Bridge Theft: നേരം വെളുത്തപ്പോള്‍ പാലമില്ല, തുരുമ്പെടുക്കും മുമ്പ് മോഷ്ടാവിനെ പൊക്കി പൊലീസ്

By Web TeamFirst Published Dec 21, 2021, 4:00 PM IST
Highlights

ഒഹയോയിലെ ഏക്രനിലാണ് സംഭവം. ഇവിടത്തെ മിഡില്‍ബറി പാര്‍ക്കിനടുത്തുള്ള ചെറുനദിക്ക് കുറുകെയുണ്ടായിരുന്ന 18 മീറ്റര്‍ നീളമുള്ള പാലമാണ് കഴിഞ്ഞ മാസം മോഷണം പോയത്. 

കഴിഞ്ഞ മാസം മോഷണം പോയ പാലം കണ്ടെത്തി. സ്വകാര്യ ക്രെയതിന്‍ ഏജന്‍സിയെ ഉപയോഗിച്ച് പാലം അതിവിദഗ്ധമായി കടത്തിക്കൊണ്ടുവന്ന 63-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ്, ഒരു മാസമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പാലം ഒടുവില്‍ കണ്ടെത്തിയത്. 

ഒഹയോയിലെ ഏക്രനിലാണ് സംഭവം. ഇവിടത്തെ മിഡില്‍ബറി പാര്‍ക്കിനടുത്തുള്ള ചെറുനദിക്ക് കുറുകെയുണ്ടായിരുന്ന 18 മീറ്റര്‍ നീളമുള്ള പാലമാണ് കഴിഞ്ഞ മാസം മോഷണം പോയത്. പാര്‍ക്കിനടുത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്ത പാലം അടുത്തുള്ള സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. 40,000 ഡോളര്‍ മൂല്യം കണക്കാക്കിയ പാലം പുനര്‍നിര്‍മാണം നടത്താനുള്ള പദ്ധതി പുരോഗമിക്കുന്നതിനിടെയാണ് പാലം കാണാതെ പോയത്. 

 

പാലം മോഷണത്തിനു മുമ്പ്
 

മൂന്ന് ഘട്ടങ്ങളായാണ് പാലം കവര്‍ന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ആദ്യം പാലത്തിന്റെ ഇരുമ്പു ബോള്‍ട്ടുകളും മറ്റും അഴിച്ചു മാറ്റി. പിന്നീട്, പാലത്തിന്റെ മറ്റു ഭാഗങ്ങള്‍ ഓരോന്നായി എടുത്തുകൊണ്ടുപോവുകയായിരുന്നു. സംഭവം വലിയ വാര്‍ത്തയായതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. 

അതിനിടെയാണ്, പാലം ഒരു വീടിനടുത്തുള്ള സ്ഥലത്ത് കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് മെദിന കൗണ്ടിയിലെ ഈ സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തി. പാലം അതേപടി സൂക്ഷിച്ചിരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. തുടര്‍ന്ന്, പൊലീസ് ഈ സ്ഥലത്തിന്റെ ഉടമയെ ചോദ്യം ചെയ്തു. ഇയാള്‍ കുറ്റം സമ്മതിക്കുകയും പൊലീസ് പാലം തിരിച്ചെടുക്കുകയും ചെയ്തു. ഡേവിഡ് ബ്രെയിംലി എന്ന 63-കാരനാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

മോഷ്ടിച്ച പാലം സൂക്ഷിച്ച നിലയില്‍
 

പ്രദേശത്തെ ഒരു ക്രെയിന്‍ ഏജന്‍സിയെ വാടക്കെടുത്താണ് പാലം കടത്തിക്കൊണ്ടുവന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂന്ന് ഘട്ടങ്ങളായാണ് പാലം മോഷ്ടിച്ചത്. ഇത് അഴിച്ചെടുത്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ സമ്മതിച്ചു. 

click me!