18 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെഎസ്ആർടിസി ഡ്രൈവർ പോൾ കുര്യൻ താൻ ഓടിച്ചിരുന്ന ബസിനോട് വിടപറയുന്ന ഹൃദയസ്പർശിയായ ദൃശ്യങ്ങൾ വൈറലാകുന്നു. അവസാന ഡ്യൂട്ടിക്ക് ശേഷം ബസിനെ ചുംബിക്കുകയും ടയറുകളിൽ തൊട്ട് വന്ദിക്കുകയും ചെയ്ത അദ്ദേഹം, ഇത്രയും കാലം തന്നെയും യാത്രക്കാരെയും കാത്തത് ഈ ബസാണെന്ന് പറഞ്ഞു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ലയാളിക്ക് 'ആനവണ്ടി' എന്ന കെഎസ്ആർടിസിയോട് ഒരു പ്രത്യേക വികാരമാണ്. അപ്പോൾ 18 വർഷത്തോളം ആ വലിയ വാഹനം ഓടിച്ചൊരു വ്യക്തിക്കോ?. ആത്മബന്ധം അതിലേറെ വളരുമെന്ന് തീർച്ച. 18 വർഷത്തെ കെഎസ്ആർടിസി സേവനത്തിന് ശേഷം അവസാന ഡ്യൂട്ടിയും പൂർത്തിയാക്കി വണ്ടി സ്റ്റാന്‍റിൽ കൊണ്ടിട്ട് മടങ്ങുമ്പോൾ, ഇടുക്കി കട്ടപ്പന സ്വദേശിയായ പോൾ കുര്യന് തന്‍റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം തന്‍റെ സഹയാത്രികനായ ആ വണ്ടിയുടെ അടുത്തേക്ക് ചെന്നു. പിന്നീട് നടന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ അത് വളരെ പെട്ടെന്ന് തന്നെ ലോകമെങ്ങും വൈറലായി.

'എട്ട് വർഷമായി ഒപ്പം'

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (KSRTC) 18 വർഷം സേവനം ചെയ്ത പോൾ കുര്യൻ കഴിഞ്ഞ എട്ട് വർഷമായി ഒരേ ബസാണ് ഓടിച്ചിരുന്നത്. ഇടുക്കി – കുമളി മേഖലകളിലൂടെയും കുമ്പം – കുമളി – കരുവാക്കുളം – കോട്ടയം റൂട്ടിലൂടെയും ദീർഘദൂര സർവീസുകൾ നടത്തിയിരുന്ന ബസ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ അവസാനകാലത്ത് അവിഭാജ്യ ഭാഗമായി മാറി. അവസാന ഡ്യൂട്ടി പൂർത്തിയാക്കി ഡിപ്പോയിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ബസിനരികിലെത്തിയ കുര്യൻ വാഹനത്തിൽ കൈവെച്ച് സ്‌നേഹത്തോടെ ചുംബിച്ചു. പിന്നീട് ബസിനെ ഒരിക്കൽ കൂടി നോക്കി, നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ച് അദ്ദേഹം ആദരവോടെ യാത്ര പറഞ്ഞു. സഹപ്രവർത്തകർ പകർത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇടുക്കി ജില്ലയിലെ കുമളി കെഎസ്ആർടിസി ടിപ്പോയിലാണ് ഈ വൈകാരിക രംഗങ്ങൾ നടന്നത്.

Scroll to load tweet…

'ഇവനാണ് കാത്തത്, ‌‌‌ഞാനല്ല'

Scroll to load tweet…

അവസാനമായി താൻ ഓടിച്ചിരുന്ന ബസിനെ വലംവച്ച അദ്ദേഹം ബസിന്‍റെ ഓരോ ടയറുകളും തൊട്ട് തലയിൽ വച്ച് വണങ്ങുന്നതും കാണാം. അപകടം പിടിച്ച റൂട്ടിൽ അപകടങ്ങളൊന്നുമില്ലാതെ തന്‍റെയും തനിക്കൊള്ളമുള്ള മറ്റ് യാത്രക്കാരെയും എന്നും സുരക്ഷിതമാക്കിയ ആ ടയറുകളെ പോലും അദ്ദേഹം വണങ്ങി. “ഇത്രയും കാലം യാത്രക്കാരെയും എന്നെയും സംരക്ഷിച്ചത് ഞാനല്ല, ഈ ബസാണ്,” എന്ന കുര്യന്‍റെ വാക്കുകൾ വീഡിയോയെ കടുതൽ ഹൃദയസ്പർശിയാക്കുന്നു. അവസാന ജോലി ദിവസം ഈ ആഴ്ചയായിരുന്നെങ്കിലും ഔദ്യോഗിക വിരമിക്കൽ ഒക്ടോബർ 31 -നാണ്. അതുവരെ അദ്ദേഹം അവധിയിലായിരിക്കും. വീഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ കുര്യന്‍റെ ജോലിയോടുള്ള സമർപ്പണത്തെ അഭിനന്ദിച്ചു. പൊതുഗതാഗത സംവിധാനത്തെ മുന്നോട്ട് നയിക്കുന്ന ആയിരക്കണക്കിന് കെഎസ്ആർടിസി ജീവനക്കാരുടെ ആത്മാർഥതയും അഭിമാനവുമാണ് സ്ഥാപനത്തിന്‍റെ യഥാർഥ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.