
ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിലെ പുതിയ തലമുറയുടെ സമീപനത്തിൽ മാറ്റം സംഭവിക്കുന്നതായി ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. കഠിനാധ്വാനത്തിനുള്ള പ്രാധാന്യം കുറഞ്ഞുവരുന്നതായും ദീർഘകാല ബിസിനസ് കെട്ടിപ്പടുക്കുന്നതിനേക്കാൾ എളുപ്പത്തിലുള്ള വരുമാന മാർഗങ്ങളോടാണ് പലരും താൽപര്യം കാണിക്കുന്നതെന്നും അദ്ദേഹം തന്‍റെ സമൂഹ മാധ്യമ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
“കോർപ്പറേറ്റ് ഇന്ത്യയിൽ കൂടുതൽ ആഴത്തിലുള്ള എന്തോ മാറ്റം സംഭവിക്കുന്നു” എന്നായിരുന്നു ഗോയങ്കയുടെ നിരീക്ഷണം. പുതിയ തലമുറയിലെ ബിസിനസ് കുടുംബങ്ങളിലെ അവകാശികളിൽ പലരും വ്യവസായങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിന് പകരം പാസീവ് വരുമാനത്തെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പ് മേഖലയിലും സമാനമായ മാറ്റം കാണുന്നുവെന്നാണ് ഗോയങ്കയുടെ വിലയിരുത്തൽ. ഡീപ് ടെക്, ഗവേഷണം, ദീർഘകാല സാങ്കേതിക വികസനം തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കുന്നതിന് പകരം വേഗത്തിൽ വളരാവുന്ന ഡെലിവറി ആപ്പുകളും സമാന ബിസിനസ് മാതൃകകളുമാണ് പല സംരംഭകരും തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Something deeper is changing in corporate India. The value attached to hard work seems to be diminishing, many next-gen heirs prefer passive income to building factories and businesses, startups chasing delivery apps over deep tech, fights within and between businesses. India has…
— Harsh Goenka (@hvgoenka) September 3, 2026
അതേസമയം, ബിസിനസുകൾക്കിടയിലും സ്ഥാപനങ്ങൾക്കുള്ളിലും ഉണ്ടാകുന്ന തർക്കങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിഭയും മൂലധനവും ഉണ്ടെങ്കിലും ഭാവിയെ ലക്ഷ്യമിട്ടുള്ള മേഖലകളിൽ കൂടുതൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് നിക്ഷേപം നടത്താനുള്ള സംരംഭകത്വ മനോഭാവം തിരിച്ചുപിടിക്കണമെന്ന് ഗോയങ്ക ആവശ്യപ്പെട്ടു.
ഗോയങ്കയുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. കഠിനാധ്വാനത്തോടുള്ള സമീപനം മാറിയെന്ന വാദത്തെ ചിലർ പിന്തുണച്ചപ്പോൾ, യുവതലമുറയുടെ മുൻഗണനകൾ മാറുന്നത് സ്വാഭാവികമാണെന്നും ജീവിത നിലവാരത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതിൽ തെറ്റില്ലെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു. യുവ സംരംഭകരുടെ ലക്ഷ്യം പണം സമ്പാദിക്കുന്നതിൽ മാത്രം ഒതുങ്ങാതെ പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്നതിലേക്കും നീങ്ങണമെന്ന ചർച്ചയ്ക്കാണ് ഹർഷ് ഗോയങ്കയുടെ ഈ പ്രതികരണം വഴിതുറന്നിരിക്കുന്നത്.