ഓഫീസ് ടാർഗെറ്റ് പൂർത്തിയാക്കിയില്ല, യുവതിയെ കൊണ്ട് 200 സ്ക്വാറ്റ് അടിപ്പിച്ച് കമ്പനിയുടെ ശിക്ഷ, പിന്നാലെ ഗുരുതരാവസ്ഥയിൽ!

Published : Aug 27, 2026, 10:30 AM IST
company punished woman

Synopsis

ചൈനയിൽ ഓഫീസ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന് ജീവനക്കാരിയെ 200 സ്‌ക്വാറ്റുകൾ ചെയ്യാൻ നിർബന്ധിച്ചു. അമിത വ്യായാമം മൂലം 'റാബ്ഡോമയോളിസിസ്' എന്ന ഗുരുതര രോഗം ബാധിച്ച യുവതി ആശുപത്രിയിലായതോടെ സംഭവത്തിൽ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമായി.

ഫീസ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന്‍റെ പേരിൽ ശിക്ഷയായി ജീവനക്കാരിയെ കൊണ്ട് 200 സ്‌ക്വാറ്റുകൾ ചെയ്യാൻ നിർബന്ധിച്ച കമ്പനിക്കെതിരെ പ്രതിഷേധം ശക്തം. സെജിയാങ് പ്രവിശ്യയിലെ ഹാംഗ്‌ഷൂവിൽ ജോലി ചെയ്യുന്ന യാങ് എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കമ്പനി ഉത്തരവ് പ്രകാരം 200 ഓളം സ്ക്വാറ്റുകളെടുത്ത യുവതിയെ കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ അമിത വ്യായാമം മൂലം പേശികൾ അതിവേഗം തകർന്ന് അവയുടെ ഘടകങ്ങൾ രക്തത്തിൽ കലരുന്ന ഗുരുതര രോഗം യാങിനെ ബാധിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.

ടാർഗറ്റ് പൂർത്തിയാക്കിയില്ല, പിന്നാലെ ശിക്ഷ

കഴിഞ്ഞ ജൂണിലാണ് യാങ് ഒരു ലോൺ അസിസ്റ്റൻസ് കമ്പനിയിൽ ഫിനാൻഷ്യൽ കൺസൾട്ടന്‍റായി ചേർന്നത്. ഫോൺ വഴി ഉപഭോക്താക്കളെ കണ്ടെത്തുന്ന ടെലി - സെയിൽസായിരുന്നു ഇവരുടെ പ്രധാന ചുമതല. ജീവനക്കാർക്ക് ദിവസവും 200 ഓളം ഫോൺ കോളുകൾ ചെയ്യുക, പുതിയ ഉപഭോക്താവിനെ കണ്ടെത്തുകയും ക്ഷണിക്കുകയും ചെയ്യുക തുടങ്ങി കർശനമായ ലക്ഷ്യങ്ങളാണ് ടീം മാനേജറായ യാങിന് നിശ്ചയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ജൂലൈ 28 -ന് യാങ്ങിന് ഈ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതോടെ, പൂർത്തിയാക്കാത്ത ഓരോ ലക്ഷ്യത്തിനും 100 സ്‌ക്വാറ്റുകൾ ചെയ്യുകയോ അല്ലെങ്കിൽ 50 യുവാൻ (ഏകദേശം 709 രൂപ) വീതം പിഴ അടയ്ക്കുകയോ വേണമെന്ന് മാനേജർ നിർദ്ദേശിച്ചു.

എഴുന്നേറ്റ് നിൽക്കാൻ പോലുമാകാതെ...

പണം നൽകാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ യാങ് 200 സ്‌ക്വാറ്റുകൾ ചെയ്യാൻ നിർബന്ധിതയാവുകയായിരുന്നു. ഓഫീസ് കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെച്ച് യാങിനെ കൊണ്ട് സ്‌ക്വാറ്റുകൾ ചെയ്യുന്നതിന്‍റെ വീഡിയോകൾ തെളിവായി സൂപ്പർവൈസർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ, 200 ഓളം സ്ക്വാറ്റുകൾ ചെയ്തതിന് പിന്നാലെ എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാതെ യാങ് കുഴഞ്ഞുവീഴുന്ന അവസ്ഥയിലായി. ഇരു കാലുകളിലും കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യാങിന് ഇരുകാലുകളിൽ നിവർന്ന് നിൽക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ജീവൻ അപകടത്തിൽ!

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആദ്യം ആശുപത്രിയിൽ പോകാതിരുന്ന യാങ്, അഞ്ച് ദിവസങ്ങൾക്ക് ശേഷം മൂത്രത്തിന് കടും നിറം ബാധിച്ചതോടെയാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആശുപത്രി പരിശോധനയിൽ ഇവർക്ക് 'റാബ്ഡോമയോളിസിസ്' (Rhabdomyolysis) എന്ന ഗുരുതര രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. അതികഠിനമായ വ്യായാമം മൂലം പേശികൾ അതിവേഗം തകർന്ന് അവയുടെ ഘടകങ്ങൾ രക്തത്തിൽ കലരുന്ന അവസ്ഥയാണിത്. ഇത് രക്തത്തിലെത്തി വൃക്ക തകരാറിനും ജീവൻ തന്നെ അപകടത്തിലാകാനും കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

നഷ്ടപരിഹാരം ഇല്ല!

യാങ്ങിന്‍റെ രക്തത്തിലെ 'ക്രിയാറ്റിൻ കൈനേസ്' അളവ് അപകടകരമായ രീതിയിൽ 16,000 U/L-ന് മുകളിലായിരുന്നു. ഭാഗ്യവശാൽ ഇവർക്ക് വൃക്ക തകരാർ സംഭവിച്ചില്ല. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം വിശ്രമത്തിലായ യാങ് ജൂലൈ 30 -ന് ജോലിയിൽ നിന്ന് രാജിവെച്ചു. പിന്നാലെ അപ്രായോഗികമായ ടാർഗെറ്റുകൾ നൽകി കമ്പനി തന്നെ പുറത്താക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യാങ് ആരോപിച്ചു. ചികിത്സാ ചെലവുകൾക്കും നഷ്ടപരിഹാരത്തിനുമായി 15,000 യുവാൻ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും മാനേജർ സാങ് ഇത് നിരസിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി സമ്മതിച്ചെങ്കിലും തുക നൽകാൻ മാനേജർ തയ്യാറായില്ല.

പരാതി, പിന്നാലെ അന്വേഷണം

തുടർന്ന് യാങ് പ്രാദേശിക ലേബർ ഇൻസ്പെക്ഷൻ അതോറിറ്റിക്ക് പരാതി നൽകി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ചൈനീസ് തൊഴിൽ നിയമപ്രകാരം ജീവനക്കാരെ ശാരീരികമായി ശിക്ഷിക്കുന്നതും അപമാനിക്കുന്നതും കുറ്റകരമാണ്. കുറ്റക്കാർക്ക് 15 ദിവസം വരെ തടവുശിക്ഷ ലഭിക്കാം. സംഭവം പുറത്തുവന്നതോടെ ചൈനയിൽ തൊഴിലിടങ്ങളിലെ ക്രൂരമായ മാനസിക പീഡനങ്ങൾക്കെതിരെയും ശാരീരിക ശിക്ഷകൾക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

PREV
Read more Articles on
click me!

Recommended Stories

‘ആളുകൾ സമ്പന്നരായി, പക്ഷേ ഭക്ഷണരീതി മോശമായി’; അനുഭവം പറഞ്ഞ്, 22 വർഷമായി ഇന്ത്യ സന്ദർശിക്കുന്ന ഓസ്ട്രിയക്കാരൻ, വീഡിയോ
ഓഫീസിലെ ബാത്ത്റൂമിൽ കുഴഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു, കമ്പ്യൂട്ടർ ഓണാക്കാത്തതിനാൽ ജോലി സംബന്ധമായ മരണമെന്ന് പറയാൻ കഴിയില്ലെന്ന് അധികൃതർ, പരാതി