലരും തെറ്റിദ്ധരിക്കുന്നു എന്നാണ് ഹബ്ഷർ പറയുന്നത്.
അമ്മയും മകളും ഒരുമിച്ചുള്ള ഒരുപാട് വീഡിയോ ഇരുവരും ടിക്ടോക്കിൽ പങ്ക് വയ്ക്കാറുണ്ട്. മിക്കവാറും മാച്ചിങ് ഔട്ട്‍ഫിറ്റ് ധരിച്ച് വിശേഷങ്ങളൊക്കെ പറഞ്ഞാണ് ഇരുവരും ടിക്ടോക്കിൽ പ്രത്യക്ഷപ്പെടാറ്. എന്നാൽ, ഇരുവരും അമ്മയും മകളുമാണ് എന്നത് മിക്കവാറും ആളുകൾക്ക് വിശ്വാസം വരാറില്ല. അറുപത് വയസായി തനിക്ക് എന്ന് ഹബ്ഷർ പറയുമ്പോൾ മിക്കവാറും ആളുകൾ അന്തംവിടാറാണ് പതിവ്.
'അമ്മയോ, ഞാൻ കരുതിയത് ഇരട്ടസഹോദരി ആണെന്നാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതുപോലെ ഒരു ടിക്ടോക്ക് വീഡിയയിൽ എങ്ങനെ യംഗ് ആയിരിക്കാം എന്നതിനെ കുറിച്ച് ഹബ്ഷർ പറയുന്നുണ്ട്. സ്ട്രെസ്സില്ലാതെ ശ്രദ്ധിക്കുന്നതാണ് അമ്മയ്ക്ക് പ്രായം തോന്നിക്കാത്തതിന്റെ ഒരു കാരണമായി മുപ്പതുകാരി മകൾ ചെർ ഹബ്‍ഷർ പറയുന്നത്.
അതുപോലെ താൻ ഡയറ്റ് നന്നായി ശ്രദ്ധിക്കുമെന്നും വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കുന്നത് എന്നും ഹബ്ഷർ പറയുന്നു. മകൾ വീഗൻ ഡയറ്റാണ് നോക്കുന്നത്. അതുപോലെ ചെറുപ്പമായിരിക്കാൻ വെള്ളം നന്നായി കുടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഹബ്ഷർ പറയുന്നുണ്ട്. നന്നായി വെള്ളം കുടിക്കുക, പറ്റുന്നതും വെയിൽ കൊള്ളാതെ നോക്കുക, അഥവാ വെയിലത്തോട്ടിറങ്ങുകയാണ് എങ്കിൽ തൊപ്പി ധരിക്കാൻ ശ്രമിക്കുക എന്നും ഹബ്ഷർ പറയുന്നു.
അതുപോലെ വ്യായാമത്തിന്റെ കാര്യത്തിലും അമ്മയ്ക്കും മകൾക്കും യാതൊരു വിട്ടുവീഴ്ചയും ഇല്ല. കൂടാതെ സ്കിൻ കെയർ പ്രൊഡക്ട് തെരഞ്ഞെടുക്കുമ്പോൾ നല്ല കമ്പനി നോക്കി വാങ്ങണം എന്നും ഈ അമ്മയും മകളും പറയുന്നു.