
22 വർഷമായി മുടങ്ങാതെ ഇന്ത്യ സന്ദർശിക്കുന്ന ഓസ്ട്രിയൻ പൗരൻ വോൾഫ്ഗാങ് ബെർഗ്താലർ രാജ്യത്ത് കാലക്രമേണ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് പങ്കുവെച്ച നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് ഇന്ത്യയിൽ തനിക്ക് മെച്ചപ്പെട്ടതായി തോന്നാത്ത ചില കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിൽ ബിസിനസ് അവസരങ്ങൾ കൂടുതലാണെന്നും സമ്പന്നരാകാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ടെന്നും സമ്മതിച്ചെങ്കിലും ചില വിമർശനങ്ങളും വോൾഫ്ഗാങ് ബെർഗ്താലർ ഉന്നയിച്ചു.
ജനങ്ങൾക്ക് ശുദ്ധമായ വായുവും വെള്ളവും, ജൈവ ഭക്ഷണവും സ്വകാര്യതയും പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് വോൾഫ്ഗാങ് ആരോപിച്ചു. “ആളുകൾ സമ്പന്നരായി, പക്ഷേ അവരുടെ ഭക്ഷണരീതി മോശമായി” എന്നായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ നിരീക്ഷണം. ജങ്ക് ഫുഡിന്‍റെയും ഫാസ്റ്റ് ഫുഡിന്‍റെയും കൂടിവരുന്ന ഉപയോഗവും, അനാരോഗ്യകരമായ ജീവിതശൈലിയും, കായിക പ്രവർത്തനങ്ങളോട് കുറയുന്ന താൽപര്യവും ഇന്ത്യക്കാരിൽ കൂടി വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിതത്തിലെ പല ബന്ധങ്ങളും കൂടുതൽ ലാഭ നഷ്ടക്കണക്കുകൾ നോക്കുന്ന സ്വഭാവത്തിലേക്ക് മാറിയെന്നും ബെർഗ്താലർ അഭിപ്രായപ്പെട്ടു. പ്രതിഫലം പ്രതീക്ഷിക്കാതെ നിലനിൽക്കുന്ന ബന്ധങ്ങൾക്ക് ഇപ്പോഴും ഇടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ആളുകളുടെ ശ്രദ്ധാ കുറച്ചു. മണിക്കൂറുകളോളം നീണ്ടിരുന്ന സംഭാഷണങ്ങൾ ഇന്ന് റീലുകളിൽ നിന്ന് മറ്റൊരു വിഷയത്തിലേക്ക് ചാടുന്ന അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണരീതിയിൽ മാത്രമല്ല, തൊഴിൽരംഗത്തും ഈ വൈരുധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ആഗോള നിലവാരത്തിലേക്ക് വളർന്നെങ്കിലും സ്ഥാപനങ്ങളിലെ അധികാരശ്രേണി പഴയ രീതിയിൽ തന്നെ തുടരുകയാണ്.
വോൾഫ്ഗാങ് ബെർഗ്താലറുടെ കുറിപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ നിരീക്ഷണങ്ങളോട് യോജിച്ചപ്പോൾ, പ്രധാന നഗരങ്ങളെ മാത്രം അടിസ്ഥാനമാക്കി ഇന്ത്യയെ വിലയിരുത്തരുതെന്ന് മറ്റുചിലർ പ്രതികരിച്ചു. ഇന്ത്യയിലെ അടിസ്ഥാനസൗകര്യം, സാങ്കേതികവിദ്യ, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ പുരോഗതി കാണാതെ ചിത്രം നെഗറ്റീവായി അവതരിപ്പിക്കുകയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.