'കൈ പിടിക്കാൻ ശ്രമിച്ചു, പക്ഷേ അവൾ പോയി'; നോക്കിനിൽക്കെ മണ്ണിനടിയിലായ ഭാര്യയെ രക്ഷിക്കാനാകാതെ 68 -കാരൻ, ദുരന്തഭൂമിയായി നേപ്പാൾ

Published : Aug 27, 2026, 12:05 PM IST
Keshav Prasad Baral from Nepal

Synopsis

ടിബറ്റ് അതിർത്തിയോട് ചേർന്ന നേപ്പാളിലെ റാസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഭാര്യയെ കൺമുന്നിൽ നഷ്ടപ്പെട്ട 68-കാരന്റെ ദുരന്താനുഭവം. ഹിമാനി തകർന്നതിനെ തുടർന്നുണ്ടായ പ്രളയത്തിൽ 160-ൽ അധികം പേർ മരിക്കുകയും നിരവധി ഇന്ത്യക്കാർ ഉൾപ്പെടെ 500-ഓളം പേരെ കാണാതാവുകയും ചെയ്തു.

ടിബറ്റ് അതിർത്തിയോട് ചേർന്ന നേപ്പാളിലെ റാസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഭാര്യയെ കൺമുന്നിൽ നഷ്ടപ്പെട്ടതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് 68 -കാരനായ കേശവ് പ്രസാദ് ബരാൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രക്ഷപ്പെട്ട ബരാൽ താൻ കണ്ട കാഴ്ചയുടെ ഭീകരത വിവരിച്ചത്.

'കൈ പിടിക്കാൻ ശ്രമിച്ചു, പക്ഷേ അവൾ പോയി'

തങ്ങൾക്ക് നേരെ വൻതോതിൽ ചെളിയും മണ്ണും ഇരച്ചെത്തുകയായിരുന്നുവെന്ന് ബരാൽ റോയിട്ടേഴ്സിനോട് പറഞ്ഞു. വീടിനുള്ളിലേക്ക് മണ്ണിന്‍റെ കുത്തൊഴുക്ക് എത്തിയപ്പോൾ ഭാര്യയുടെ കൈ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നിമിഷങ്ങൾക്കകം വൻതോതിലുള്ള ചെളിയിൽ അവൾ അപ്രത്യക്ഷയായി. “എന്‍റെ ഭാര്യ ഇപ്പോഴും മണ്ണിനടിയിലാണ്. അവൾ പോയി,” നിറ കണ്ണുകളോടെ ബരാൽ പറഞ്ഞു. നേപ്പാളിലെ റാസുവ ജില്ലയിൽ ഉണ്ടായ ദുരന്തത്തിൽ 160 -ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏതാണ്ട് 500 ഓളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് ദുരന്തബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

ഹിമാനിയുടെ തകർച്ച

ആദ്യഘട്ടത്തിൽ യുഎസ് ജിയോളജിക്കൽ സർവേ സംഭവത്തെ 4.4 തീവ്രതയുള്ള ഭൂചലനവുമായി ബന്ധപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് 5.2 തീവ്രതയുള്ള ഹിമാനി തകർച്ചയാണെന്ന് തിരുത്തി. ഹിമാനിയിൽ നിന്നുള്ള മഞ്ഞും പാറകളും താഴേക്ക് പതിച്ച് നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് അപ്രതീക്ഷിതമായി വൻ ജലപ്രവാഹം താഴേക്ക് കുതിച്ചെത്തുകയുമായിരുന്നു. ല്ഹെൻഡെ ഖോല നദിയിൽ 14 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വലിയ പ്രളയമുണ്ടാകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിൽ 133 -ലേറെ ഇന്ത്യക്കാരെയും 37 എൻആർഐകളെയും ബന്ധപ്പെടാനാകാത്തതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ഇന്ത്യയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ബിഹാറിൽ ഒമ്പത് എൻഡിആർഎഫ് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. നേപ്പാളിലെ ഇന്ത്യൻ എംബസി സഹായത്തിനായി രണ്ട് അടിയന്തര നമ്പറുകളും പുറത്തിറക്കി: +977 985 131 6807, +977 970 910 7500. ഈ നമ്പറുകളിൽ വാട്സ്ആപ്പ് വഴിയും ബന്ധപ്പെടാം.

PREV
Read more Articles on
click me!

Recommended Stories

ഓഫീസ് ടാർഗെറ്റ് പൂർത്തിയാക്കിയില്ല, യുവതിയെ കൊണ്ട് 200 സ്ക്വാറ്റ് അടിപ്പിച്ച് കമ്പനിയുടെ ശിക്ഷ, പിന്നാലെ ഗുരുതരാവസ്ഥയിൽ!
‘ആളുകൾ സമ്പന്നരായി, പക്ഷേ ഭക്ഷണരീതി മോശമായി’; അനുഭവം പറഞ്ഞ്, 22 വർഷമായി ഇന്ത്യ സന്ദർശിക്കുന്ന ഓസ്ട്രിയക്കാരൻ, വീഡിയോ