എവറസ്റ്റിൽ ദിവസവും 6,000 ലിറ്റർ മൂത്രം; മഞ്ഞുരുകലിന് മനുഷ്യരുടെ ഇടപെടലും കാരണമെന്ന് പഠനം

Published : Sep 05, 2026, 12:36 PM IST
Everest Base Camp

Synopsis

എവറസ്റ്റ് ബേസ് ക്യാമ്പിലെ മനുഷ്യരുടെ ഇടപെടൽ ഖുംബു ഹിമാനിയിലെ മഞ്ഞുരുകലിന് വേഗത കൂട്ടുന്നതായി പുതിയ പഠനം. ദിവസവും ഒഴിക്കുന്ന ആയിരക്കണക്കിന് ലിറ്റർ മൂത്രവും ഇന്ധന ഉപയോഗവും വലിയ അളവിൽ മഞ്ഞ് ഉരുകാൻ കാരണമാകുന്നുവെന്നും കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഈ പ്രാദേശിക ഘടകങ്ങളും എവറസ്റ്റിന് ഭീഷണിയാകുന്നുവെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലും വലിയ സ്വാധീനം ചെലുത്തുന്നതായി പഠനം. എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നതെന്നും ഇതിൽ നിന്നുള്ള ചൂടും ലവണാംശവും ഖുംബു ഹിമാനിയിലെ മഞ്ഞുരുകലിന് കാരണമാകുന്നതായും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ വെള്ളം കുടിക്കുന്നു

നേപ്പാൾ, യുഎസ് ഗവേഷക സംഘം സംയുക്തമായി നടത്തിയ പഠനം റീജിണൽ എൻവയോൺമെന്‍റൽ ചെയ്ഞ്ച് (Regional Environmental Change) എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. നേപ്പാളിന്‍റെ ഖുംബു ഹിമാനിയിലാണ് എവറസ്റ്റ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഉയർന്ന പ്രദേശത്ത് നിർജലീകരണം ഒഴിവാക്കാൻ പർവതാരോഹകരും ഗൈഡുമാരും വലിയ അളവിൽ വെള്ളം കുടിക്കുന്നതിനാലാണ് മൂത്രത്തിന്‍റെ അളവ് ഇത്രയും ഉയരുന്നതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഖരമാലിന്യം ശേഖരിച്ച് താഴേക്ക് കൊണ്ടുപോകുന്ന സംവിധാനമുണ്ടെങ്കിലും മൂത്രത്തിന്‍റ വലിയൊരു ഭാഗവും നേരിട്ട് ഹിമാനിയിലേക്കാണ് ഒഴുക്കുന്നതെന്ന് പഠനം പറയുന്നു. ഒരു സീസണിൽ മനുഷ്യ മൂത്രത്തിൽ നിന്നുള്ള ചൂട് മാത്രം ഏകദേശം 154 ടൺ മഞ്ഞ് ഉരുകാൻ കാരണമാകാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.

എന്നാൽ, മൂത്രം മാത്രമല്ല പ്രശ്നം. 2023 -ലെ വസന്തകാല കയറ്റ സീസണിൽ ബേസ് ക്യാമ്പിലെ ഏകദേശം 1600 ടെന്‍റുകൾ പ്രവർത്തിപ്പിക്കാൻ എൽപിജി, മണ്ണെണ്ണ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ വലിയ തോതിൽ ഉപയോഗിക്കപ്പെട്ടു. ഇന്ധന ഉപയോഗവും മൂത്രത്തിൽ നിന്നുള്ള ചൂടും ചേർന്ന് ഒരു സീസണിൽ ഏകദേശം 2,492 ടൺ മഞ്ഞും മഞ്ഞുപാളികളും ഉരുകാൻ ശേഷിയുള്ള ചൂടാണ് സൃഷ്ടിച്ചതെന്ന് പഠനം വിലയിരുത്തുന്നു.

ബേസ് ക്യാമ്പ് താഴേയ്ക്ക് മാറ്റണം

1991 മുതൽ 2023 വരെയുള്ള ഉപഗ്രഹ വിവരങ്ങൾ പരിശോധിച്ചപ്പോൾ ബേസ് ക്യാമ്പിലെ ഉപരിതല താപനില പ്രതിവർഷം ശരാശരി 0.28 ഡിഗ്രി സെൽഷ്യസ് വീതം ഉയർന്നതായും കണ്ടെത്തി. ഇത് സമീപത്തെ മഞ്ഞുമേഖലയിലെ താപനില വർധനയുടെ ഏകദേശം ഇരട്ടിയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഹിമാനി ഉരുകലിന്‍റ പ്രധാന കാരണം. എന്നാൽ, ആയിരക്കണക്കിന് മനുഷ്യർ വർഷംതോറും ഉരുകിക്കൊണ്ടിരിക്കുന്ന ഹിമാനിയിൽ കേന്ദ്രീകരിക്കുന്നത് ദീർഘകാലത്തേക്ക് സുസ്ഥിരമല്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ബേസ് ക്യാമ്പ്, സമീപത്തെ സ്ഥിരതയുള്ള, മഞ്ഞില്ലാത്ത പ്രദേശത്തേക്ക് മാറ്റുന്നതും പരിഗണിക്കണമെന്നാണ് പഠനത്തിലെ നിർദേശം.

PREV
Read more Articles on
click me!

Recommended Stories

'അവസാന ട്രിപ്പ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ കണ്ണ് നിറ‌ഞ്ഞു, ബസിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു'; കുമളി കെഎസ്ആർടിസി ടിപ്പോയിലെ വൈകാരിക നിമിഷങ്ങൾ വൈറൽ
‘കഠിനാധ്വാനത്തിന്‍റെ മൂല്യം കുറയുന്നു’; കോർപ്പറേറ്റ് ഇന്ത്യയിലെ മാറുന്ന മനോഭാവം ചൂണ്ടിക്കാട്ടി ഹർഷ് ഗോയങ്ക